പ്രളയബാധിതർക്ക് സ്വകാര്യ ആശുപത്രികളിൽ സൗജന്യ ചികിത്സ: ഐ എം എ

Posted on: August 18, 2019 3:38 pm | Last updated: August 18, 2019 at 3:38 pm

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ബാധിതർക്ക് പ്രളയ പ്രദേശങ്ങളുടെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിൽ ഇന്ന് മുതൽ സൗജന്യ ചികിത്സ ലഭ്യമാക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. പ്രളയ ബാധിതരായ രോഗികൾക്ക് ആവശ്യാനുസരണമുള്ള ചികിത്സ നൽകുകയും സൗജന്യമായി മരുന്ന് നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

ഐ എം എ സമാഹരിച്ച മരുന്നുകളും മറ്റ് ചികിത്സ സംബന്ധമായ വസ്തുവകകളും സൗജന്യമായി ഈ ആശുപത്രികൾ വഴി വിതരണം ചെയ്യും. സർക്കാർ സംവിധാനത്തിൽ നടത്തി വരുന്ന മെഡിക്കൽ ക്യാമ്പുകളിൽ നൽകി വരുന്ന സഹായങ്ങൾക്ക് പുറമെയാണിത്. പ്രളയം കൂടുതൽ രൂക്ഷമായ ജില്ലകളിലാണ് ഇത്തരം സൗജന്യ ക്ലിനിക്കുകൾ ആരംഭിക്കുകയെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. എം ഇ സുഗതൻ, സെക്രട്ടറി ഡോ. സുൾഫി നൂഹ് അറിയിച്ചു.