ശബ്ദമാണ് കാഴ്ച; അകകണ്ണില്‍ പ്രകൃതിയെ അറിഞ്ഞ് അഭിഷേക്

Posted on: November 30, 2019 9:58 am | Last updated: November 30, 2019 at 9:58 am

കാഞ്ഞങ്ങാട് | കണ്ടത് മധുരം … കാണാത്തത് അതിമധുരം…. കാണാത്ത പ്രകൃതിയെ അകകണ്ണില്‍ വിരിയിച്ചെടുത്ത് ശബ്ദത്തില്‍ ചാലിച്ച് കേള്‍വിക്കാര്‍ക്ക് വിരുന്നൊരുക്കിയപ്പോള്‍ വിധി തട്ടിയെടുത്ത ദുരിതത്തെ മറികടക്കാന്‍ പോന്നതായി അഭിഷേക് എന്ന കാസര്‍കാരന്റെ വിജയം. കാസര്‍ഗോഡ് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിഷേകിന് ജന്മനാ കാഴ്ചശക്തി ഇല്ല.

വിധിയോട് പൊരുതാന്‍ ഉറച്ച അഭിഷേകിന് വഴി കാട്ടിയായത് സ്‌കൂളിലെ അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍. അവിടെ തുടങ്ങുന്നു അഭിഷേകിന്റെ ജൈത്രയാത്ര . കഴിഞ്ഞ തവണ ആലപ്പ്‌രഴയില്‍ നടന്ന സംസ്ഥാന കലോത്സവത്തില്‍ ബി ഗ്രേഡ് മാത്രമാണ് ലഭിച്ചതെങ്കില്‍ സ്വന്തം നാട്ടില്‍ വിരുന്നെത്തിയ കലാ മാമാങ്കത്തില്‍ എ ഗ്രേഡ് ചൂടിയാണ് ഈ കലാകാരന്‍ വിധിയോട് പോരടിച്ചത്.
കാസര്‍ഗോഡ് മേല്‍പ്പറമ്പ കുന്നുമ്മലിലെ വിജയന്‍ രാധ ദമ്പതികളുടെ മകനായ അഭിഷേക് ഒരു ഗായകന്‍ കൂടിയാണ്. ശാസ്ത്രിയ സംഗീതം അഭ്യസിച്ചു വരുന്നുണ്ട്. തോല്‍ക്കാന്‍ മനസിലാത്തവരുടെ മുന്നില്‍ തോല്‍ക്കുക വിധി മാത്രമാണെന്ന് തെളിയിക്കുകയാണ് അഭിഷേകെന്ന കലാകാരന്‍.