Connect with us

Editorial

പി സി ഐയുടെ നിലപാട് ആത്മഹത്യാപരം

Published

|

Last Updated

എന്താണ് പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പി സി ഐ)യുടെ സ്ഥാപിത ലക്ഷ്യം? എന്തിനാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്? മാധ്യമ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണമോ, അതോ മാധ്യമങ്ങളെ ഭരണകൂടത്തിന്റെ ചട്ടുകങ്ങളാക്കി മാറ്റലോ? കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് “കശ്മീര്‍ ടൈംസ്” എഡിറ്റര്‍ അനുരാധ ബാസിന്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍, കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ ജസ്റ്റിസ് സി കെ പ്രസാദ് മാധ്യമ നിയന്ത്രണത്തെ പിന്തുണച്ച് ഹരജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് ഈ സംശയം. കശ്മീര്‍ ടൈംസ് നല്‍കിയ ഹരജിയില്‍ ഇടപെടാന്‍ അനുവദിക്കണമെന്നും കശ്മീരിലെ മാധ്യമ നിയന്ത്രണം രാജ്യത്തിന്റെ സമഗ്രതയുടേയും പരമാധികാരത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നുമാണ് ചെയര്‍ പേഴ്‌സണ്‍ ഹരജിയില്‍ അവകാശപ്പെടുന്നത്. പരമാവധി സംയമനം പാലിക്കാനും രാഷ്ട്ര സുരക്ഷക്കും ഐക്യത്തിനും വേണ്ടി നിലകൊള്ളാനും കശ്മീരിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉപദേശവും നല്‍കുന്നു ചെയര്‍ പേഴ്‌സണ്‍.

അടിയന്തരാവസ്ഥാ കാലത്ത് പോലും ഉണ്ടായിട്ടില്ലാത്ത നിയന്ത്രണങ്ങളാണ് ഇപ്പോള്‍ കശ്മീരില്‍ മാധ്യമങ്ങള്‍ക്ക് മേല്‍ നടപ്പാക്കിയത്. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പറ്റാത്ത അവസ്ഥ രാജ്യത്ത് ഒരിടത്തും ഉണ്ടായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് എവിടെയെങ്കിലും സഞ്ചരിക്കാന്‍ പോലീസ് അനുമതി വേണ്ടിയിരുന്നുമില്ല. മാധ്യമപ്രവര്‍ത്തകരെ ഓടിച്ചു പിടിച്ച് ജയിലിലോ വീട്ടുതടങ്കലിലോ ആക്കിയിരുന്നുമില്ല. എന്നാല്‍ കശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് ഇതെല്ലാമാണ്. യുദ്ധമേഖലയില്‍ പോലും കാണാത്ത നിയന്ത്രണങ്ങളാണവിടെ. ആഴ്ചകളായി മാധ്യമങ്ങള്‍ പുറത്തിറങ്ങുന്നില്ല. വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അനുരാധ ബാസിന്‍ കോടതിയില്‍ നല്‍കിയ ഹരജിയെ പിന്തുണക്കുകയും ചെയ്യേണ്ട പ്രസ്സ് കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍, അതിനെ എതിര്‍ത്ത് രംഗത്തു വന്നത് ഉത്കണ്ഠാജനകമാണ്.

