Travelogue
കരളലിയിപ്പിക്കും കിഴക്കൻ ചിത്രങ്ങൾ

ദാരിദ്ര്യത്തിന്റെ തീച്ചൂളയിൽ വെന്തുരുകുന്ന പശ്ചിമ ബംഗാളിലെ കിഷൻഗഞ്ചിലെ ഗ്രാമത്തിലേക്കാണ് ഞങ്ങൾ ആദ്യമായി ചെന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിൽ പിന്നെ ഭീതി കാരണം വീടുവിട്ട് പുറത്തിറങ്ങാത്ത വലിയൊരു വിഭാഗം അവിടെയുണ്ടെന്ന് പിന്നീടങ്ങോട്ടുള്ള യാത്രയിൽ മനസ്സിലായി. തേയിലയും പരുത്തിയും ചോളവും കൃഷി ചെയ്ത് ജീവിക്കുന്ന നിർധനർ. ദാരിദ്ര്യത്തിന്റെ മുഖം മറക്കാൻ രാപ്പകൽ അധ്വാനിക്കുന്നവർ. കുട്ടികൾക്ക് പോലും ഒരു നേരം വയർ നിറക്കാൻ ലഭിക്കാത്ത പരിതാപകരമായ അവസ്ഥ. വീടുകളുടെയും വിദ്യാലയങ്ങളുടെയും വികസനകാര്യത്തിൽ ഗ്രാമങ്ങൾ ഇന്നും ദശാബ്ദങ്ങൾ പിന്നിലാണ്.
ഐ ഡബ്ല്യു എ (ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ) എന്ന കൂട്ടായ്മയുടെ കീഴിൽ ഡോ. ഫാറൂഖ് നഈമിയുടെ നേതൃത്വത്തിൽ കഴിഞ്ഞ റമസാൻ മുഴുവൻ സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കാൻ ലഭിച്ച അവസരമാണ് ഉത്തരേന്ത്യൻ ദുരിതത്തിന്റെ കയ്പ്പനുഭവങ്ങൾ സമ്മാനിച്ചത്. ബാത്ത്‌റൂമുകളിൽ തലചായ്ച്ചും വ്രതമനുഷ്ഠിച്ചുമുള്ള ട്രെയിനിലെ നാല് പകലിരവുകൾ ജീവിതത്തിലെ മായാത്ത ഓർമകളാണ്. അങ്ങനെ ബംഗാളികളും കേരളീയരും ഒരുമിച്ചുള്ള യാത്ര ആധുനികതയുടെ യാതൊരു തിളക്കവും പകിട്ടും തൊട്ടുതീണ്ടാത്ത ബംഗാളിലെ ഉൾഗ്രാമങ്ങളുടെ വിലാപത്തിന് സാക്ഷിയാക്കി. മുഷിഞ്ഞ വസ്ത്രം ധരിച്ച, ചെളി പുരണ്ട കുഞ്ഞുകരങ്ങളാണ് ഞങ്ങളെ സ്വീകരിക്കാനുണ്ടായിരുന്നത്. “ബംഗാൾ” ജീവിതത്തിലെ സ്വപ്നം മാത്രമായി. ബംഗാളിന്റെ മണ്ണിലേക്ക് കാലുകുത്തിയപ്പോൾ സ്വശരീരം മറന്ന് ആ ചായക്കൂട്ടിലേക്കൊന്ന് നെടുവീർപ്പിട്ടു.
വൈലോപ്പിള്ളിയുടെ “ആസാം പണിക്കാർ”
പഠന രംഗത്ത് വലിയ മികവ് കണ്ടെത്താൻ ശ്രമിക്കാത്ത മേലധികാരികൾ. അക്ഷരമാല പോലും നുകരാൻ കഴിയാതെ പോയ ബാല്യങ്ങൾ. വീട്ടിലെ സാഹചര്യങ്ങൾ മൂലം വിറങ്ങലിച്ചും വീർപ്പുമുട്ടിയും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി മാത്രം സ്‌കൂളിലെത്തുന്ന വളരെ പരിതാപകരമായ അവസ്ഥ. കേരളത്തിന്റെ തനിമയാർന്ന പ്രകൃതിയിൽ വളർന്ന ഞങ്ങൾക്ക് ബംഗാളിന്റെ മണ്ണ് സ്പർശനമേകിയപ്പോൾ സ്വന്തം നാടിനെ മറന്നു പോയി, ഒരു നിമിഷം.
സ്വീകരിക്കാനായാലും വിശേഷങ്ങളറിയാനായാലും തിടുക്കം കൂട്ടിയ അവരുടെ മനസ്സിനെ അടുത്തറിയാൻ വളരെയേറെ താമസിച്ചുപോയി. പത്താം തരത്തിലെ വൈലോപ്പിള്ളിയുടെ “ആസാം പണിക്കാർ” എന്ന പാഠഭാഗം ഓർത്തു.
