Connect with us

Kerala

ഉയിര്‍ത്തെഴുന്നേല്‍ക്കാനാകാതെ ബ്ലാസ്‌റ്റേഴ്‌സ്; ചെന്നൈയിനോട് തോറ്റത് 3-1ന്

Published

|

Last Updated

ചെന്നൈ | ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ദയനീയ പ്രകടനം തുടരുന്നു. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ന് നടന്ന തങ്ങളുടെ ഒമ്പതാം മത്സരത്തില്‍ ചെന്നൈയ്ന്‍ എഫ് സിക്കെതിരേ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് അടിയറവു പറഞ്ഞത്.
കളി തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ചെന്നൈയിന്‍ ലീഡ് നേടി. ആന്ദ്രെ ചെമ്പ്രിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വല ചലിപ്പിച്ചത് (1-0). അധികം വൈകാതെ 14-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ഓഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിനു വേണ്ടി സ്‌കോര്‍ ചെയ്ത് സമനില പിടിച്ചു (1-1).

25-ാം മിനുട്ടില്‍ ഫ്രീകിക്കില്‍ നിന്ന് ചെന്നൈയിന്‍ ഗോള്‍ നേടിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിഷേധത്തെ തുടര്‍ന്ന് റഫറി ഗോള്‍ അനുവദിച്ചില്ല. തെറ്റായാണ് ഫ്രീകിക്ക് അനുവദിച്ചതെന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആരോപണം റഫറി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സമനില ഭേദിച്ച് മുപ്പതാം മിനുട്ടില്‍ ലാലിയന്‍സുവാല ചാങ്തെ ചെന്നൈയിനിനെ മുന്നിലെത്തിച്ചു (2-1). 10 മിനുട്ടിനു ശേഷം വാല്‍സ്‌കിസ് (40) ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി (3-1). രണ്ടാം പകുതി മുഴുവനുണ്ടായിട്ടും തിരിച്ചുവരാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞില്ല.

ആദ്യ മത്സരത്തില്‍ എ ടി കെയോട് ജയിച്ചതിനു ശേഷം പിന്നീടു നടന്ന ഒരു മത്സരത്തിലും വിജയം നേടാന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടില്ല. ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും മൂന്ന് സമനിലയും മൂന്ന് തോല്‍വിയും സഹിതം ഒമ്പത് പോയിന്റോടെ ചെന്നൈയിന്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും നാല് തോല്‍വിയും നാല് സമനിലയുമായി ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്. ഏഴ് പോയിന്റ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം.