ആരോഗ്യ, സാമൂഹിക മേഖലകൾക്കൊരു തിരുത്ത്

മഹത്വമേറിയ വൈദ്യസേവന മേഖലയിൽ നിന്ന് ലാഭക്കൊതിയുടെയും വാണിജ്യവത്കരണത്തിന്റെയും ഭാഗമായി നിർദയം ഡിസ്ചാർജ് ചെയ്യപ്പെടുന്ന കാരുണ്യത്തെയും ദീനാനുകമ്പയെയും കുറിച്ച് സങ്കടപ്പെടുന്ന ഡോക്ടറുടെ നേരറിവുകളും മനുഷ്യത്വപരമായ ചില നിരീക്ഷണങ്ങളും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഹൃദയഭരിതമായ ഒരു ആക്ടിവിസമായി മാറ്റിത്തീർക്കുന്നുണ്ട്.
അതിഥി വായന
Posted on: November 13, 2019 5:48 pm | Last updated: November 13, 2019 at 5:48 pm

“ഞാനെന്റെ കണ്ണിൽ നിന്ന് അവരുടെ കണ്ണിലേക്കൊരു പാലം പണിതു. കലങ്ങിയ കണ്ണുകൾ നൊന്തു പ്രസവിച്ച കണ്ണുനീർത്തുള്ളികൾ ഇപ്പോഴും അവിടെയുണ്ട്. ആ നേരമത്രയും, അന്നത്തെ ഉറക്കം അടുത്തുപോലും വരാതിരുന്ന രാവ് മുഴുവനും, ആ മനുഷ്യനെ കുറിച്ച് മുൻവിധി വെച്ചു പുലർത്തിയ എന്റെ മനസ്സിന്റെ കരണത്തടിക്കുകയായിരുന്നു ഞാൻ. സർവ സൗഭാഗ്യങ്ങളുടെയും നടുവിൽ ജീവിച്ചിട്ടും പരാതികളൊടുങ്ങാത്ത എന്റെ ലോകം തീയിട്ടു നശിപ്പിച്ചു കൊണ്ട് ആ അച്ഛനും അമ്മയും കരഞ്ഞുകൊണ്ടേയിരുന്നു……’

ഡോ. ഷിംന അസീസ് എഴുതിയ “പിറന്നവർക്കും പറന്നവർക്കുമിടയിൽ’ എന്ന പുസ്തകം സാധാരണ ആരോഗ്യക്കുറിപ്പുകൾക്കുമപ്പുറം ഒരുപാട് ആലോചനകൾക്കും തിരിച്ചറിവുകൾക്കും വായനക്കാരെ പ്രേരിപ്പിക്കുന്ന വ്യത്യസ്തമായ ഒരു സമാഹാരമാണ്. സാമൂഹികവും മാനസികവും ശാരീരികവുമായ സുസ്ഥിതിയാണ് ആരോഗ്യമെന്ന്, ജൈവികവും മാനുഷികവുമായ മാനങ്ങളിലേക്ക് ആഴപ്പെടുന്ന വീക്ഷണങ്ങളുടെ പാഠവും പാഠാന്തരവുമായി ഡോക്ടറുടെ ഈ പുസ്തകത്തെ അടയാളപ്പെടുത്താം.

