Connect with us

National

പ്രതിഷേധാഗ്നിക്ക് മുന്നില്‍ അമിത്ഷായും മുട്ട് മടക്കുന്നു; രാജ്യവ്യാപക എന്‍ആര്‍സി ഇല്ലെന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം അലയടിക്കുന്നതിനിടെ കേന്ദ്രം രാജ്യമൊട്ടുക്കും എന്‍ആര്‍സി നടപ്പാക്കുന്നതില്‍ നിന്ന് പിന്‍വാങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ, രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും രംഗത്ത് വന്നു. രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ ഒന്നും നടക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്നും അമിത്ഷാ പറഞ്ഞു. കേന്ദ്രമന്ത്രിസഭയോ പാര്‍ലിമെന്റോ ഇതുവരെ എന്‍ആര്‍സിയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

എന്‍ആര്‍സി രാജ്യവ്യാപകമായി നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2014 മുതല്‍ എന്‍ആര്‍സിയെക്കുറിച്ച് എവിടെയും ചര്‍ച്ച നടന്നിട്ടില്ലെന്ന് ഇന്ത്യയിലെ 130 കോടി പൗരന്മാരോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും സുപ്രീംകോടതിയുടെ ഉത്തരവിന് ശേഷം മാത്രമാണ് അസമില്‍ ഇത് നടപ്പാക്കിയതെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.

Latest