അറാംകോ ഓഹരികള്‍ വാങ്ങാന്‍ വിദേശികള്‍ക്കും അവസരം

Posted on: November 24, 2019 9:17 pm | Last updated: November 25, 2019 at 10:59 am

ദമാം: ലോകത്തിലെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൗദി അറാംകോയുടെ ഓഹരികള്‍ വിദേശികള്‍ക്ക് കൂടി സ്വന്തമാക്കാന്‍ അവസരമൊരുങ്ങുന്നു. സഊദിയിലേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ലക്ഷ്യമിട്ടാണ് രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് കൂടി നിക്ഷേപ സാധ്യത ഒരുങ്ങുന്നത്. പ്രത്യേക യോഗ്യതകളുടെയും മാനദണ്ഡത്തിന്റെയും അടിസ്ഥാനത്തിലാണ് വിദേശികള്‍ക്ക് ഓഹരി ലഭ്യമാവുക. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പ്രഥമ ഓഹരി വില്‍പ്പനയിലൂടെ അറാംകോ ലക്ഷ്യമിടുന്നത്.

രാജ്യത്തെ തദാവുല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കണക്കുകള്‍ പ്രകാരം 2019 ഒക്ടോബര്‍ 31 വരെ ഓഹരികളുടെ വിദേശ ഉടമസ്ഥാവകാശത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യക്തികള്‍ക്ക് 32 റിയാലും, സ്ഥാപനങ്ങള്‍ക്ക് 30 റിയാലുമാണ് ഓഹരിയുടെ പ്രാഥമിക വില. വ്യക്തികള്‍ക്ക് നവംബര്‍ 28 വരെയും കമ്പനികള്‍ക്ക് ഡിസംബര്‍ നാല് വരെയും അംഗീകൃത ബേങ്കുകള്‍ വഴി ഓഹരി അപേക്ഷകള്‍ നല്‍കാവുന്നതാണ് . അന്തിമ വില ഡിസംബര്‍ അഞ്ചിനാണ് പ്രഖ്യാപികുക. അംഗീകൃത ബ്രോക്കര്‍മാരിലൂടെ ഇന്ത്യയിലുള്ളവര്‍ക്കും എല്‍ ആര്‍ എസ് പ്രകാരം അറാംകോ ഓഹരികള്‍ വാങ്ങാന്‍ വേണ്ടി കഴിയും. ഇത് പ്രകാരം ഒരാള്‍ക്ക് രണ്ടര ലക്ഷം ഡോളറിനു വരെ ഓഹരി സ്വന്തമാക്കാം.