ഓരോ ഗ്രാമത്തിലെയും അവസ്ഥ ഒന്നിനൊന്ന് കഷ്ടമാണ്. കുടുംബത്തിലെ ചെറിയ അംഗങ്ങൾ തൊട്ട് മുതിർന്നവർ വരെ പാടത്ത് പണിയെടുക്കുന്നു. പൊരിവെയിലത്ത് ഉരുളക്കിഴങ്ങ് പെറുക്കി മണ്ണ് തട്ടിക്കളഞ്ഞ് തങ്ങളേക്കാൾ വലിയ ചാക്കിൽ നിറക്കുകയാണ് ഓരോരുത്തരും. 10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടികൾ മുതൽ പ്രായമായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ കുട്ടികൾ എന്തുകൊണ്ടാണ് പഠിക്കാത്തതെന്ന ചോദ്യത്തിന്റെ ഉത്തരം കരളലിയിപ്പിക്കുന്നതായിരുന്നു. “ഒരു ചാക്ക് ഉരുളക്കിഴങ്ങ് പെറുക്കിയാൽ പത്ത് രൂപയാണ് കിട്ടുക. കുടുംബത്തിലെ എല്ലാവരും വന്ന് പണിയെടുത്താൽ പത്ത് ചാക്ക് നിറക്കാൻ കഴിയും. 100 രൂപയെങ്കിലും ദിവസവും കിട്ടിയില്ലെങ്കിൽ ഞങ്ങളെങ്ങനെ ജീവിക്കും മൗലാനാ?” എന്ന മറുപടി നിസ്സഹായതയോടെ കേട്ടുനിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ. ഇതൊരു കുടുംബത്തിന്റെ മാത്രം കദന കഥയല്ല. പശ്ചിമ ബംഗാളിലെ ഇസ്‌ലാംപൂർ ഗ്രാമത്തിന്റെ പൊതു ചിത്രമാണ്.
നിസ്‌കരിക്കാൻ മസ്ജിദും പഠിക്കാൻ മദ്‌റസയും സ്‌കൂളൊമൊക്കെ അവരുടെ സ്വപ്നങ്ങൾ മാത്രമായിരുന്നു. ഇതിലേറെ പരിതാപകരമാണ് ബിഹാർ, അസ്സാം, ഒഡീഷ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ. ഖുർആനിലെ പ്രഥമ അധ്യായമായ ഫാത്തിഹ പോലും ഓതാൻ അറിയാത്തവർ. ഇസ്‌ലാമിന്റെ ബാക്കി കാര്യങ്ങൾ പറയേണ്ടതില്ലല്ലോ. അക്ഷരാർഥത്തിൽ മുസ്‌ലിം നാമധാരികൾ.
വീടുകൾ
ദാരിദ്ര്യ ചിഹ്നങ്ങൾ
പരന്നു കിടക്കുന്ന വയലുകളിൽ നിറയെ ചോളവും നെല്ലും. അങ്ങിങ്ങായി പുല്ലും ഈറ്റയും വെച്ചുപിടിപ്പിച്ച കുടിലുകൾ. തികഞ്ഞ ദരിദ്ര കർഷക ഗ്രാമങ്ങൾ. അവിടുത്തെ ഓരോ വീടും ദാരിദ്ര്യത്തിന്റെ ചിഹ്നം ഉയർത്തിക്കാട്ടുന്നു. കന്നുകാലികളുമായി ഒട്ടിച്ചേർന്നുള്ള സാധാരണക്കാരുടെ ജീവിതം ഇന്നലെകളെ ഓർമിപ്പിക്കുന്നതായിരുന്നു. മണ്ണ് പൊത്തി ചാണകം തേച്ച വീടുകൾ ഇവിടുത്തെ പ്രത്യേകതയാണ്. ഇങ്ങോട്ടുള്ള ഞങ്ങളുടെ വരവ് അവരിൽ വലിയ സ്വാധീനം ചെലുത്തി. സാമൂഹിക, കാരുണ്യ, സാന്ത്വന പ്രവർത്തനങ്ങളിലൂടെ ബംഗാളിലെ ഉൾഗ്രാമങ്ങളിലുള്ള ധാരാളം വീടുകളിലേക്ക് കടന്നുചെല്ലാൻ ഞങ്ങൾക്ക് സാധിച്ചു. മനോഹര കാഴ്ചകളുമായി വാഹനത്തിലൂടെയുള്ള യാത്ര ബിഹാറിന്റെ ബോർഡ് കടന്ന് ലക്ഷ്യസ്ഥാനമായ ക്യാമ്പിലേക്കെത്തി. താരതമ്യേന രൂക്ഷമായ ഭക്ഷണ ദൗർലഭ്യത. