Connect with us

Religion

അനുരാഗിയെ തേടി

Published

|

Last Updated

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലോകത്തെ ഏറ്റവും അനുഭൂതിയേകുന്ന സഞ്ചാര കേന്ദ്രം മക്കയും മദീനയുമാണ്. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഹബീബിന്റെ അടുക്കൽചെന്ന് സലാം പറയണമെന്നത്. ഏതായാലും നാഥന്റെ കരുണ വർഷിച്ചു. ഇഹ്‌റാം ചെയ്ത് വിശ്രമ മുറിയിലേക്ക് നീങ്ങുമ്പോൾ പണക്കാരനെയോ ദരിദ്രനെയോ വേർതിരിക്കാതെ അല്ലാഹു ധരിക്കാൻ കൽപ്പിച്ച പ്രത്യേക വസ്ത്രം, അഹങ്കാരത്തിന് ഒട്ടുംതന്നെ സ്ഥാനമില്ലാത്തതാണെന്ന സത്യം ബോധ്യമായി.
ജിദ്ദ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തു. മനസ്സാകെ തിമിർക്കുകയാണ്. അല്ലാഹുവിന്റെ അജാഇബുകളുടെ തിട്ടപ്പെടുത്താനാകാത്ത വർണനകൾ നേരിൽ കണ്ടപ്പോൾ ചുണ്ടുകൾ യാന്ത്രികമെന്നോണം ഹംദുകൾ ഉരുവിട്ടു. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന സുന്ദര മന്ത്രം ഉരുവിടുമ്പോൾ തിളയ്ക്കുന്ന ആത്മീയ നിർവൃതി വർണനകൾക്കതീതമാണ്. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് 85 കിലോമീറ്ററോളം യാത്ര ചെയ്യാനുണ്ട്.

ലോക മുസ്‌ലിംകളുടെ അഭയകേന്ദ്രം, വിശ്വാസികൾ പ്രപഞ്ചനാഥനിലേക്ക് നമ്രശിരസ്‌കരാകാൻ കൽപ്പിക്കപ്പെട്ട ഖിബ്്ല. പരിശുദ്ധ മസ്ജിദുൽ ഹറമിലേക്കുള്ള കാൽവെപ്പിൽ മക്കയിൽ നബിയും സ്വഹാബത്തും തീർത്ത ത്യാഗചരിത്രങ്ങൾ ചിന്തയെ മാറ്റിമറിച്ചു. പൊടുന്നനെയാണ് മുന്നിൽ കണ്ടത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് ടവർ. എന്തെന്നില്ലാത്ത അത്ഭുതവും അതിലേറെ സന്തോഷവും നിറഞ്ഞ നിമിഷം. കിംഗ് അബ്ദുൽ അസീസിന്റെ എംപ്ലോയ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായിട്ടാണ് ഇത് നിർമിച്ചിട്ടുള്ളത്. മാത്രവുമല്ല, ലോകത്തിലെ തന്നെ ഉയരത്തിൽ മൂന്നാം സ്ഥാനമുള്ള മനുഷ്യനിർമിത കെട്ടിടമാണിത്. ഈ ബിൽഡിംഗിൽ തന്നെയാണ് അറേബ്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ അബ്രാജ് അൽ ബൈത് സ്ഥിതിചെയ്യുന്നത്.

