Connect with us

National

പ്രതിഷേധാഗ്നിയില്‍ എരിഞ്ഞ് രാജ്യം; പൗരത്വ നിയമത്തിനെതിരെ ഒറ്റക്കെട്ട്

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭം രാജ്യത്ത് ഭരണകൂട ഭീകരതക്കെതിരായ ചുഴലിക്കൊടുങ്കാറ്റായി വളരുന്നു. ഭരണകൂടം തീര്‍ക്കുന്ന അതിര്‍ത്തികളും നിരോധനാജ്ഞകളും ലംഘിച്ച് രാജ്യത്തിന്റെ നഗര, ഗ്രാമ വിത്യാസമില്ലാതെ ആയിരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. ഭരണഘടനയുടെ ആമുഖം ഉറക്കെ വിളിച്ച് പറഞ്ഞും, ദേശീയ പതാകയും രാഷ്ട്രപിതാവ് ഗാന്ധിജിയുടേയും ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്ക്കറുടേയും ചിത്രങ്ങങ്ങളുമേന്തിയാണ് പ്രതിഷേധങ്ങള്‍.

ഡല്‍ഹി, മുംബൈ, ബെംഗളൂരു, ലക്‌നോ തുടങ്ങിയ നഗരങ്ങളിലുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ വലിയ സംഘര്‍ഷങ്ങളാണ് ഉണ്ടായത്. നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായി. നേതാക്കളേയും നൂറ്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റിലായി. ഡല്‍ഹിയില്‍ മാത്രം ഇന്ന് 1200 ഓളം പേര്‍ അറസ്റ്റിലായാതാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ മാര്‍ഗങ്ങള്‍ പലയിടത്തും വിച്ഛേദിക്കപ്പെട്ടു. നിരോധനാജ്ഞ ലംഘിച്ച് ആസാദി മുദ്രാവാക്യവുമായി ഡല്‍ഹിയില്‍ വിദ്യര്‍ഥികള്‍ രാത്രിയിലും പ്രതിഷേധിക്കുകയാണ്.

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണ് മോദി സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത്. വിദ്യാര്‍ഥികള്‍ തുടങ്ങിവെച്ച പ്രതിഷേധം രാജ്യത്ത് ക്രമാതീതമായി വളര്‍ന്നതോടെ ഭാവി നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വൈകിട്ട് യോഗം നടക്കുകയാണ്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ബെല്ല തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ന് ഡല്‍ഹിയിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടെ ചരിത്രകാരന്‍
രാമചന്ദ്ര ഗുഹ, സി പി എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സി പി ഐ നേതാവ് ഡി രാജ, യാഗേന്ദ്ര യാദവ് തുടങ്ങിയവര്‍ അറസ്റ്റിലായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളം, തമിഴ്‌നാട് അടക്കമുള്ള സ്ഥലങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. ലഖ്‌നൗവില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായത്.

Latest