Connect with us

Editorial

ആത്മഹത്യയും മാധ്യമങ്ങളും

Published

|

Last Updated

ആത്മഹത്യാ സംബന്ധിയായ വാര്‍ത്തകളുടെ പ്രസിദ്ധീകരണത്തിന് മാധ്യമങ്ങള്‍ക്ക് ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ). ആത്മഹത്യകള്‍, വിശിഷ്യാ കൂട്ട ആത്മഹത്യകള്‍ പൊലിപ്പും തൊങ്ങലും വെച്ച് പ്രാധാന്യത്തോടെ നല്‍കരുതെന്നാണ് പി സി ഐ കഴിഞ്ഞ ദിവസം പുറത്തുവിട്ട സര്‍ക്കുലറിലെ മുഖ്യ നിര്‍ദേശം. ആത്മഹത്യയെ ലളിതവത്കരിക്കുന്ന തരത്തിലോ ഉദ്വേഗം ജനിപ്പിക്കുന്ന രീതിയിലോ, പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഏക പരിഹാരമെന്ന രീതിയിലോ വാര്‍ത്തകള്‍ നല്‍കരുത്.

ആത്മഹത്യക്കു തിരഞ്ഞെടുത്ത രീതി വിശദമാക്കരുത്. ആത്മഹത്യ ചെയ്ത സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ നല്‍കരുത്. സെന്‍സേഷനല്‍ തലക്കെട്ടുകള്‍ ഉപയോഗിക്കരുത്. ചിത്രങ്ങളോ വീഡിയോകളോ സാമൂഹ മാധ്യമങ്ങളുടെ ലിങ്കുകളോ നല്‍കരുത്. മാനസികരോഗ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സ തേടുന്നവരുടെ ചിത്രങ്ങളോ അവരെക്കുറിച്ചുള്ള വിവരങ്ങളോ പ്രസിദ്ധീകരിക്കരുത് തുടങ്ങിയവയാണ് മറ്റു നിര്‍ദേശങ്ങള്‍. 2017ലെ മാനസികാരോഗ്യ ആക്ട് പ്രകാരം കൃത്യമായി പാലിക്കേണ്ടതാണ് ഇവയെന്നും പി സി ഐ ഓര്‍മിപ്പിക്കുന്നു.

ആത്മഹത്യകള്‍ വര്‍ധിച്ചു വരികയാണ്. ഓരോ 40 സെക്കന്‍ഡിലും ലോകത്തൊരാള്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന നടത്തിയ പഠനങ്ങള്‍ കാണിക്കുന്നത്. യുവാക്കളാണ് ആത്മഹത്യ ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍. 15നും 29നും ഇടയില്‍ പ്രായമുള്ളവരുടെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം ആത്മഹത്യയാണ്. വെറും 38 രാജ്യങ്ങള്‍ മാത്രമാണ് ആത്മഹത്യാ പ്രവണത തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുന്നതെന്നും ഡബ്ല്യൂ എച്ച് ഒയുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യാ നിരക്കില്‍ ഇന്ത്യ മുന്‍ നിരയിലാണ്. ആഗോളതലത്തില്‍ നടക്കുന്ന ആത്മഹത്യകളില്‍ 20 ശതമാനവും ഇന്ത്യയിലാണ.് ഇവിടെ മണിക്കൂറില്‍ 14 ആത്മഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്.

ബന്ധങ്ങളിലെ പരാജയം, ആരോഗ്യ പ്രശ്‌നങ്ങള്‍, കടബാധ്യതകള്‍, സാമൂഹികമായ ഒറ്റപ്പെടല്‍, ക്രൂരതക്കും പീഡനങ്ങള്‍ക്കും ഇരയാകല്‍ തുടങ്ങി ആത്മഹത്യയുടെ കാരണങ്ങള്‍ പലതാണ്. മാധ്യമങ്ങള്‍ക്കുമുണ്ട് ഇതില്‍ പങ്ക്. മാധ്യമങ്ങളില്‍ വരുന്ന ആത്മഹത്യയെക്കുറിച്ച അതിശയോക്തി കലര്‍ന്ന വാര്‍ത്തകള്‍, ആത്മഹത്യ ചെയ്യുന്ന രംഗങ്ങളുടെ വിവരണം, ചിത്രീകരണം എന്നിവയെല്ലാം സമൂഹത്തില്‍ ആത്മഹത്യയെപ്പറ്റിയുള്ള ചിന്തകള്‍ ശക്തിപ്പെടുത്താനിടയാക്കുന്നുണ്ടെന്നാണ് മനഃശ്ശാസ്ത്ര വിദഗ്ധരുടെ പക്ഷം. ശരിയായി കൈകാര്യം ചെയ്യുകയാണെങ്കില്‍ മാനസികാരോഗ്യമുള്‍പ്പെടെ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപകാരപ്പെടുന്ന ചാലക ശക്തിയായി തീരാന്‍ സാധിക്കും മാധ്യമങ്ങള്‍ക്ക്. എന്നാല്‍ മാധ്യമങ്ങളില്‍ നല്ലൊരു പങ്കും സമൂഹത്തിലെ നിഷേധാത്മക മനഃസ്ഥിതിയെയും കുറ്റവാസനകളെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. സമൂഹത്തിലെ അപച്യുതിയും മൂല്യച്യുതിയും പതിയിരിക്കുന്ന ചതിക്കുഴികളും അവര്‍ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുന്നു. കൊലപാതക, സ്ത്രീപീഡന, ആത്മഹത്യാ വാര്‍ത്തകളാണ് ചില മാധ്യമങ്ങളുടെ നല്ലൊരു ഭാഗവും കൈയടക്കുന്നത്. ഇത്തരം വാര്‍ത്തകള്‍ വായിച്ചു വളരുന്ന ബാല്യങ്ങളുടെയും യുവാക്കളുടെയും സാമൂഹിക കാഴ്ചപ്പാടുകള്‍ വികലമായിരിക്കും. ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുമ്പോള്‍, ശരിയായ മാര്‍ഗത്തിലൂടെ അതിനെ അതിജീവിക്കുന്നതിനു പകരം ജീവിതം തന്നെ നശിപ്പിക്കാനുള്ള മാനസികാവസ്ഥയിലേക്കാണ് ഇതവരെ എത്തിക്കുക.

