Malappuram
മണ്ണിടിഞ്ഞത് 36 ഇടങ്ങളില്‍; നാടുകാണി ചുരം വഴി ഗതാഗതം നിലച്ചിട്ട് ഒരാഴ്ച

നിലമ്പൂര്‍: നാടുകാണിച്ചുരം റോഡ് പ്രളയത്തില്‍ തകര്‍ന്നതിനാല്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. കഴിഞ്ഞ എട്ടിന് കവളപ്പാറ ഉരുള്‍പൊട്ടലുണ്ടായ ദിവസം തന്നെയാണ് ചുരത്തില്‍ പാറകളും മണ്ണുമിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടത്. 2007ല്‍ ചുരം റോഡിലെ വിള്ളല്‍ കാരണം മൂന്നര മാസത്തോളം ഗതാഗതം തടസ്സപ്പെട്ടതിന് ശേഷം ഇതാദ്യമാണ് ചുരത്തില്‍ തുടര്‍ച്ചയായി ഒരാഴ്ചയോളം ഗതാഗതം മുടങ്ങുന്നത്.
വഴിക്കടവ് ആനമറി മുതല്‍ സംസ്ഥാന അതിര്‍ത്തി വരെ 36 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. പല ഭാഗങ്ങളിലായി കല്ലും മരങ്ങളും റോഡില്‍ ചിതറി കിടക്കുന്നുമുണ്ട്.
ചിലയിടങ്ങളില്‍ റോഡ് പോലും കാണാന്‍ കഴിയാത്ത അവസ്ഥയാണ്. തേന്‍പാറക്കു സമീപം പാറ റോഡിലേക്ക് വീണു ഗര്‍ത്തം രൂപപ്പെട്ട നിലയിയിലാണ്. ഇവിടെ ഗതാഗത യോഗ്യമാകണമെങ്കില്‍ പാലം നിര്‍മിക്കേണ്ടി വരുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ചിലയിടങ്ങളിലെ തടസ്സം നീക്കിയെങ്കിലും ഗതാഗതം പുന:സ്ഥാപിക്കാന്‍ ഉടന്‍ സാധ്യമാകില്ല. നാടുകാണി -പരപ്പനങ്ങാടി റോഡ് റോഡ് നവീകരണവും ഇതോടെ നിര്‍ത്തിവെച്ചിരിക്കുകയാണ്. റോഡ് നവീകരണം നടത്തിയ ഭാഗങ്ങളില്‍ റോഡും സംരക്ഷണ ഭിത്തിയും തകര്‍ന്നിട്ടുണ്ട്. അന്തര്‍ സംസ്ഥാന പാത അടഞ്ഞതോടെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ താമരശ്ശേരി ചുരത്തിലൂടെയാണ് കേരളത്തിലെത്തുന്നത്.
കെ എസ് ആര്‍ ടി സിയും ഇതര സംസ്ഥാന ബസുകളും സര്‍വീസ് റദ്ദാക്കുകയും ചെയ്തു. നാടുകാണി ചുരത്തിലെ ഗതാഗത തടസ്സം ഗൂഡല്ലൂര്‍ മലയാളികളെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. ഗൂഡല്ലൂര്‍, നാടുകാണി, ദേവാല, താഴെ നാടുകാണി ഭാഗങ്ങളിലെ നിവധി പോരാണ് ബസിലും മറ്റുമായി എല്ലാ ദിവസങ്ങളിലും കേരളത്തിലെത്തിയിരുന്നത്. വിവിധ ജോലികള്‍ക്കായി ചുരത്തിലൂടെ യാത്ര ചെയ്യുന്നവരും പെരുവഴിയിലായിരിക്കുകയാണ്. അതേസമയം അതിര്‍ത്തിക്ക് മുകളിലുള്ള ഭാഗം തമിഴ്‌നാട് പൊതുമരാമത്തു വകുപ്പ് ഗതാഗതഗ യോഗ്യമാക്കിയിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തിവരെ പതിനൊന്നര കിലോമീറ്റര്‍ ഗതാഗത യോഗ്യമാക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരും.