ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്

Posted on: November 28, 2019 3:26 pm | Last updated: November 28, 2019 at 11:53 pm

കൊച്ചി |  മലയാള സിനിമയിലെ യുവനടന്‍ ഷെയിന്‍ നിഗമിനെ സിനിമയില്‍ നിന്ന് വിലക്കിയതായി നിര്‍മാതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷെയിന്റെ മോശം പെരുമാറ്റമാണ് വിലക്കിന് കാരണമെന്നും ഷെയിന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ ഉപേക്ഷിക്കുന്നതായും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഷെയിന്‍ അഭിനയിക്കുന്ന വെയില്‍, കുര്‍ബാനി സിനിമകളാണ് ഉപേക്ഷിക്കുന്നത്. ഏഴ് കോടിയോളം രൂപയുടെ നഷ്ടമാണ് ഇതുമൂലം നിര്‍മാതാക്കള്‍ക്കുണ്ടാകുന്നത്. ഈ നഷ്ടം ഷെയിനില്‍ നിന്ന് ലഭിക്കാതെ മലയാളത്തിലെ ഒറ്റ സിനിമയിലും അദ്ദേഹത്തെ അഭിനയിപ്പിക്കില്ല. വിലക്കിയ കാര്യം സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയെ അറിയിച്ചിട്ടുണ്ട്. സ്വബോധത്തോടെ ഒരാളും ചെയ്യുന്ന കാര്യങ്ങളല്ല ഷെയിനില്‍ നിന്നുണ്ടാകുന്നത്.

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ചിലര്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നു. സിനിമാ സെറ്റുകളില്‍ മയക്ക് മരുന്ന് എത്തുന്നു. ഇത് ആരെല്ലാമെന്ന് അത് ഉപയോഗിക്കുന്നവര്‍ക്കറിയാം. ലൊക്കേഷനില്‍ മയക്ക് മരുന്ന് പരിശോധന നടത്തണം. പോലീസ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. പ്രമുഖ താരങ്ങള്‍ പോലും ചെയ്യാത്ത കാര്യമാണ് ഒരു പുതുമുഖ താരം ചെയ്യുന്നത്. ഇത്തരം ഒരു പ്രവണതയെ പ്രോത്സാഹിപ്പിക്കാനാകില്ലന്നും നിര്‍മാതാക്കള്‍ പറഞ്ഞു.