പൊടിക്കൈ പാക്കേജ് ഗുണം ചെയ്യുമോ?

Posted on: August 25, 2019 11:12 am | Last updated: August 25, 2019 at 11:18 am

രാജ്യത്തിന്റെ സാമ്പത്തിക നില അതീവ ഗുരുതരാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് നാല് ദിവസം മുമ്പ് ഞങ്ങൾ ഈ പംക്തിയിൽ ചൂണ്ടിക്കാട്ടിയതാണ്. അതിന് അടിവരയിടുന്നതാണ് നീതി ആയോഗ് വൈസ് ചെയർമാന്റെ പ്രസ്താവനയും ധനകാര്യമന്ത്രി സീതാരാമന്റെ സാമ്പത്തിക ഉത്തേജന പദ്ധതി പ്രഖ്യാപനവും. എഴുപത് വർഷത്തിനിടയിലെ ഏറ്റവും വലിയ പണ ക്ഷാമമാണ് രാജ്യത്തെ സാമ്പത്തികമേഖലയിൽ അനുഭവപ്പെടുന്നതെന്നാണ് നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വാർത്ത ഏജൻസിയായ എ എൻ ഐക്ക് നൽകിയ അഭിമുഖത്തിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പ്രതിസന്ധി നിലനിൽക്കുന്നു. സാമ്പത്തിക രംഗം ആകെ കലങ്ങിമറിഞ്ഞു.ജി എസ് ടി, നോട്ട്‌നിരോധം, പാപ്പരത്ത നിയമം എന്നിവക്കു ശേഷം രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സ്വഭാവം തന്നെ മാറിയിട്ടുണ്ട്. വിപണിയിൽ ഇന്നാർക്കും വിശ്വാസമില്ലാതായി. മൂലധന പ്രതിസന്ധി പല സ്ഥാപനങ്ങളേയും പാപ്പരാക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും. ഈ യാഥാർഥ്യം സർക്കാർ ഉൾക്കൊള്ളുകയും പ്രതിസന്ധിയെപ്പറ്റി പൂർണമായും മനസിലാക്കുകയും വേണം. ഇതിനെ അതിജീവിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം. സ്വകാര്യ മേഖലയുടെ ആശങ്കകൾ പരിഹരിക്കാനുള്ള ഇടപെടലുകൾ വേണമെന്നും രാജീവ് കുമാർ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച വാർത്താ സമ്മേളനത്തിലാണ് ധനമന്ത്രി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചത്. ബാങ്കുകൾക്ക് 70,000കോടി സഹായം. ഭവനനിർമാണ മേഖലക്ക് ദേശീയ ഹൗസിംഗ് ബാങ്ക് വഴി20,000 കോടി രൂപ, കോർപറേറ്റ് സ്ഥാപനങ്ങൾ സാമൂഹിക ഉത്തരവാദിത്വത്തിൽ കാണിക്കുന്ന വീഴ്ചകൾ ക്രിമിനൽ കുറ്റമാക്കുന്ന ബജറ്റ് നിർദേശം പിൻവലിച്ചു സിവിൽ കുറ്റമായി ലഘൂകരിക്കൽ, അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽനിന്ന് വിദേശ പോർട്‌ഫോളിയോ നിക്ഷേപകരെ ഒഴിവാക്കൽ, ആദായനികുതി മേഖലയിൽ ഏകീകൃത കമ്പ്യൂട്ടർ സംവിധാനം, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് നിലവിൽ നൽകാനുള്ള ജിഎസ്ടി റിട്ടേൺ ഒരു മാസത്തിനകം കൊടുത്തുതീർക്കൽ, ഓഹരി അടക്കമുള്ള ദീർഘ, ഹ്രസ്വകാല മൂലധന നിക്ഷേപങ്ങൾക്കുള്ള സർചാർജ് എടുത്തുകളയ ൽ,വാഹനമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന് സർക്കാരിന്റെ പഴയ വാഹനങ്ങൾ മാറ്റി പുതിയവാഹനങ്ങൾ വാങ്ങൽ തുടങ്ങിയവയാണ് ഉത്തേജന പദ്ധതികൾ. വിപണിയും സമ്പദ്ഘടനയും തകർച്ചയിലാണെന്ന് വ്യംഗമായി സമ്മതിക്കുകയാണ് സർക്കാർ ഈ പ്രഖ്യാപനത്തിലൂടെ.