പരിശുദ്ധമായ കഅ്ബയിലേക്ക് ഇനി മീറ്ററുകൾ മാത്രമേയുള്ളൂ. ആദ്യമായി പരിശുദ്ധ കഅ്ബാലയം കാണുമ്പോഴുള്ള പ്രാർഥനക്ക് ഉത്തരമുണ്ടെന്ന് കിതാബുകളിൽ കാണാം. ഒരു വൈദ്യുത തരംഗം പോലെ ആത്മീയോന്മേഷം ഹൃദയത്തിലേക്ക് പ്രവഹിക്കുന്നതായി അനുഭവപ്പെട്ടു. തലയുയർത്തി കഅ്ബയിലേക്ക് കണ്ണ് നടുമ്പോൾ കണ്ണുനീർ ധാരയായി ഉറ്റിവീണു. കറുപ്പിന് തീരെ അഴകില്ലെന്ന് ആരൊക്കെയോ പറഞ്ഞുകേട്ടിട്ടുണ്ട്. അവരോടെനിക്ക് അരിശമാണ് അപ്പോൾ തോന്നിയത്. മനസ്സിലുള്ളതെല്ലാം ഇലാഹിലേക്ക് ഏൽപ്പിച്ച് മത്വാഫിലേക്ക് നീങ്ങുമ്പോൾ കഅ്ബയുടെ നിർമാണ ചരിത്രങ്ങൾ ഓർമവന്നു. കഅ്ബയുടെ നിർമാണ പ്രവർത്തനത്തിനായി അല്ലാഹു മലക്കുകളോട് കൽപ്പിച്ചു. ബൈത്തുൽ മഅ്മൂറിന്റെ രൂപകൽപ്പനയിൽ തീർത്തതാണ് കഅ്ബാ ശരീഫ്. പിന്നീട് അല്ലാഹു ഇബ്‌റാഹീം നബിയോടും ഇസ്മാഈൽ നബിയോടും അതിനെ ഉയർത്താൻ ആവശ്യപ്പെട്ടു. പിൽക്കാലത്തുണ്ടായ പ്രളയവും തീപ്പിടിത്തവും കാരണം കേടുപാടുകൾ സംഭവിക്കുകയും പിന്നീട് ഖുറൈശികൾ അതിനെ 18 മുഴമായി ഉയർത്തുകയും ചെയ്തു. എങ്കിലും ഇബ്‌റാഹീം നബിയും ഇസ്മാഈൽ നബിയും തീർത്ത ശിലയുടെമേൽ പൂർത്തിയാക്കുന്നതിൽ അവർ പരാജയപ്പെട്ടു. ഹിജ്‌റ് ഇസ്മാഈൽ അതിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു.
വിശ്വാസികൾക്ക് കഅ്ബയിൽ നിസ്‌കരിക്കുക എന്ന മഹത്തായ ഭാഗ്യം ഇന്ന് സാധിക്കും. മത്വാഫിൽ തിരക്ക് വളരെ കുറവാണ്. മനസ്സിനെ റബ്ബിലേക്ക് ചേർത്ത് ത്വവാഫും സഅ്‌യും പൂർത്തിയാക്കി. ജീവിതത്തിലെ ആദ്യത്തെ ഉംറ പൂർത്തിയാക്കിയതിന് ശേഷം മസ്ജിദുൽ ഹറമിന്റെ ഭംഗി ആസ്വദിച്ചു. 3.57 ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഹറം പള്ളിയുടെ അകത്തും പുറത്തുമായി ഒരേസമയം 40 ലക്ഷത്തോളം പേർക്ക് പ്രാർഥന നിർവഹിക്കാനുള്ള സൗകര്യമുണ്ട്. മസ്ജിദുൽ ഹറാമിൽ 89 മീറ്റർ ഉയരമുള്ള ഒമ്പത് മിനാരങ്ങൾ കാണാം. ഹറം പള്ളിയുടെ കേന്ദ്ര ബിന്ദുവാണ് കഅ്ബ.

ഇസ്‌ലാമിന്റെ ചരിത്രപരമായ സംഭവങ്ങൾക്ക് സാക്ഷിയായ സ്ഥലങ്ങൾ, ഖുർആൻ അവതരിപ്പിക്കപ്പെട്ട ഹിറാഗുഹ, നബി (സ) തങ്ങളുടെ പത്‌നി ഖദീജ ബീവി അടക്കമുള്ള പ്രധാനികൾ വിശ്രമിക്കുന്ന ജന്നത്തുൽ മുഅല്ല, കഅ്ബയിൽ പ്രളയമണ്ടായപ്പോൾ ഹജറുൽ അസ്്വദിനെ സുരക്ഷിതമായി വെച്ചിരുന്ന ജബൽ അബീ ഖുബൈസ്, ഹജ്ജിനുവേണ്ടി ഇഹ്‌റാം കെട്ടുന്ന വിവിധ മീഖാതുകൾ തുടങ്ങിയ ചരിത്ര സ്ഥലങ്ങളുടെ അനുഭൂതികൾ അയവിറക്കി 10 ദിവസം കടന്നുപോയത് അറിഞ്ഞില്ല.

