Connect with us

Articles

ഉത്തേജകം അഥവാ മുഖം മിനുക്കല്‍

Published

|

Last Updated

പൊതുമേഖലാ ബേങ്കുകളുടെ ലയനം, കുത്തക കമ്പനികള്‍ക്ക് 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവ്, മുടങ്ങിക്കിടക്കുന്ന ഭവന പദ്ധതികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ 25,000 കോടി രൂപയുടെ നിധി എന്ന് തുടങ്ങി പലവിധ സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ക്ക് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്നു 103 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇത്രയും കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുകയും അതുവഴി അഞ്ച് ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി മാറുക എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം പ്രാപിക്കുകയുമാണ് ഉദ്ദേശ്യം.

പൗരത്വ നിയമ ഭേദഗതിയിലും ദേശീയ ജനസംഖ്യാ പട്ടികയായി തുടങ്ങി ദേശീയ പൗരത്വ പട്ടികയായി മാറുന്ന കണക്കെടുപ്പിന് തുടക്കമിടുന്നതിലും രാജ്യത്താകെ പ്രതിഷേധം പടരുകയും ആ പ്രതിഷേധത്തെ മറയാക്കി വര്‍ഗീയ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിന് സംഘ്പരിവാരം ശ്രമിക്കുകയും ചെയ്യുന്നതിനിടെയാണ് ലക്ഷം കോടികളുടെ പദ്ധതി ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് സഞ്ചരിക്കാന്‍ തുടങ്ങുകയും ഏതാണ്ടെല്ലാ മേഖലകളിലും അതിന്റെ ആഘാതം ദൃശ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയത്. ഇതിനകം പ്രഖ്യാപിച്ചവയൊന്നും കമ്പോളത്തെ ഊര്‍ജസ്വലമാക്കുകയോ വളര്‍ച്ചാ വേഗം തിരികെപ്പിടിക്കാന്‍ സഹായിക്കുകയോ ചെയ്തിട്ടില്ല. വിപണിയില്‍ പണമെത്താതെ കമ്പോളത്തെ ഉത്തേജിപ്പിക്കാനാകില്ല. കമ്പോളം ഉത്തേജിതമായാല്‍ മാത്രമേ ഉത്പാദനം കൂട്ടാന്‍ കമ്പനികള്‍ക്ക് സാധിക്കൂ. അപ്പോള്‍ മാത്രമേ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടൂ. അങ്ങനെ നോക്കുമ്പോള്‍ അഞ്ച് വര്‍ഷത്തിനിടെ 103 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളെന്നത് സാമ്പത്തിക മാന്ദ്യം മറികടക്കാനായി ഇതിനകം പ്രഖ്യാപിച്ചവയില്‍ മെച്ചപ്പെട്ടത് എന്ന് പറയാം. പുതിയ തൊഴിലവസരങ്ങളുടെ സൃഷ്ടി, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, സമ്പാദ്യങ്ങളുടെ തോത് കൂട്ടല്‍ തുടങ്ങിയവക്കൊക്കെ സഹായകരമാകാന്‍ ഈ പദ്ധതി സഹായിച്ചേക്കും. സ്റ്റീല്‍, സിമന്റ് തുടങ്ങി പല പാദങ്ങളിലായി വളര്‍ച്ച താഴേക്കായ മേഖലകളില്‍ ഉണര്‍വ് പകരാനും വഴിവെച്ചേക്കും.

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ദൗത്യ സംഘത്തിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേന്ദ്ര ധനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ദൗത്യ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുമ്പോഴാണ് അര്‍ധ സത്യങ്ങളോ അവാസ്തവങ്ങളോ പ്രചരിപ്പിച്ച് ജനത്തെ തെറ്റിദ്ധരിപ്പിക്കുക എന്ന സംഘ്പരിവാര്‍/നരേന്ദ്ര മോദി സര്‍ക്കാര്‍ അജന്‍ഡയില്‍ നിന്ന് വലിയ മാറ്റമൊന്നും ഇവിടെയുമില്ലെന്ന് മനസ്സിലാകുക. നിലവില്‍ തന്നെ നിര്‍വഹണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്ന പദ്ധതികളാണ് ഈ മെഗാ സ്‌കീമില്‍ ഉള്‍പ്പെടുത്തിയവയില്‍ അറുപത് ശതമാനവും. ആസൂത്രണ പ്രക്രിയ കഴിഞ്ഞ് നിര്‍വഹണ ഘട്ടത്തിലേക്ക് കടക്കാനിരിക്കുന്നവ പത്ത് ശതമാനം വരും. ബാക്കി 30 ശമതാനം മാത്രമാണ് പുതുതായി ഉള്‍പ്പെടുത്തുന്നത്. 103 ലക്ഷം കോടി രൂപയില്‍ 13.6 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷം നടക്കേണ്ടതാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ കഷ്ടി മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെ 13.6 ലക്ഷം കോടിയില്‍ എത്ര ചെലവഴിക്കപ്പെട്ടുവെന്നതിന്റെ കണക്ക് വേറെ പരിശോധിക്കണം.

