Connect with us

Editorial

ഭരണകൂട ഭീകരതക്ക് മറയിടാന്‍ ഇന്റര്‍നെറ്റ് വിച്ഛേദം

Published

|

Last Updated

പോലീസ്, സൈനിക വിന്യാസവും നിരോധനാജ്ഞ ഏര്‍പ്പെടുത്തലുമൊക്കെയാണ് പ്രക്ഷോഭങ്ങളെ നിയന്ത്രിക്കാനും കലാപങ്ങള്‍ പടരാതിരിക്കാനും ഭരണകൂടങ്ങള്‍ അടുത്ത കാലം വരെ സ്വീകരിച്ചിരുന്ന വഴികള്‍. ഡിജിറ്റല്‍ യുഗം പിറന്നതോടെ ഇന്റര്‍നെറ്റ് നിരോധനവും ഇതിനൊരു മാര്‍ഗമായി സ്വീകരിച്ചു വരികയാണ്. കശ്മീരിലെ ഭരണകൂട ഭീകരതക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമ്പോഴെല്ലാം സര്‍ക്കാര്‍ ഇന്റര്‍നെറ്റിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. 370ാം വകുപ്പ് റദ്ദാക്കുക വഴി കശ്മീരിനുള്ള പ്രത്യേകാവകാശങ്ങള്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഉയര്‍ന്നുവന്ന ജനകീയ പ്രതിരോധത്തെ നേരിടാന്‍ സര്‍ക്കാര്‍ ആഴ്ചകളോളം ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയുണ്ടായി. ഇപ്പോഴും അത് പൂര്‍ണമായും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ദേശീയ പൗരത്വ ഭേദഗതിയെ തുടര്‍ന്ന് ഉയര്‍ന്ന പ്രക്ഷോഭത്തെ നിയന്ത്രിക്കാന്‍ അസം, ബംഗാള്‍, നാഗാലാന്‍ഡ് തുടങ്ങി പലയിടങ്ങളിലും ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തി. ഭീകരതയും പ്രതിഷേധവും തടയാനെന്ന പേരില്‍ 2014നു ശേഷം ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന പ്രവണത രാജ്യത്ത് അടിക്കടി വര്‍ധിച്ചു വരികയാണെന്നും 2019ല്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നുമാണ് ഇന്ത്യാ ടുഡേ കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍വേ വിവരങ്ങള്‍ കാണിക്കുന്നത്. 2014ല്‍ ഇന്ത്യയില്‍ ആറ് തവണയാണ് ഇന്റര്‍നെറ്റ് നിയന്ത്രണം നടപ്പാക്കിയത്. 2015ല്‍ ഇത് 14 തവണയായി വര്‍ധിച്ചു. 2016ല്‍ ഇത് നേരെ ഇരട്ടിയായി; 31 തവണ നിയന്ത്രണം വന്നു. 2017ല്‍ 79 തവണയായി. 2018 ല്‍ 134 ആയി നിയന്ത്രണത്തിന്റെ എണ്ണം. 2019ന്റെ പകുതി പിന്നിട്ടപ്പോള്‍ തന്നെ 80 തവണ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി. ഈ ആറ് മാസക്കാലം ലോകത്തുടനീളം നടന്ന ഇന്റര്‍നെറ്റ് നിരോധനം 120 ആണ്. ഇതില്‍ 67 ശതമാനവും ഇന്ത്യയിലാണെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നിരോധനത്തിന്റെ പ്രയാസങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് കശ്മീരികളാണ്. അവിടെ ഏറ്റവും കൂടുതല്‍ തവണ ഇന്റര്‍നെറ്റ് നിരോധനം വന്നത് സൈന്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തട്ടിയാണ്. കശ്മീര്‍ കഴിഞ്ഞാല്‍ രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ നിരോധനമുണ്ടായത്. അവിടെ ബി ജെ പി ഭരണത്തില്‍ 2017 ആഗസ്റ്റിനും 2018 മെയ്ക്കുമിടയില്‍ 40 തവണയാണ് ഇന്റര്‍നെറ്റ് വിലക്കിയതെന്നു വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകള്‍ വെളിപ്പെടുത്തുന്നു. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി ജെ പിയുടെ കക്ഷിരാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനായിരുന്നു ഇതെന്നാണ് പറയപ്പെടുന്നത്. ഒരു സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിലക്കാന്‍ നിരവധി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ടെലികോം അധികൃതരുമായുള്ള ഏറെ ചര്‍ച്ചകള്‍ക്കു ശേഷമാണ് ബന്ധം വിച്ഛേദിക്കാറുള്ളത്. എന്നാല്‍ രാജസ്ഥാനില്‍ ഒരു ചര്‍ച്ചയും നടക്കാതെയാണ് മിക്കപ്പോഴും വിലക്കേര്‍പ്പെടുത്തിയത്.

