Connect with us

International

കാശ്മീര്‍, അസം വിഷയത്തില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് പിന്നാലെ കശ്മീരില്‍ ഏര്‍പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ആറാം ആഴ്ചയും തുടരുന്നതിനിടെ ഇതിനെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി രംഗത്ത്. ഇന്റര്‍നെറ്റ് ആശയവിനിമയത്തിനും സമാധാനപരമായ കൂടിച്ചേരലുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍, പ്രാദേശിക രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും തടഞ്ഞുവയ്ക്കല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യാ ഗവണ്‍മെന്റ് അടുത്തിടെ കശ്മീരികളുടെ മനുഷ്യാവകാശങ്ങളില്‍ ചെലുത്തിയ ഇടപെടലുകള്‍ ആശങ്കാജനകമാണെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു. മനുഷ്യാവകാശ കൗണ്‍സിലിന്റെ 42ാമത് സെഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍.

മനുഷ്യാവകാശങ്ങളെ മാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഇന്ത്യ, പാക് ഗവണ്‍മെന്റുകളോട് അവര്‍ അഭ്യര്‍ഥിച്ചു. കാശ്മീരില്‍ നിലവിലുള്ള അനിശ്ചിതാവസ്ഥയില്‍ അയവുവരുത്താനും കര്‍ഫ്യൂകള്‍ ലഘൂകരിക്കാനും അടിസ്ഥാന സേവനങ്ങളിലേക്കുള്ള ജനങ്ങളുടെ പ്രവേശനം ഉറപ്പാക്കാനും എല്ലാ നടപടികളും സ്വീകരിക്കണമെന്നും അവര്‍ വ്യക്തമാക്കി. കശ്മീരിലെ ജനങ്ങളുടെ ഭാവി കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുമായി കൂടിയാലോചന നടത്തേണ്ടത് പ്രധാനമാണെന്ന് അവര്‍ പറഞ്ഞു.

ജമ്മു കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവികള്‍ റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയാണ് കാശ്മീരിലെ നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. ഇതേ തുടര്‍ന്ന് അക്രമങ്ങള്‍ തടയാന്‍ കേന്ദ്രം ആയിരക്കണക്കിന് അധിക സൈനികരെ അയയ്ക്കുകയും കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഫോണ്‍, ഇന്റര്‍നെറ്റ് ലൈനുകള്‍ തടയുകയും, മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

നിയന്ത്രണങ്ങളില്‍ ചിലത് പിന്നീട് എടുത്തുകളഞ്ഞുവെങ്കിലും ഈ നീക്കം പ്രദേശവാസികളെ നിരാശരാക്കുകയും അവരുടെ ദൈനംദിന കാര്യങ്ങളെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ നിയന്ത്രണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

നിയന്ത്രണ രേഖയുടെ ഇരുവശങ്ങളിലുമുള്ള മനുഷ്യാവകാശ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തന്റെ ഓഫീസിന് ലഭിക്കുന്നുണ്ടെന്ന് ബാച്ചലെറ്റ് പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാന്‍ ഉദ്ദേശിച്ചുള്ള അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ വലിയ അനിശ്ചിതത്വത്തിനും ഉത്കണ്ഠയ്ക്കും കാരണമായിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അപ്പീല്‍ പ്രക്രിയയില്‍ ഉചിതമായ നടപടിക്രമങ്ങള്‍ ഉറപ്പുവരുത്താനും നാടുകടത്തല്‍ അല്ലെങ്കില്‍ തടങ്കലില്‍ വയ്ക്കല്‍ ഒഴിവാക്കാനും ജനങ്ങളെ ഭരണകൂടമില്ലായ്മയില്‍ നിന്ന് സംരക്ഷിക്കുവാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അവര്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.

Latest