പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനിയുടെ മരണം; പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ സ്‌കൂള്‍ സ്റ്റാഫ് റൂം അടിച്ചുതകര്‍ത്തു

Posted on: November 21, 2019 3:51 pm | Last updated: November 21, 2019 at 8:17 pm

കല്‍പറ്റ: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച് പാമ്പുകടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ സ്‌കൂളിലെ സ്റ്റാഫ് റൂം തകര്‍ത്തു. പൂട്ടിക്കിടന്ന സ്റ്റാഫ് റൂമില്‍ അധ്യാപകരില്‍ ചിലരുണ്ടെന്ന് ആരോപിച്ച് പൂട്ട് തകര്‍ത്ത് നാട്ടുകാര്‍ അകത്തു പ്രവേശിക്കുകയും റൂം തല്ലിത്തകര്‍ക്കുകയുമായിരുന്നു. ഡി ഡി ഇ നേരത്തെ സ്‌കൂള്‍ സന്ദര്‍ശിക്കുകയും ആരോപണ വിധേയനായ അധ്യാപകനെ സസ്പെന്‍ഡ് ചെയ്ത വിവരം അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനു ശേഷം മരിച്ച വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സ്‌കൂളിലെത്തി ശക്തമായി പ്രതികരിച്ചതോടെ നാട്ടുകാര്‍ വീണ്ടും പ്രതിഷേധം തുടങ്ങി. തുടര്‍ന്നാണ് സ്റ്റാഫ് റൂം അടിച്ചുതകര്‍ത്തത്. പോലീസ് സ്ഥലത്തെത്തിയാണ് നാട്ടുകാരെ പിരിച്ചുവിട്ടത്.

പുത്തന്‍കുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുല്‍ അസീസ്-സജ്ന ദമ്പതികളുടെ മകളും സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ഷഹല ഷെറിന്‍ (10) ആണ് ബുധനാഴ്ച പാമ്പുകടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് മറ്റ് അധ്യാപകര്‍ക്ക് മെമ്മോ നല്‍കുകയും ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഡി പി ഐയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിടുകയുമുണ്ടായി.