13.6 ലക്ഷം കോടി രൂപ കിഴിച്ചാല്‍ ഇനിയങ്ങോട്ട് പ്രതിവര്‍ഷം ചെലവിടുക 22.35 ലക്ഷം കോടി രൂപ വീതമാണ്. ഇന്ത്യന്‍ യൂനിയനെ സംബന്ധിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു വര്‍ഷം പ്രത്യേകമായി 22.35 ലക്ഷം കോടി രൂപ നീക്കിവെക്കുക എന്നത് അത്ര വലിയ കാര്യമായി കാണാനാകില്ല. ഇതുവരെ പ്രഖ്യാപിച്ച ഉത്തേജകങ്ങളില്‍ മെച്ചപ്പെട്ടത് എന്ന് പറയുമ്പോഴും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള ഒന്നായി ഇത് മാറുകയില്ലെന്ന് ചുരുക്കം. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലുണ്ടായ ഗുരുതരമായ മുരടിപ്പാണ് മാന്ദ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നത്. അത് മറികടക്കാന്‍ പാകത്തിലുള്ള യാതൊന്നും ഇതുവരെ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളിലുണ്ടായിരുന്നില്ല. ഇവിടെയും സ്ഥിതി ഭിന്നമല്ല. ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം കൃഷിയാണ്. 103 ലക്ഷം കോടിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട പദ്ധതികളുടെ ആശയങ്ങള്‍ ഇനിയും രൂപപ്പെട്ടിട്ടില്ല. പദ്ധതികള്‍ രൂപവത്കരിച്ച് നടപ്പാക്കി വരുമ്പോഴേക്കും, നടപ്പു രീതിയനുസരിച്ച്, ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലുമാകും. അപ്പോഴേക്കും പ്രതിസന്ധിയുടെ പുതിയ ആഴങ്ങളിലേക്ക് ഗ്രാമീണ സമ്പദ് വ്യവസ്ഥ പതിച്ചിട്ടുമുണ്ടാകും.

103 ലക്ഷം കോടി രൂപയെന്ന് ധനമന്ത്രി പ്രഖ്യാപിക്കുമ്പോള്‍ അത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിക്ഷേപമല്ല. 39 ശതമാനമേ കേന്ദ്ര ഖജനാവില്‍ നിന്നുണ്ടാകൂ. 39 ശതമാനം സംസ്ഥാനങ്ങളും മുടക്കണം. ബാക്കി 22 ശതമാനം സ്വകാര്യ മേഖലയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നിക്ഷേപമാണ്. സംസ്ഥാന സര്‍ക്കാറുകളുടെ തുല്യ പങ്കാളിത്തം ആവശ്യമുള്ള പദ്ധതിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്ത് മേനി നടിക്കാന്‍ ശ്രമിക്കുക കൂടിയാണ് ധനമന്ത്രിയും നരേന്ദ്ര മോദി സര്‍ക്കാറും. പണം കണ്ടെത്തുക എന്നത് കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അത്ര എളുപ്പമല്ലെന്ന വസ്തുതയും മുന്നിലുണ്ട്. സാമ്പത്തിക വര്‍ഷം പകുതിയാകുമ്പോഴേക്കും, അനുവദിക്കപ്പെട്ട ധനക്കമ്മിയുടെ പരിധി കടന്ന് പോകുന്നതാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ കേന്ദ്ര സര്‍ക്കാറിന്റെ പതിവ്. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ കരുതല്‍ ശേഖരമായി സൂക്ഷിച്ചതില്‍ 1.76 ലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിലേക്ക് എടുത്തതിന് ശേഷവും ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് സാധിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാറുകളുടെ സ്ഥിതി കൂടുതല്‍ ദയനീയമാണ്. ജി എസ് ടി നടപ്പാക്കിയതോടെ വിഭവ സമാഹരണത്തിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് ഏതാണ്ടില്ലാതായി. വിപണിയിലെ മാന്ദ്യത്തോടെ നികുതി വരുമാനം കുറഞ്ഞത് കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. അനുവദിക്കപ്പെട്ട ധനക്കമ്മിയുടെ പരിധി കടന്ന് അധികം പോകാതിരിക്കാനായി വികസന പദ്ധതികള്‍ക്കുള്ള ചെലവ് നിയന്ത്രിക്കുകയാണ് സംസ്ഥാനങ്ങളെന്ന് എഴുതി വെച്ചിരിക്കുന്നത് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ തന്നെയാണ്. അവ്വിധമുള്ള സംസ്ഥാന സര്‍ക്കാറുകള്‍ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള 103 ലക്ഷം കോടിയുടെ പദ്ധതിയിലെ തങ്ങളുടെ വിഹിതം എങ്ങനെ കണ്ടെത്തുമെന്നത് കണ്ടറിയണം.