ആഗോള തലത്തിൽ സാമ്പത്തിക വളർച്ച ഇടിയുകയും ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയുമാണെങ്കിലും ഇന്ത്യയുടെ സ്ഥിതി മെച്ചമാണെന്ന മുഖവുരയോടെയാണ് സീതാരാമൻ വാർത്താസമ്മേളനം തുടങ്ങിയത്. അമേരിക്കയും ജർമനിയും അടക്കമുള്ള രാജ്യങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരെ അപേക്ഷിച്ചു മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലും ശക്തവുമാണെന്നും മറ്റു രാജ്യങ്ങളിലൊന്നടങ്കം കാര്യം മോശമാണെന്നുമാണ് ഡൊണൾഡ് ട്രംപ് വെള്ളിയാഴ്ച ട്വീറ്റ് ചെയ്തത്. സത്യത്തിൽ ഇരുരാഷ്ട്രങ്ങളെയും വരിഞ്ഞു മുറുക്കുന്നുണ്ട് സാമ്പത്തിക പ്രതിസന്ധി. സർക്കാറിന്റെ പരാജയം മറച്ചു പിടിക്കാൻ വ്യാജ അവകാശവാദങ്ങൾ നടത്തുകയാണ് സീതാരാമനും ട്രംപും. ഇന്ത്യ നേരിടുന്ന കടുത്ത പ്രതിസന്ധി സർക്കാറിന്റെ തന്നെ ഭാഗമായ നീതിആയോഗ് തുറന്നു സമ്മതിക്കുകയും ചെയ്തു.

സർക്കാർ പ്രഖ്യാപിച്ച ഉത്തേജക നടപടികൾ നടപ്പാക്കണമെങ്കിൽ അതിനാവശ്യമായ സാമ്പത്തികാടിത്തറ വേണം. എന്നാൽ പൊതുഖജനാവ് കാലിയാണ്. നികുതി വരുമാനം അടിക്കടി പിന്നോട്ടും. 2019 സാമ്പത്തിക വർഷത്തിൽ നികുതി പിരിവിൽ 1.6 ട്രില്യന്റെ കുറവാണു കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇക്കാലയളവിൽ സാമ്പത്തിക കമ്മി 3.3 ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി വർധിക്കുമെന്ന് ഇടക്കാല ബജറ്റിൽ ചൂണ്ടിക്കാട്ടിയതുമാണ്. മാത്രമല്ല, ഇന്ത്യൻ മൂലധന വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ (എഫ് പി ഐ) വൻതോതിൽ പിൻവലിഞ്ഞു കൊണ്ടിരിക്കയുമാണ്.ആഗസ്റ്റ് ഒന്നുമുതൽ 16 വരെ 10,416.25 കോടി രൂപയുടെ ഇന്ത്യൻ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് അതിസമ്പന്നർക്ക് ഏർപ്പെടുത്തിയ അധിക സർചാർജിൽനിന്ന് വിദേശ നിക്ഷേപകരെ ഒഴിവാക്കാനുള്ള തീരുമാനം. എന്നാൽ വിദേശ നിക്ഷേപകരുടെ പിൻമാറ്റത്തിന് യു എസും ചൈനയും തമ്മിലുള്ള കടുത്ത വ്യാപാര മത്സരമുൾപ്പെടെ മറ്റു പല പശ്ചാത്തലങ്ങളുമുണ്ട്. ബ്രിട്ടൻ യൂറോപ്യൻ വിപണിയുമായി ബന്ധം വിച്ഛേദിക്കുന്നതോടെ ഈ പ്രതികൂലാവസ്ഥ വർധിക്കാനാണ് സാധ്യത.അതിനാൽ സീതാരാമന്റെ പൊടിക്കൈകൾ കൊണ്ട് സമ്പദ്ഘടന രക്ഷപ്പെടാൻ പ്രയാസമാണ്.സാമ്പത്തിക കമ്മി നേരിടുന്നതിന് സർക്കാർ ഉപയോഗിക്കുന്ന പ്രധാന മാർഗം വിപണിയിൽ നിന്നുള്ള വായ്പയാണ്. നിലവിൽ തന്നെ വലിയൊരു കടബാധ്യത സർക്കാറിനുണ്ട്. 2005-06 വർഷത്തിൽ 15305 കോടി രൂപയാണ് കേന്ദ്രം വിപണിയിൽ നിന്ന്‌വായ്പയെടുത്തതെങ്കിൽ 2018-19 വർഷം ഇത് 440716 കോടിയായി ഉയർന്നു.പതിമൂന്ന് വർഷത്തിനകം 29 മടങ്ങാണ് വായ്പാ വളർച്ചാ നിരക്ക് ഉയർന്നത്. ഇതേ കാലയളവിൽ സർക്കാർ നൽകിയ പലിശയുടെ നിരക്ക് 320 ശതമാനം ഉയർന്നിട്ടുമുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കുമ്പോൾ ഫലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക കമ്മി ഇനിയും കുത്തനെ വർധിക്കും. ഇത്തരത്തിലുള്ള പൊടിക്കൈ പാക്കേജുകൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പക്ഷം. മാന്ദ്യത്തിന്റെ ശരിയായ കാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള ആത്മാർഥമായ ശ്രമമാണ് ഇപ്പോഴാവശ്യം. ഇതാണ് നീതിആയോഗ് ചൂണ്ടിക്കാട്ടിയതും.