Eranakulam
റോഡുകളുടെ ശോച്യാവസ്ഥ: ജല അതോറിറ്റിക്കു മുമ്പില്‍ കൊച്ചി മേയറുടെ കുത്തിയിരിപ്പ് സമരം

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് കൊച്ചി മേയര്‍ സൗമിനി ജയിന്‍ ജല അതോറിറ്റിക്കു മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജല അതോറിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടത്തി റോഡ് അറ്റകുറ്റപ്പണികള്‍ക്കായി വിട്ടു കൊടുക്കുന്നില്ലെന്നായിരുന്നു മേയറുടെ ആരോപണം. വാട്ടര്‍ അതോറിറ്റി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറുടെ ഓഫീസിന് മുമ്പില്‍ രണ്ടു മണിക്കൂറിലേറെ കുത്തിയിരിപ്പ് സമരം നടത്തിയ മേയര്‍ ജോലികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കുമെന്ന് ജല അതോറിറ്റിയില്‍ നിന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതോടെയാണ് സമരം അവസാനിപ്പിച്ചത്.
28-ാം തീയതിക്കകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ കൊച്ചി കോര്‍പ്പറേഷന് കൈമാറുമെന്നാണ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉറപ്പ് നല്‍കിയത്. മേയര്‍ക്ക് പിന്തുണയുമായി ഹൈബി ഈഡന്‍ എം പിയും സ്ഥലത്തെത്തിയിരുന്നു. നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ കാരണം കൊച്ചി കോര്‍പറേഷനെതിരെ ജനരോഷം ഉയര്‍ന്ന സാഹചര്യത്തിലാണ് മേയര്‍ പ്രതിഷേധവുമായി എത്തിയത്.