രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കണം: പൗരസഭ

Posted on: December 19, 2019 1:44 pm | Last updated: December 19, 2019 at 2:32 pm
ഐ സി എഫ് അബൂദബി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പൗരസഭ ലോക കേരള സഭ അംഗം ബീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

അബൂദബി | മതേതര രാജ്യത്ത് മതം നോക്കി പൗരത്വം എന്ന ശീര്‍ഷകത്തില്‍ അബൂദബി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐ സി എഫ് ജി സി സി തലത്തില്‍ പൗരസഭ സംഘടിപ്പിച്ചു. പൗരത്വ ഭേദഗതിയും എന്‍ ആര്‍ സിയും വഴി ഇന്ത്യ രാജ്യത്തെ വിഭജിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കണമെന്ന് പൗരസഭ ആവശ്യപ്പെട്ടു. ഐ സി എഫ് അബൂദബി സെന്‍ട്രല്‍ പ്രസിഡന്റ് ഹംസ അഹ്സനിയുടെ അധ്യക്ഷതയില്‍ നടന്ന പൗരസഭ ലോക കേരള സഭാംഗം ബീരാന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസാക്കിയ പൗരത്വ ഭേദഗതി ബില്ലും (സി എ എ) രാജ്യത്താകെ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച ദേശീയ പൗരത്വ രജിസ്റ്ററും (എന്‍ ആര്‍ സി) രാജ്യത്തിന്റെ ഭരണഘടന ഉറപ്പുനല്‍കിയ തുല്യത നിഷേധിക്കുന്നതും രാജ്യത്തെ വംശീയമായി വിഭജിക്കുന്നതുമാണ്. മത-ജാതി പരിഗണനകള്‍ക്ക് അതീതമായ ഭരണഘടന നിര്‍വചിച്ച ഇന്ത്യന്‍ പൗരത്വം മുസ്ലികള്‍ക്ക് നിഷേധിക്കുക എന്ന ആര്‍ എസ് എസ് പദ്ധതിയാണ് പൗരത്വ ബില്ലിന് പിന്നിലുള്ളതെന്ന് ബീരാന്‍ കുട്ടി വ്യക്തമാക്കി.

രാജ്യത്ത് ജനിച്ച് ജീവിക്കുന്ന ജനങ്ങളുടെ പൗരത്വം ഇല്ലാതാക്കി അവരെ രാജ്യമില്ലാത്ത ജനതയാക്കുക എന്ന ലക്ഷ്യം വെച്ചാണ് എന്‍ ആര്‍ സി തയ്യാറാക്കുന്നത്. രാജ്യത്തെ വിഭജിക്കുന്ന ഈ നിയമങ്ങള്‍ക്കെതിരെ ശക്തമായ ജനാധിപത്യ ജനകീയ പ്രതിരോധം കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്. രാഷ്ട്രീയ-സാമൂഹിക-മത-സാംസ്‌കാരിക പ്രസ്ഥാനങ്ങളും പൗരാവകാശ പ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് സംഘ്പരിവാര്‍ സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും രാജ്യവിരുദ്ധവുമായ നിലപാടുകളെ ചെറുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ മീഡിയ അബൂദബി പ്രസിഡന്റ് റാശിദ് പൂമാടം, ഗാന്ധി സാഹിത്യ വേദി പ്രസിഡന്റ് വി ടി വി ദാമോദരന്‍, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, ഐ സി എഫ് ജി സി സി സെക്രട്ടറി ഹമീദ് ഈശ്വരമംഗലം, ഐ സി എഫ് ദേശീയ ജനറല്‍ സെക്രട്ടറി ഹമീദ് പരപ്പ, ഇസ്ലാമിക് സെന്റര്‍ സെക്രട്ടറി എം പി റഷീദ്, കെ എം സി സി വൈസ് പ്രസിഡന്റ് അസീസ് കാളിയാടന്‍, ഐ എസ് സി മുന്‍ സെക്രട്ടറി സലാം പയ്യന്നൂര്‍, മുഹമ്മദ് സഖാഫി ചേലക്കര, ഹമീദ് സഖാഫി പുല്ലാര, ഇബ്രാഹിം സഅദി, സുഹൈര്‍ നൂറാനി വെസ്റ്റ് ബംഗാള്‍, സലാം മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍ പ്രസംഗിച്ചു.