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ 16 മണിക്കൂർ ദൈർഘ്യമേറിയ റമസാനിലെ പകലുകൾ ഇഫ്താറിലും ചാരിറ്റിയിലും സാമൂഹിക പ്രവർത്തനത്തിലുമായി കടന്നുപോയി. ഉത്തർ ദിനാജ്പൂരിലെ പാച്ചുറസിയയിൽ ആയിരങ്ങൾ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ ബിരിയാണി എന്തെന്നറിയാത്ത നാല് വയസ്സുള്ള പിഞ്ചു ബാലന്റെ അരികിലേക്ക് ഭക്ഷണ പാത്രവുമായി ചെന്ന നിമിഷം. കൊടുക്കാൻ പാത്രമില്ലാതെ വന്ന അവസരത്തിൽ ആ കുഞ്ഞുമോൻ നിഷ്‌കളങ്കമായി തന്റെ വസ്ത്രം ഊരി നീട്ടിയത് മനസ്സിന്റെ അകത്താളുകൾക്ക് മുറിവേൽപ്പിച്ച ബംഗാളിലെ പച്ചയായ ജീവിതങ്ങളുടെ നേർകാഴ്ചകളിൽ ചിലതായിരുന്നു. മുടിയും ചനലും തേളും ദാലും അഥവാ നാട്ടിലെ പൊരി കടുകെണ്ണ, പരിപ്പ് തുടങ്ങിയവ കഴിച്ചുള്ള പുലരികൾ. ഭർത്താക്കന്മാരുടെ പേര് പറയാൻ മടിക്കുന്ന ആർഷഭാരത സംസ്‌കാരത്തിന്റെ ജീവിക്കുന്ന പ്രതീകങ്ങളായാണ് അവിടുത്തെ സ്ത്രീകളെ കാണാനായത്. ദാരിദ്ര്യം ആണെങ്കിലും സത്കരിക്കുന്ന കാര്യത്തിൽ അവർ നമുക്ക് മാതൃകയാണ്.
ഓഖിയേക്കാൾ ദുരന്തം വിതച്ച ഒഡീഷയിലെ ഫോനിയെ കുറിച്ച് പറയാതെ പോകാൻ കഴിയില്ല. യാത്ര തിരിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒഡീഷയിലെ ജാജ്പൂരിലെ ഗ്രാമങ്ങളിൽ കണ്ട കാഴ്ചകൾ ഈറനണിയിക്കുന്നതായിരുന്നു. വീടുകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർ, വൈദ്യുതിയില്ലാതെ വിളക്ക് കത്തിക്കാൻ പോലും മണ്ണെണ്ണയില്ലാതെ ദിവസങ്ങളോളം ഇരുട്ടിൽ കഴിയുന്നവർ, കിടപ്പാടം നഷ്ടപ്പെട്ട് കൂരിരുട്ടിൽ റോഡിലും പാടത്തും ഉറങ്ങുന്നവർ. ഇങ്ങനെ ഒരുപാട് കരളലിയിപ്പിക്കുന്ന ചിത്രങ്ങൾ ബംഗാളിലെയും ഒഡീഷയുടെയും സ്ഥിരം കാഴ്ചകളാണ്. ഇതിലും ദാരിദ്ര്യം നിറഞ്ഞ പല ഗ്രാമങ്ങളിലേക്കും ഇനിയും ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. ബംഗാളിലെയും ബിഹാറിലെയും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും ധാരാളം ഗ്രാമങ്ങളിലേക്ക് ശാരീരികമായും സാമ്പത്തികമായും ഐ ഡബ്ല്യു എക്ക് സഹായങ്ങളുമായി കടന്നുചെല്ലാൻ സാധിച്ചിട്ടുണ്ട്.
രാംഗഞ്ചിലെ കൊച്ചു ഗ്രാമങ്ങളോട് വിടപറഞ്ഞ് ബംഗാളിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് യാത്ര തിരിച്ചത് മുതൽ ട്രെയിനിന്റെ ജനാലയരികിലിരുന്നുള്ള കാണാക്കാഴ്ചകൾ. മണിക്കൂറുകളും ദിവസങ്ങളും പിന്നിടുമ്പോൾ ഉള്ളിൽ വിങ്ങലായി ബംഗാളിന്റെ മായാത്ത ഓർമകളും മുഖചിത്രങ്ങളും. മാടിവിളിക്കുന്ന പ്രകൃതിഭംഗിയും.
ഹാഫിസ് ബിലാൽ
• bilalkaruva@gmail.com