Ongoing News
ഫിറോസ് ഷാ കോട്‌ലയെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയമെന്ന് പുനര്‍ നാമകരണം ചെയ്യും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന്‍െ പേര് അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്യാനൊരുങ്ങി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ (ഡി ഡി സി എ). ഇക്കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച അസോസിയേഷന്‍ മുന്‍ അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ സ്മരണക്കായാണ് സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുന്നത്. സെപ്തംബര്‍ 12ന് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങിലാണ് പുതിയ പേര് നിലവില്‍ വരിക. ആഭ്യന്തര മന്ത്രി അമിത് ഷാ, കായിക മന്ത്രി കിരണ്‍ റിജിജു തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
അരുണ്‍ ജയ്റ്റ്‌ലിയുടെ പിന്തുണയും പ്രചോദനവുമാണ് വിരാട് കോലി, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, ആശിഷ് നെഹ്‌റ, ഋഷഭ് പന്ത് തുടങ്ങിയവരെ ഇന്ത്യയുടെ അഭിമാന താരങ്ങളായി വളര്‍ത്തിയതെന്ന് ഡി ഡി സി എ അധ്യക്ഷന്‍ രജത് ശര്‍മ പറഞ്ഞു. ജയ്റ്റ്‌ലിയുടെ ഭരണകാലത്താണ് സ്‌റ്റേഡിയം ആധുനിക രീതിയില്‍ നവീകരിക്കുകയും കൂടുതല്‍ ക്രിക്കറ്റ് ആരാധകരെ ഉള്‍ക്കൊള്ളാവുന്ന രീതിയില്‍ വിപുലപ്പെടുത്തുകയും ലോകോത്തര ഡ്രസ്സിംഗ് റൂമുകള്‍ നിര്‍മിക്കുകയും ചെയ്തത്.