ഇനി മദീനയുടെ പ്രാണനെ തേടിയുള്ള യാത്രയാണ്. ഹബീബോരുടെ മദ്ഹുകൾ കേൾക്കുമ്പോൾ അറിയാതെ കണ്ണീർ പൊഴിക്കുമായിരുന്നു. മരണശയ്യയിൽ പോലും ഉമ്മത്തിന് വേണ്ടി കരഞ്ഞ നേതാവാണ്. ഏറെക്കാലം നെഞ്ചേറ്റിയ അനുരാഗിയെ തേടിയുള്ള യാത്ര. ഏകദേശം നാലര മണിക്കൂറോളം യാത്ര ചെയ്യാനുണ്ട്. മനംനിറയെ പച്ച ഖുബ്ബയാണ്. മൗലിദുകൾ കൊണ്ടും മദ്ഹ് ഗീതങ്ങൾ കൊണ്ടും സ്വലാത്ത് കൊണ്ടും യാത്രയെ ധന്യമാക്കി. ഏകദേശം ഇശാഇനോട് അടുത്ത സമയത്ത് ബദ്‌റിലെത്തി. ചരിത്ര നേട്ടത്തിന് സാക്ഷിയായ ബദ്ർ യുദ്ധവും ഹംസത്തുൽ ഖർറാറിന്റെ ധീരത തെളിയിച്ച മുസ്‌ലിം പക്ഷത്തെ ഹൗളും നേരിൽ കണ്ടപ്പോൾ ബദ്‌റിൽ മുസ്‌ലിം പക്ഷം സഹിച്ച ത്യാഗ ചരിത്രങ്ങൾ കണ്ണിൽ കാണുന്നത് പോലെ തോന്നി. അസ്മാഉൽ ബദറും പ്രാർഥനകളും നിർവഹിച്ച് മദീനയുടെ പ്രാണനെ തേടിയുള്ള യാത്ര തുടർന്നു. ഇശ്ഖിന്റെ മധുരിമ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും പൂർണമായി നിരോധിക്കപ്പെട്ട നഗരമാണ് മദീന. ഏറ്റവും കൂടുതൽ ഖുർആൻ അച്ചടിക്കുന്ന സ്ഥാപനമായ കിംഗ് ഫഹദ് ഖുർആൻ അച്ചടി ശാലയും ഇവിടെയാണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മസ്ജിദുകളുടെ കേന്ദ്രമാണ് മദീന. സഊദി കമ്മീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് കണക്കുപ്രകാരം മദീനയിൽ 266 ചരിത്ര കേന്ദ്രങ്ങളാണുള്ളത്.

മദീനയുടെ മണ്ണിലേക്ക് കാൽവെക്കുമ്പോൾ ഇശ്ഖിന്റെ ജ്വരം അനുഭവപ്പെട്ടു. അഞ്ചാം നമ്പർ ഗേറ്റിലൂടെ മസ്ജിദുന്നബവിയിലേക്ക് കാലെടുത്തുവെച്ചു. മുന്നിൽ പച്ച ഖുബ്ബ കണ്ടപ്പോൾ നിറയുന്ന കണ്ണുകളാലെ ഹബീബിനോട് സലാം ചൊല്ലി. വിവിധ ഘട്ടങ്ങളുടെ വിപുലീകരണത്തിന് ശേഷമാണ് ഇന്നുള്ള രീതിയിൽ മസ്ജിദുന്നബവി വിശാലമായത്. ഇപ്പോൾ മദീനാ പള്ളിയിൽ മൂന്ന് ലക്ഷത്തോളം പേർക്ക് നിസ്‌കരിക്കാം. മുറ്റവും ടെറസ്സും കൂടെ ഉപയോഗിച്ചാൽ ആറ് ലക്ഷം പേർക്ക് ഒന്നിച്ച് നിസ്‌കരിക്കാനും പ്രാർഥന നിർവഹിക്കാനും സാധിക്കും. ചൂട്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയിൽ നിന്ന് സംരക്ഷണം നൽകുന്നതാണ് മദീനയിലെ ആധുനിക യന്ത്രക്കുടകൾ. മസ്ജിദുന്നബവിക്ക് പുറത്തുള്ള ലൈറ്റ് കാലുകളിലാണ് 40 മീറ്റർ ഉയരവും 18 മീറ്റർ ഇരുവശം വീതിയുമുള്ള സൂര്യതാപം ഏൽക്കാത്ത തണൽ കുടകൾ നിർമിച്ചിട്ടുള്ളത്. മണിക്കൂറിൽ 97 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയാലും ഇതിന് ഒന്നും സംഭവിക്കില്ല.

മദീനയുടെ ചരിത്രം മനസ്സിലാക്കിയും ജന്നത്തുൽ ബഖീഇൽ ചെലവഴിച്ചും ഹബീബിനോട് സലാം ചൊല്ലിയും ദിവസം ഒന്ന് കഴിഞ്ഞു. മസ്ജിദുൽ ഖിബ്്ലതെയ്ൻ, മസ്ജിദ് ഖുബാ, ഖുർആൻ അച്ചടി കേന്ദ്രം, ഖന്തഖ്, ഉഹ്ദ് മല, ഇസ്‌ലാമിന്റെ ചരിത്ര നേട്ടത്തിന് സാക്ഷ്യംവഹിച്ച പ്രധാനപ്പെട്ട കിണറുകൾ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചരിത്ര സ്ഥലങ്ങൾ മദീനയിലുണ്ട്.

മുഹമ്മദ് ശമീം പുളിയക്കോട്
• muhammedshameemplkd@gmail.com

---- facebook comment plugin here -----

Latest