Connect with us

Editorial

മാതാപിതാക്കളുടെ സംരക്ഷണ ബാധ്യത മരുമക്കളിലും

Published

|

Last Updated

വലിയൊരു സാമൂഹിക പ്രശ്നമാണിന്നു വയോജന പ്രായമായ മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കില്‍ മക്കള്‍ മാത്രമല്ല, ഇനി മുതല്‍ മരുമക്കളും കുടുങ്ങും. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ ബാധ്യതയില്‍ മരുമക്കളെ കൂടി ഉള്‍പ്പെടുത്തി 2007ലെ വയോജന സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന കരടു ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. 2007ലെ നിയമം മക്കള്‍ക്കും മക്കളുടെ മക്കള്‍ക്കും മാത്രമേ സംരക്ഷണ ചുമതല നല്‍കിയിരുന്നുള്ളൂ.

ഇപ്പോള്‍ പ്രസ്തുത നിയമത്തിലെ “പരിചരണം നല്‍കാന്‍ ബാധ്യസ്ഥരായ ആളുകള്‍” എന്ന നിര്‍വചനത്തില്‍ മരുമക്കള്‍, ദത്തെടുത്ത മക്കള്‍, രണ്ടാം ബന്ധത്തിലെ മക്കള്‍ എന്നിവരെ കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിയമം ലംഘിക്കുന്നവര്‍ കുറഞ്ഞത് 5,000 രൂപ പിഴയൊടുക്കുകയോ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയോ വേണം. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് ഈടാക്കാവുന്ന പരമാവധി നഷ്ടപരിഹാരത്തുക 10,000 രൂപ എന്നത് ഭേദഗതിയില്‍ എടുത്തുകളഞ്ഞു. കൂടുതല്‍ വരുമാനമുള്ളവര്‍ കൂടുതല്‍ തുക നല്‍കണമെന്ന നിര്‍ദേശവും വെച്ചിട്ടുണ്ട്.
എണ്‍പതിനു മുകളില്‍ വരുന്ന പ്രായക്കാരാണ് മക്കള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതി നല്‍കുന്നതെങ്കില്‍ പ്രസ്തുത അപേക്ഷക്ക് മുന്‍ഗണന നല്‍കും. അഗതി മന്ദിരങ്ങളിലും വീടുകളിലുമെത്തി വയോജനങ്ങള്‍ക്ക് ആവശ്യമായ ശുശ്രൂഷ നല്‍കുന്ന സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭേദഗതി ബില്ലില്‍ പറയുന്നു.

ഇത്തരം കേന്ദ്രങ്ങള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും ഭേദഗതി ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയോ ജില്ലാ തലത്തില്‍ പ്രത്യേക പോലീസ് യൂനിറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്യണം. മക്കളോ മരുമക്കളോ വൃദ്ധരായവരെ സംരക്ഷിക്കുന്നില്ലെങ്കില്‍ വയോജനങ്ങള്‍ക്ക് ട്രിബ്യൂണലിനെ സമീപിക്കാമെന്നും ഭേദഗതിയില്‍ പറയുന്നു. ഭേദഗതി ബില്‍ പാര്‍ലിമെന്റില്‍ വൈകാതെ അവതരിപ്പിക്കും.
വലിയൊരു സാമൂഹിക പ്രശ്നമാണിന്നു വയോജന സംരക്ഷണം. മുതിര്‍ന്നവരെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഏറെ പ്രാധാന്യം നല്‍കിയിരുന്ന കൂട്ടുകുടുംബ വ്യവസ്ഥ അണുകുടുംബത്തിനു വഴിമാറിക്കൊടുത്തതുള്‍പ്പെടെ കുടുംബ, സാമൂഹിക ബന്ധങ്ങളില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് ജീവിത സായാഹ്നത്തില്‍ പീഡനങ്ങള്‍ക്കും ഒറ്റപ്പെടുത്തലുകള്‍ക്കും വിധേയമായിക്കൊണ്ടിരിക്കയാണിന്ന് മുതിര്‍ന്ന പൗരന്മാര്‍. സ്വന്തം വീട്ടില്‍ പോലും അന്യരെ പോലെ കഴിയുന്നവര്‍ നിരവധിയാണ്. സ്വന്തം യൗവനം മുഴുവന്‍ സന്താനങ്ങളുടെ നല്ല ഭാവിക്കുവേണ്ടി സമര്‍പ്പിച്ചവര്‍ ആരോഗ്യം നശിച്ച വാര്‍ധക്യാവസ്ഥയില്‍ ഉപേക്ഷിക്കപ്പെടുന്ന സംഭവങ്ങള്‍ ഒട്ടനവധി. തീര്‍ഥാടനത്തിനെന്നും ചികിത്സക്കെന്നും തെറ്റിദ്ധരിപ്പിച്ചു മാതാപിതാക്കളെ കൊണ്ടുപോയി അമ്പലമുറ്റത്തും വൃദ്ധസദനങ്ങളിലും തള്ളുന്ന മക്കള്‍ നമ്മുടെ ചുറ്റുവട്ടത്തില്‍ തന്നെയുണ്ട്. തിരക്കു പിടിച്ച ആധുനിക ലോകത്ത് മുതിര്‍ന്ന മാതാപിതാക്കള്‍ ഭാരമായി മാറുകയാണ് മക്കള്‍ക്കും മരുമക്കള്‍ക്കും. ഇതാണ് രാജ്യത്തിന്റെ ഒരോ മുക്കിലും മൂലയിലും വരെ വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു വരുന്നതിന്റെ പശ്ചാത്തലം. ഇതിനിടെ സംസ്ഥാനത്തെ ഒരു വൃദ്ധസദനത്തില്‍ മരണപ്പെട്ട മാതാവിന്റെ മൃതദേഹം ഒരു നോക്കു കാണാന്‍ പോലും ജോലിത്തിരക്ക് കാരണം സമയമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറിയ വിദ്യാസമ്പന്നരായ മക്കളുടെ കഥ മാധ്യമങ്ങളില്‍ വന്നതാണ്.

