Connect with us

National

പൗരത്വ ഭേദഗതി നിയമത്തില്‍ കൊച്ചിയില്‍ പ്രതിഷേധിച്ചു; നോര്‍വെ സ്വദേശിനി ഇന്ത്യ വിടണമെന്ന് ഉത്തരവ്

Published

|

Last Updated

കൊച്ചി | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത വിദേശ വനിതയോട് രാജ്യം വിടാന്‍ ഉത്തരവ്. കൊച്ചിയില്‍ തിങ്കളാഴ്ച നടന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെ ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത നോര്‍വെ സ്വദേശിനി യാന്‍ മേതെ യോഹാന്‍സണിനെ നാടുകടത്താനാണു നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. വിസ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് നടപടി. ടൂറിസ്റ്റ് വിസയിലെത്തിയ ഇവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് കാണിച്ചാണ് ഇന്ത്യവിടാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് രാത്രിയോടെ ഇവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും നോര്‍വേയിലേക്ക് തിരിക്കുമെന്നാണ് അറിയുന്നത്.

കൊച്ചിയിലെ പ്രതിഷേധത്തിന്റെയും അതില്‍ പങ്കെടുത്തതിന്റെയും ചിത്രങ്ങള്‍ യാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ലോംഗ് മാര്‍ച്ച് സംബന്ധിച്ച കുറിപ്പും ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് ഇവരെ കൊച്ചിയിലെ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് (എഫ്ആര്‍ആര്‍ഒ) അധികൃതര്‍ ചോദ്യം ചെയ്തു. ടൂറിസ്റ്റ് വീസയിലാണു യാന്‍ കേരളത്തിലെത്തിയത്. 21 മുതല്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലാണു യാന്‍ താമസിക്കുന്നത്. ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ യാനെയ്ക്കു മാര്‍ച്ച് വരെ വീസ കാലാവധിയുണ്ട്. 2014 മുതല്‍ യാന്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരേ ചെന്നൈയില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത ജര്‍മന്‍ സ്വദേശി ജേക്കബ് ലിന്‍ഡന്‍താലിലെ തിങ്കളാഴ്ച നാടുകടത്തിയിരുന്നു. മദ്രാസ് ഐഐടിയിലെ വിദ്യാര്‍ഥിയായ ജേക്കബ് ലിന്‍ഡന്‍താലിനെ ഒരു സെമസ്റ്റര്‍ ബാക്കിനില്‍ക്കെയാണു രാജ്യത്തുനിന്നു പുറത്താക്കിയത്.

Latest