ഒരു ആത്മഹത്യ സംഭവിച്ചാല്‍, കൂട്ട ആത്മഹത്യയാണെങ്കില്‍ വിശേഷിച്ചും, ദിവസങ്ങളോളം ആഘോഷിക്കും ചില മാധ്യമങ്ങള്‍. ആ വ്യക്തി ഉള്‍ക്കൊള്ളുന്ന കുടുംബത്തിന്റെ അടിവേരുകളും അപകീര്‍ത്തികരമായ വിവരങ്ങളുമെല്ലാം വെളിച്ചത്തു കൊണ്ടുവരും. മറ്റു ചിലരാകട്ടെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചന മാര്‍ഗമാണ് ആത്മഹത്യയെന്ന മട്ടിലാണ് സംഭവം അവതരിപ്പിക്കുന്നത്. ഇതു മറ്റുള്ളവര്‍ക്കും ആത്മഹത്യക്ക് പ്രേരണ നല്‍കുക സ്വാഭാവികം. ആത്മഹത്യയിലേക്ക് ആളുകളെ ആകര്‍ഷിക്കുകയല്ല, ബുദ്ധിമുട്ടേറിയ ജീവിത സാഹചര്യങ്ങളെ തരണം ചെയ്യാന്‍ സമൂഹത്തെ പ്രാപ്തരാക്കുന്ന പംക്തികളും പരിപാടികളുമാണ് മാധ്യമങ്ങള്‍ അവതരിപ്പിക്കേണ്ടത്. ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത് നമുക്കിടയില്‍ ഒരാള്‍ ആത്മഹത്യയിലൂടെ മരണമടയുമ്പോള്‍, അതിന്റെ പത്ത് മുതല്‍ പതിനഞ്ച് മടങ്ങ് വരെയുള്ളവര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും നൂറുമടങ്ങ് പേര്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുണ്ടെന്നാണ്. ഇത്തരം ചിന്തകള്‍ക്കും പെരുമാറ്റങ്ങള്‍ക്കും മേല്‍ അത്രയൊന്നും ശ്രദ്ധ കൊടുക്കാത്ത ഒരു ജനസമൂഹത്തില്‍ ഇക്കാര്യം ശ്രദ്ധിക്കാതെയും കണ്ടെത്തപ്പെടാതെയും പോകുകയും ഇതുകാരണം നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയോ, അതിനുള്ള ശ്രമം നടത്തുകയോ ചെയ്യുന്നു.

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാല്‍ പിന്നീട് ഇത്തരം ചിന്തകള്‍ അവരെ വേട്ടയാടില്ല. ആത്മഹത്യ തടയുന്നതിനായി തെളിയിക്കപ്പെട്ട മാര്‍ഗങ്ങള്‍ എല്ലാ രാജ്യങ്ങളും ദേശീയ ആരോഗ്യ പരിപാടികളിലും വിദ്യാഭ്യാസ പദ്ധതികളിലും സുസ്ഥിരമായി ഉള്‍പ്പെടുത്തിയാല്‍ ആത്മഹത്യയില്‍ വലിയൊരു പങ്ക് തടയാന്‍ കഴിയുമെന്ന് ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നു. ആത്മഹത്യാ പ്രതിരോധം ലക്ഷ്യമിട്ട് കേരള സര്‍ക്കാര്‍ കേരള സംസ്ഥാന സംയോജിത ആത്മഹത്യാ പ്രതിരോധ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്കുള്ള ദൗത്യം വളരെ വലുതാണ്. ഇക്കാര്യമാണ് പുതിയ സര്‍ക്കുലറിലൂടെ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മാധ്യമ പ്രവര്‍ത്തകരെ ഉണര്‍ത്തുന്നത്.

Latest