മാതാപിതാക്കളുടെ സംരക്ഷണ ചുമതലയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ യുവതലമുറയില്‍ കൂടുതലുമെന്നാണ് ഇതിനിടെ “ഹെല്‍പ് ഇന്ത്യ” നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്. മരുമക്കളില്‍ 45 ശതമാനത്തോളം പേര്‍ ഭര്‍ത്താവിന്റെ മാതാപിതാക്കളെ വെറുക്കുന്നവരാണെന്നും പഠനം കാണിക്കുന്നു. യുവതലമുറയില്‍ 30 ശതമാനവും മാതാപിതാക്കളെ വൃദ്ധസദനങ്ങളിലാക്കുന്നതിനോട് യോജിക്കുന്നു. രാജ്യത്തെ 30നും 50നും ഇടയില്‍ പ്രായമുള്ളവര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 35 ശതമാനം പേര്‍ മതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അതില്‍ വലിയ സന്തോഷം പ്രകടിപ്പിച്ചില്ല. നിര്‍ബന്ധിതാവസ്ഥയില്‍ അവര്‍ അതിന് സന്നദ്ധരാകുന്നുവെന്ന് മാത്രം. വയോജനങ്ങളില്‍ 40 ശതമാനവും ഒരു വരുമാന മാര്‍ഗവും ഇല്ലാത്തവരാണെന്നും മക്കളെയും മറ്റുള്ളവരെയും ആശ്രയിച്ചാണ് ജീവിക്കുന്നതെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.

മക്കളുടെ അവഗണനയും പീഡനവും സംബന്ധിച്ച വയോജനങ്ങളുടെ പരാതികള്‍ വര്‍ധിച്ചു വന്ന സാഹചര്യത്തിലാണ് 2007ല്‍ യു പി എ സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിനായി നിയമം കൊണ്ടുവന്നത്. പിന്നീട് പലപ്പോഴായി കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം ഭേദഗതിയിലൂടെ ഈ നിയമം കൂടുതല്‍ കര്‍ശനമാക്കി. 2007ലെ നിയമത്തില്‍ നിയമ ലംഘകര്‍ക്ക് ശിക്ഷ വ്യവസ്ഥ ചെയ്തിരുന്നില്ല. പിന്നീട് ഭേദഗതിയിലൂടെയാണ് ആറ് മാസത്തെ തടവു ശിക്ഷ നടപ്പാക്കിയത്. കേന്ദ്ര നിയമത്തിനു പുറമേ ചില സംസ്ഥാനങ്ങളും ഇവ്വിഷയകമായി നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ബിഹാറില്‍ വൃദ്ധമാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പനുസരിച്ചുള്ള അറസ്റ്റ് ഉള്‍പ്പെടെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് കഴിഞ്ഞ ജൂണില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.

2007ലെ വയോജന സംരക്ഷണ നിയമത്തിലെ ഭേദഗതി സ്വാഗതാര്‍ഹമാണെങ്കിലും മക്കളിലും മരുമക്കളിലും നിയമത്തിന്റെ ചാട്ടവാര്‍ കൊണ്ട് അടിച്ചേല്‍പ്പിക്കേണ്ടതല്ല വൃദ്ധമാതാപിതാക്കളുടെ സംരക്ഷണ ചുമതലയെന്ന് സമൂഹം ഓര്‍ക്കേണ്ടതുണ്ട്. നിയമത്തെ പേടിച്ച് സംരക്ഷണം ഏറ്റെടുക്കുമ്പോള്‍, സംരക്ഷിതര്‍ക്ക് മതിയായ സ്നേഹമോ പരിചരണമോ ലഭിക്കണമെന്നില്ല. സംരക്ഷകരെ സംബന്ധിച്ചിടത്തോളം ഇത് ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു വഴിപാടു മാത്രമായി മാറും. ഇക്കാര്യത്തില്‍ മക്കളും മരുമക്കളും മറ്റു ബന്ധപ്പെട്ടവരും സ്വയം മുന്നോട്ടു വരുന്ന ഒരു സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞു വരേണ്ടതുണ്ട്. സ്‌കൂള്‍തലം മുതലേ കുട്ടികളില്‍ ഇത് സംബന്ധിച്ച ബോധവത്കരണം ഇക്കാര്യത്തില്‍ ഏറെക്കുറെ സഹായകമാകും.