ആകാശം മേഘാവൃതം; പ്രധാനമന്ത്രി കണ്ടത് കോഴിക്കോട്ടെ ഗ്രഹണം

Posted on: December 26, 2019 1:07 pm | Last updated: December 26, 2019 at 3:17 pm

ന്യൂഡല്‍ഹി | ആകാശം മേഘാവൃതമായതിനാല്‍ ഡല്‍ഹിയിലെ സൂര്യഗ്രഹണം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കാണാനായില്ല. പകരം കോഴിക്കോട്ടെ ഗ്രഹണത്തിന്റെ തത്സമയ ദൃശ്യം പ്രധാനമന്ത്രി കണ്ടു. ട്വിറ്ററിലാണ് തനിക്ക് ഗ്രഹണം നേരിട്ടു കാണാന്‍ സാധിക്കാത്തതിന്റെ ദുഖം പ്രധാനമന്ത്രി പങ്കുവെച്ചത്.

പല ഇന്ത്യക്കാരെയും പോലെ, സൂര്യഗ്രഹണം കാണാനുള്ള ആവേശത്തിലായിരുന്നു ഞാനും. നിര്‍ഭാഗ്യവശാല്‍, മേഘം മൂടിയത് കാരണം എനിക്ക് സൂര്യനെ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ കോഴിക്കോട്ടെയും രാജ്യത്തെ മറ്റു പല ഭാഗങ്ങളിലെയും ഗ്രഹണം തത്സമയ സ്ട്രീമിംഗിലൂടെ കാണാന്‍ സാധിച്ചു. വിദഗ്ധരുമായി സംസാരിച്ചതിലൂടെ ഇതുമായി ബന്ധപ്പെട്ട അറിവ് വര്‍ധിപ്പിക്കുവാനും സാധിച്ചു. – പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഇതോടൊപ്പം സോളാര്‍ കണ്ണടയണിഞ്ഞ് ഗ്രഹണം നോക്കുന്ന ചിത്രവും സ്‌ക്രീനില്‍ തത്സമയം ഗ്രഹണം കാണുന്ന ചിത്രവും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ട്.

ആകാശം മേഘാവൃതമായതിനാല്‍ ഡല്‍ഹിയില്‍ സൂര്യഗ്രഹണം പലര്‍ക്കും കാണാന്‍ സാധിച്ചില്ല. ഡല്‍ഹിയില്‍ രാവിലെ 8.17ന് ദൃശ്യമായി തുടങ്ങിയ ഗ്രഹണം 10.57 വരെ നീണ്ടു നിന്നു.