പൊതുവെ അലോപ്പതി ചികിത്സക്കും മരുന്നിനുമെതിരെ കല്ലുവെച്ചനുണകളും തെറ്റിദ്ധാരണകളും അതിസംശയങ്ങളും ഒരു കീമോഫോബിയയായി പൊതുബോധപ്പെടുന്ന കേരളത്തിലെ വർത്തമാന പൊതുജനാരോഗ്യ സാമൂഹിക പരിസരത്തെ ശാസ്ത്രീയമായി അപനിർമിക്കാനും പ്രതിരോധിക്കാനും ഡോ. ഷിംന അസീസിന്റെ ഈ പുസ്തകം ഒരുവേള ജനകീയാരോഗ്യ പ്രവർത്തനത്തിനുള്ള ഒരു കൈപ്പുസ്തകമായി തീരുന്നുണ്ട്. ആധുനിക മെഡിസിനും വാക്‌സിനേഷനുമെതിരെ പ്രകൃതിചികിത്സകരും വ്യാജ വൈദ്യന്മാരും കണ്ണടച്ചുന്നയിക്കുന്ന വിമർശനങ്ങളെയും ഗൂഢാലോചനാ സിദ്ധാന്തത്തെയും ശാസ്ത്രവിരുദ്ധമായ പ്രചുണ്ഡ പ്രചാരണങ്ങളെയും വസ്തുതാപരവും ശാസ്ത്രീയവുമായ ആധികാരികതയോടെ നിരവധി ചികിത്സാനുഭവ പഠനക്കുറിപ്പുകളിലൂടെ ഡോ. ഷിംന അസീസ് പൊളിച്ചടുക്കുന്നുണ്ട്. മലബാറിലെ ഒരു പ്രതിരോധ വാക്‌സിനേഷൻ പരിപാടിയിൽ, പാർശ്വഫലങ്ങളെ കുറിച്ചുള്ള തെറ്റിദ്ധാരണയുടെ ഭാഗമായി കുത്തിവെപ്പ് എടുക്കാൻ വിസമ്മതിച്ച പൊതുജനങ്ങളുടെ മുമ്പിൽ വെച്ച് നേരിട്ട് സ്വയം വാക്‌സിൻ കുത്തിവെപ്പ് എടുത്ത് മാതൃക കാണിച്ച ഒരു ജനകീയാരോഗ്യ പ്രവർത്തകയും ആക്ടിവിസ്റ്റുമായ ഡോക്ടറുടെ സ്വാനുഭവക്കുറിപ്പുകൾ ഉൾപ്പെടുന്ന ചിന്തോദ്ദീപകമായ പുസ്തകമെന്ന അധിക യോഗ്യതയും ഷിംന അസീസിന്റെ ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. നമ്മുടെ പൊതുജനാരോഗ്യ രംഗത്തെ പിറകോട്ടടിപ്പിക്കുന്ന ആധുനിക അന്ധവിശ്വാസങ്ങളെയും സങ്കുചിതത്വത്തെയും അനുബന്ധ വിലക്കുകളേയും പേടികളേയും മറികടക്കാനും തിരിച്ചറിയാനും വായനക്കാരെ ബൗദ്ധികമായി ഊർജിതപ്പെടുത്തുന്ന ഈ പുസ്തകത്തിന് മലയാളത്തിൽ മുൻ മാതൃകകളില്ല. അത്രത്തോളം മൗലികവും വൈകാരികവുമായ വായനാനുഭവത്തിലേക്ക് പിറന്നവർക്കും പറന്നവർക്കുമിടയിൽ ഔന്നത്യപ്പെടുന്നുണ്ട്. മഹത്വമേറിയ വൈദ്യസേവന മേഖലയിൽ നിന്നും ലാഭക്കൊതിയുടെയും വാണിജ്യവത്കരണത്തിന്റെയും ഭാഗമായി പതിയെ പതിയെ നിർദയം ഡിസ്ചാർജ് ചെയ്യപ്പെടുന്ന കാരുണ്യവും ദീനാനുകമ്പയെയും കുറിച്ച് ആത്മാവിനോളം സങ്കടപ്പെടുന്ന ഒരു ഡോക്ടറുടെ നേരറിവുകളും ആരോഗ്യമേഖലയിൽ മാൾ പ്രാക്ടീസിനെ വിമർശനപരമായി സമീപിക്കുന്ന മനുഷ്യത്വപരമായ ചില നിരീക്ഷണങ്ങളും ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ഹൃദയഭരിതമായ ഒരു ആക്ടിവിസമായി മാറ്റിത്തീർക്കുന്നുണ്ട്.

രോഗവും രോഗിയും മരണവും മരുന്നും മണക്കുന്ന ആതുരാലയത്തിലെ ഒരനുഭവ ലോകത്തിനുമപ്പുറം ദാരിദ്ര്യം, വേദന, വേർപാട്, അന്ധവിശ്വാസം, അൺ എത്തിക്കൽ പ്രാക്ടീസ്, കെമിക്കൽ ഫോബിയ, പ്രകൃതി ചികിത്സയെന്ന പ്രാകൃത ചികിത്സ, വൈദ്യ നൈതികത. ഉൾപ്പെടെയുള്ള ആരോഗ്യ ചികിത്സാരംഗത്തെ നൈതിക പ്രശ്‌നങ്ങളെ ശാസ്ത്രീയവും മാനുഷികവുമായി അഭിമുഖീകരിക്കുന്ന പുസ്തകമെന്ന് “പിറന്നവർക്കും പറന്നവർക്കുമിടയിൽ’ വിശേഷിപ്പിക്കട്ടെ. ഡി സി ബുക്്സാണ് പ്രസാധകർ.