ഇന്റര്‍നെറ്റിന്റെ ഉപയോഗം ഇന്ന് വ്യാപകമാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാമൂഹിക മാധ്യമങ്ങളും സ്മാര്‍ട്ട് ഫോണുകളും നഗര-ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇരുതല മൂര്‍ച്ചയുള്ള ആയുധമാണ് സാമൂഹിക മാധ്യമങ്ങള്‍. സമൂഹത്തിന് പലപ്പോഴും അതേറെ ഉപകാരപ്പെടാറുണ്ട്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക വഴി സമൂഹത്തില്‍ ഛിദ്രതയും കലാപവും സൃഷ്ടിക്കാനും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കലാപം നിയന്ത്രിക്കാനും പടരാതിരിക്കാനും ഇന്റര്‍നെറ്റ് സേവനം വിലക്കേണ്ടി വന്നേക്കാം. അതാവശ്യവുമാണ്. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇതിനിടെ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന ഹരജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, ഭരണകൂടങ്ങളുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ക്കു വേണ്ടി, ജനവിരുദ്ധ നയങ്ങളും ഭരണകൂട ഭീകരതയും മറച്ചുപിടിക്കാനായി ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തുന്നത് ജനവിരുദ്ധമാണ്.

ഭരണതലത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ വിവരമുണ്ടെങ്കിലേ ജനാധിപത്യം അര്‍ഥവത്താകുകയുള്ളൂ. ദേശസുരക്ഷയുമായി ബന്ധപ്പെട്ടതല്ലാത്ത, ജനങ്ങളാഗ്രഹിക്കുന്ന വിവരങ്ങളെല്ലാം അവര്‍ക്ക് ലഭ്യമാകാനുള്ള അവസരങ്ങളുണ്ടാകണം. പട്ടാള, ഏകാധിപത്യ ഭരണത്തിലെന്ന പോലെ ഭരണാധികാരികള്‍ ആഗ്രഹിക്കുന്ന വിവരങ്ങള്‍ ജനങ്ങളിലെത്തിയാല്‍ പോരാ. ഇതിനു മാധ്യമ സ്വാതന്ത്ര്യവും അതിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഇന്റര്‍നെറ്റ് സംവിധാനങ്ങളും മുടക്കമില്ലാതെ ലഭ്യമാകേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗം മൗലികാവകാശത്തിന്റെ ഭാഗമാണെന്നു കോടതികള്‍ പലപ്പോഴും വ്യക്തമാക്കിയത് ഈ പശ്ചാത്തലത്തിലാണ്. അടുത്തിടെ കോഴിക്കോട് ശ്രീനാരായണ കോളജില്‍ പെണ്‍കുട്ടികള്‍ക്ക് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ വാദം കേള്‍ക്കെ കേരള ഹൈക്കോടതി ഇക്കാര്യം ഊന്നിപ്പറയുകയുണ്ടായി. രാജ്യത്ത് പലപ്പോഴും ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുന്നത് അതിന്റെ ദുരുപയോഗത്തിന്റെ പേരിലല്ല, മറിച്ചു ഭരണകൂട ഭീകരത മറച്ചു പിടിക്കാനാണ്. കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തുകളഞ്ഞതിനു പിന്നാലെ അവിടെ രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, കശ്മീര്‍ പൊതുവെ ശാന്തമാണെന്നും ദുര്‍ബലവും ഒറ്റപ്പെട്ടതുമായ പ്രതിഷേധങ്ങള്‍ മാത്രമേ അരങ്ങേറുന്നുള്ളൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അടിക്കടി പ്രസ്താവിച്ചു കൊണ്ടിരിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ പ്രതിഷേധാഗ്നി ആളിക്കത്തുകയായിരുന്നു അവിടം. സൈനിക വ്യൂഹത്തെ ഭയക്കാതെ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധ റാലികളാണ് അവിടെ അരങ്ങേറിയത്. ഇക്കാര്യം ന്യൂയോര്‍ക്ക് ടൈംസ്, ബി ബി സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിച്ചത്തു കൊണ്ടുവരികയും ചെയ്തു. ഇവ്വിധം ഭരണസംബന്ധമായി രാജ്യത്ത് നടക്കുന്ന യഥാര്‍ഥ വസ്തുതകള്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കാനുള്ള മാധ്യമ, ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ തീര്‍ത്തും ജനാധിപത്യവിരുദ്ധമാണ്.

---- facebook comment plugin here -----

Latest