Connect with us

International

ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Published

|

Last Updated

സിഡ്നി | ആസ്‌ത്രേലിയന്‍ പ്രധാന മന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിത്സിലും വിക്ടോറിയയിലും കാട്ടുതീ പടര്‍ന്നുപിടിച്ച് വന്‍ ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണിത്. ജനുവരി 13 മുതല്‍ 16 വരെ നിശ്ചയിച്ചിരുന്ന സന്ദര്‍ശനമാണ് റദ്ദാക്കിയത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി ചര്‍ച്ചക്കു പുറമെ വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ഷിക പ്രഭാഷണ പരിപാടി, ഡല്‍ഹി, മുംബൈ, ബെംഗളൂരു സന്ദര്‍ശനം എന്നിവയായിരുന്നു മോറിസന്റെ പരിപാടിയില്‍ ഉള്‍പ്പെട്ടിരുന്നത്.

ആസ്ത്രേലിയയിലെ കാട്ടുതീയില്‍ ഇതിനോടകം ഇരുപതു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറോളം വീടുകളും 50 ലക്ഷം ഏക്കര്‍ സ്ഥലവും കത്തിയമര്‍ന്നു. ദുരന്തത്തെ തുടര്‍ന്ന് ന്യൂ സൗത്ത് വെയിത്സില്‍ ഏഴു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത ബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് പ്രദേശത്തു നിന്ന് പലായനം ചെയ്തത്. കൊടും ചൂടും ശക്തമായ കാറ്റും ശനിയാഴ്ചയോടെ വീണ്ടുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നില കൂടുതല്‍ വഷളായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Latest