ഭരണകൂടങ്ങള്‍ക്ക് വിധേയപ്പെടാതെ വാര്‍ത്തകള്‍ സത്യസന്ധമായും വസ്തുനിഷ്ഠമായും റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ പിന്തുണക്കുന്ന നിലപാടാണ് ഇക്കാലമത്രയും പി സി ഐ സ്വീകരിച്ചത്. 1990കളില്‍ സൈന്യം പഞ്ചാബിന്റെ ഭരണം ഏറ്റെടുത്തപ്പോള്‍ വാര്‍ത്തകള്‍ പക്ഷപാതിത്വമില്ലാതെ ജനങ്ങളില്‍ എത്തിക്കാനുള്ള സംസ്ഥാനത്തെ മാധ്യമങ്ങളുടെ ശ്രമത്തെ പിന്തുണക്കുകയായിരുന്നു അന്ന് പി സി ഐ. അയോധ്യ പ്രശ്‌നം രൂക്ഷമായ ഘട്ടത്തില്‍ ചില മാധ്യമങ്ങള്‍ സാമുദായിക സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരേയും പി സി ഐ ശക്തമായ നിലപാടെടുത്തിരുന്നു. ഈ നയങ്ങളുടെ പിന്തുടര്‍ച്ചയാണ് സംഘടന ആഗ്രഹിക്കുന്നതെങ്കില്‍ അനുരാധ ബാസിന്‍ സമര്‍പ്പിച്ച ഹരജിയെ പിന്തുണക്കുകയാണ് വേണ്ടത്. നിയമത്തിന്റെ മുമ്പില്‍ തുല്യത ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ 14, അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ 19 വകുപ്പുകള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് ജനാധിപത്യത്തിന്റെ തേട്ടമാണ്. നിയന്ത്രണങ്ങളെ ന്യായീകരിക്കുന്ന പി സി ഐ നിലപാട് ജനാധിപത്യ വിരുദ്ധവും. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.
കഴിഞ്ഞ വര്‍ഷം പ്രസ്സ് കൗണ്‍സില്‍ ഭാരവാഹികള്‍ കശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ മാധ്യമങ്ങള്‍ അനുഭവിക്കുന്ന പ്രതികൂലാവസ്ഥ ബോധ്യപ്പെടുകയും സംസ്ഥാനത്ത് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാത്തതില്‍ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ഒക്ടോബര്‍ ഒമ്പതിന് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ താഴ്‌വരയില്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ച സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇന്ത്യന്‍ ജേണലിസ്റ്റ് യൂനിയനും വനിതാ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഐ ഡബ്‌ള്യൂ പി സിയും ചൂണ്ടിക്കാട്ടിയതു പോലെ ഇതിനു കടക വിരുദ്ധമാണ് പി സി ഐ ചെയര്‍പേഴ്‌സന്റെ പുതിയ നിലപാട്. രാജ്യത്തിന്റെ സമഗ്രതയുടേയും പരമാധികാരത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയുള്ളതാണ് കശ്മീരിലെ മാധ്യമ നിയന്ത്രണമെന്നാണല്ലോ ചെയര്‍ പേഴ്‌സണ്‍ പറയുന്നത്. എന്താണ് അവരുടെ ഭാഷയിലെ രാജ്യ താത്പര്യം? ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് താഴ്‌വരയില്‍ ഉടലെടുത്ത രൂക്ഷമായ പ്രതിഷേധവും പ്രക്ഷോഭവും ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കലോ? ഗില്ലറ്റ് പ്രയോഗമുള്‍പ്പെടെ സൈന്യവും പോലീസും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച വിവരങ്ങള്‍ തമസ്‌കരിക്കലോ?

ജനങ്ങളുടെ സ്വാതന്ത്ര്യ ബോധത്തിന്റേയും പൊതു ബോധത്തിേന്റയും കാവലാളുകളാണ് മാധ്യമങ്ങള്‍. അഭിപ്രായങ്ങള്‍ നിര്‍ഭയമായി പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശം നിലനില്‍ക്കുമ്പോഴാണ് ഈ നിലയിലേക്ക് മാധ്യമങ്ങള്‍ ഉയരുന്നത്. അധികാരി വര്‍ഗം പുറം ലോകം അറിയരുതെന്ന് ആഗ്രഹിക്കുന്ന കള്ളത്തരങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ജനങ്ങളെ അറിയിക്കേണ്ടത് മാധ്യമങ്ങളുടെ ബാധ്യതയാണ്. ഇത്തരം ഘട്ടങ്ങളില്‍ മാധ്യമ സ്വാതന്ത്ര്യം അതിരു കടക്കുന്നുവെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും ആരോപിച്ച് അധികാരി വര്‍ഗം നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുക സ്വാഭാവികമാണ്. ആ നിയന്ത്രണങ്ങളെ ശക്തിയുക്തം എതിര്‍ക്കാനും മാധ്യമങ്ങള്‍ക്ക് വസ്തുനിഷ്ഠമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാനുമാണ് കൗണ്‍സില്‍ സന്നദ്ധമാകേണ്ടത്. കൗണ്‍സിലിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ ചെയര്‍ പേഴ്‌സന്റെ നിലപാടിനെതിരെ മാധ്യമ ലോകത്ത് നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരിക്കെ അവര്‍ തെറ്റുതിരുത്താന്‍ മുന്നോട്ടുവരണം.

Latest