22 ശതമാനം തുക വരേണ്ടത് സ്വകാര്യ പങ്കാളികളില്‍ നിന്നാണ്. നിക്ഷേപം നടത്താന്‍ തയ്യാറായെത്തുന്ന സ്വകാര്യ കമ്പനികള്‍ ലാഭം ലക്ഷ്യമാക്കുമെന്നതില്‍ തര്‍ക്കം വേണ്ട. ടോളായോ യൂസര്‍ ഫീസായോ ഒക്കെ അവരത് ഈടാക്കുകയും ചെയ്യും. ഫലത്തില്‍ രാജ്യത്തെ സാധാരണക്കാരനാകും കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പുറമെയുള്ള മൂന്നാമത്തെ നിക്ഷേപകന്‍.

അതങ്ങനെയാണെങ്കിലും തുടക്കത്തില്‍ മുതല്‍ മുടക്ക് സ്വകാര്യ പങ്കാളിക്ക് തന്നെയാണ്. പല കാരണങ്ങളാല്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തില്‍, സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപകനാകാന്‍ എത്ര സ്വകാര്യ കമ്പനികള്‍ തയ്യാറാകുമെന്ന ചോദ്യം പ്രധാനമാണ്. ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ആശയ വിനിമയ സംവിധാനങ്ങളൊക്കെ വിച്ഛേദിക്കാന്‍ മടിക്കാത്ത ഭരണകൂടത്തെ നിക്ഷേപകര്‍ സംശയത്തോടെ മാത്രമേ കാണൂ. ആള്‍ക്കൂട്ട ആക്രമണങ്ങളും അസഹിഷ്ണുതയും രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്ന ഭയത്തിന്റെ അന്തരീക്ഷം നിക്ഷേപകരെക്കൂടി ബാധിച്ചിട്ടുണ്ടെന്നാണ് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ് അടുത്തിടെ പറഞ്ഞത്. ഇതിന് പുറമെയാണ് രാജ്യത്തെ മതാടിസ്ഥാനത്തില്‍ വീണ്ടും ഭിന്നിപ്പിക്കുക എന്ന ഉദ്ദേശ്യത്തില്‍ നിയമ നിര്‍മാണങ്ങളുണ്ടാകുന്നത്, പൗരത്വ പട്ടികയുടെ നടപ്പാക്കലിലേക്ക് ഭരണകൂടം ചരിക്കുന്നത്. അത്തരമൊരു അവസ്ഥയില്‍ സ്വകാര്യ നിക്ഷേപത്തിന്റെ സ്വതന്ത്രമായ ഒഴുക്കുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
സാമ്പത്തിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ഭരണകൂടം, സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചും വ്യാമോഹിപ്പിച്ചുമാണ് അധികാരത്തുടര്‍ച്ചക്ക് ശ്രമിക്കുക. 2019ലെ പൊതു തിരഞ്ഞെടുപ്പ് കാലത്ത് രാജ്യം കണ്ടത് അതായിരുന്നു. അതിന്റെ തുടര്‍ച്ച പല തലങ്ങളില്‍ അരങ്ങേറുമ്പോള്‍ ധനമന്ത്രാലയവും തങ്ങളുടെ പങ്ക് നിറവേറ്റുകയാണ്. അതിന്റെ മറ്റൊരു മുഖം മാത്രമാണ് 103 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപനവും അഞ്ച് ലക്ഷം കോടി ഡോളര്‍ വലിപ്പമുള്ള സമ്പദ് വ്യവസ്ഥയിലേക്ക് മുന്നേറാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന അവകാശവാദവും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest