Connect with us

National

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ തൃണമൂല്‍ നേതാക്കളെ വിമാനത്താവളത്തില്‍ തടഞ്ഞു

Published

|

Last Updated

ലഖ്‌നോ |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശ് പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ ലഖ്‌നോ വിമാനത്താവളത്തില്‍ തടഞ്ഞു. മുന്‍ റെയില്‍വേമന്ത്രിയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ദിനേഷ് ത്രിവേദിയുടെ നേതൃത്വത്തിലുള്ള നാലംഗ തൃണമൂല്‍ സംഘത്തേയാണ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കാതെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. രാജ്യസഭാ എം പിമാരായ അബിര്‍ രഞ്ജന്‍ ബിശ്വാസ്, നദീമുല്‍ ഹഖ്, മുന്‍ ലോക്‌സഭാ അംഗം പ്രതിമ മണ്ഡല്‍ എന്നിവരായിരുന്നു ത്രിവേദിയുടെ സംഘത്തിലുണ്ടായിരുന്നത്. ഇന്ന് ഉച്ചക്ക് ശേഷമാണ് ഇവര്‍ ലഖ്‌നാ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്.

വിമാനത്തില്‍ നിന്ന് ഇറങ്ങിയ ഉടന്‍ പോലീസ് തങ്ങളെ വലയം ചെയ്തതായി നദീമുല്‍ ഹഖ് പറഞ്ഞു. വിമാനത്തില്‍ നിന്ന് ബസില്‍ കയറിയ ഉടന്‍ പോലീസ് ബസിനുള്ളിലെത്തി മറ്റ് യാത്രക്കാരേയെല്ലാം ഇറക്കി. തുടര്‍ന്ന് ബസ് വിമാനത്താവളത്തിന്റെ ഉള്ളില്‍ തന്നെ ഒരു ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റിയിടുകയായിരുന്നുവെന്നും നദീമുല്‍ ഹഖ് പറഞ്ഞു. പോലീസ് നടപടിക്കെതിരെ വിമാനത്താവളത്തില്‍ തങ്ങള്‍ ധര്‍ണയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ സംഭവം അറിഞ്ഞ് വിമാനത്താവളത്തിലെത്തിയ എസ് പി നേതാക്കളെ പോലീസ് തടഞ്ഞുവെച്ചതായാണ് വിവരം. എസ് പി എം എല്‍ എമാരായ നഫീസ് അഹമ്മദ്, അരവിന്ദ് സിംഗ് തുടങ്ങിയവരേയാണ് തൃണൂല്‍ നേതാക്കളെ കാണാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചിരിക്കുന്നത്.
ലഖ്‌നോവില്‍ ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. 144 ഏര്‍പ്പെടുത്തിയതിനാല്‍ തൃണമൂല്‍ നേതാക്കളെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ അനുവദിക്കില്ല. അവരെ അടുത്ത വിമാനത്തില്‍ ഡല്‍ഹിയിലേക്കോ, കൊല്‍ക്കത്തയിലേക്കോ കയറ്റി വിടുമെന്ന് ഉത്തര്‍പ്രദേശ് ഡി ജി പി. ഒ പി സിംഗ് പറഞ്ഞു.

Latest