അബൂദബിയില്‍ 9,148 വ്യാജ ഉത്പന്നങ്ങള്‍ പിടികൂടി

Posted on: September 2, 2019 3:51 pm | Last updated: September 2, 2019 at 3:51 pm

അബൂദബി: ഈ വര്‍ഷം രണ്ടാം പാദത്തില്‍ അബൂദബിയിലെ മൂന്ന് പ്രധാന മേഖലകളില്‍ നടത്തിയ പരിശോധനയില്‍ 9,148 വ്യാജ ഉത്പന്നങ്ങള്‍ സാമ്പത്തിക വികസന വകുപ്പ് പിടിച്ചെടുത്തു. അബൂദബി സാമ്പത്തിക വികസന വകുപ്പ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 31,325 പരിശോധനകളാണ് നടത്തിയത്. നിയമവിരുദ്ധമായ ബിസിനസ് സമ്പ്രദായങ്ങള്‍ അവസാനിപ്പിച്ച് ഉപഭോക്തൃ അവകാശങ്ങളും ഭൗദ്ധിക സ്വത്തവകാശങ്ങളും സംരക്ഷിക്കുകയെന്ന ദൗത്യത്തിന്റെ ഭാഗമായാണ് പരിശോധന .

അബൂദബി നഗരത്തില്‍ 15,126, അല്‍ ഐന്‍ നഗരത്തില്‍ 10,860, അല്‍ ദഫ്ര മേഖലയില്‍ 5,339 പരിശോധനകള്‍ സാമ്പത്തിക വകുപ്പ് നടത്തിയതായി വാണിജ്യ സംരക്ഷണ വിഭാഗം വ്യക്തമാക്കി. നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും വാണിജ്യ സ്ഥാപനങ്ങള്‍ പാലിക്കുന്നത് നിരീക്ഷിച്ച് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ വകുപ്പ് ഇരട്ടിയാക്കുമെന്ന് അബൂദബി സാമ്പത്തിക വികസന വകുപ്പ് അണ്ടര്‍ സെക്രട്ടറി റഷീദ് അബ്ദുല്‍ കരീം അല്‍ ബലൂഷി പറഞ്ഞു. അബൂദബിയുടെ ബിസിനസ് കാലാവസ്ഥ മെച്ചപ്പെടുത്തുന്നതിനും കമ്പനികള്‍ മത്സരപരവും സുസ്ഥിരവുമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പരിശോധന സഹായിക്കുന്നു.

ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ആക്‌സസറികള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്ത വ്യാജ ഉത്പന്നങ്ങള്‍. അബൂദബി നഗരത്തില്‍ 3,234, അല്‍ ഐന്‍ നഗരത്തില്‍ 5,914 വ്യാജ ഉത്പന്നങ്ങളാണ് കണ്ടുകെട്ടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പിടിച്ചെടുത്ത വ്യാജവും മായം ചേര്‍ക്കപ്പെട്ടതുമായ ഉത്പന്നങ്ങളെ അപേക്ഷിച്ച് 2019 രണ്ടാം പാദത്തില്‍ വ്യാജന്മാരുടെ എണ്ണം കുറഞ്ഞു. ഈ ഇടിവ് സൂചിപ്പിക്കുന്നത് വ്യാജ ഇനങ്ങളുടെ വ്യാപാരത്തിനെതിരെ പോരാടുന്നതിനുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ ശ്രമങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നുവെന്നതാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.