Ongoing News
ലാറ ഇറങ്ങും, ഇന്ത്യ സൂക്ഷിക്കണം !

ആന്റിഗ്വെ: വിന്‍ഡീസിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ ഒന്ന് വിയര്‍ക്കും. വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ പാകപ്പെടുത്താന്‍ ബ്രയാന്‍ ലാറ എന്ന ഇതിഹാസ ബാറ്റ്‌സ്മാന്‍ ക്യാമ്പിലെത്തും.
സഹായത്തിന് രാംനരേശ് സര്‍വനും എത്തും. വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ജിമ്മി ആഡംസ് ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പ്രീ സീരീസ് ക്യാമ്പില്‍ രണ്ട് താരങ്ങളും അവരുടെ പരിചയ സമ്പത്ത് കളിക്കാരുമായി പങ്കുവെക്കും.
രണ്ട് ടെസ്റ്റുകളാണ് പരമ്പരയില്‍. ഈ മാസം 22ന് ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിചാര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആദ്യ ടെസ്റ്റ് ആരംഭിക്കും. രണ്ടാം ടെസ്റ്റ് ആഗസ്റ്റ് 30ന് ജമൈക്കയിലെ സബിന പാര്‍ക്കില്‍.
ഐ സി സി വിഭാവനം ചെയ്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിരിക്കും ഈ ടെസ്റ്റ് മത്സരങ്ങള്‍.
വിന്‍ഡീസ് ക്രിക്കറ്റിന്റെഭാവി ശോഭനമാണ്. ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുയോജ്യരായ പുതുതാരങ്ങള്‍ ടീമിലുണ്ട്. ലാറയെ പോലെ ഐതിഹാസിക ഇന്നിംഗ്‌സുകള്‍ കളിച്ച വ്യക്തിക്ക് അവരെ പ്രചോദിപ്പിക്കാന്‍ സാധിക്കും – ജിമ്മി ആഡംസ് പറഞ്ഞു. 131 ടെസ്റ്റുകളില്‍ നിന്നായി 11953 റണ്‍സാണ് ബ്രയാന്‍ ലാറയുടെ കരിയര്‍ നേട്ടം. വിന്‍ഡീസിന്റെ ലീഡിംഗ് സ്‌കോററും ലാറയാണ്. 2004 ല്‍ ഇംഗ്ലണ്ടിനെതിരെ ലാറ 400 നോട്ടൗട്ട് കുറിച്ച് ചരിത്രം കുറിച്ചിരുന്നു. ടെസ്റ്റില്‍ ആദ്യമായി നാനൂറ് റണ്‍സ് നേടിയ ഏക താരം ലാറയാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വാര്‍വിക്ഷൈറിനെതിരെ ലാറ നേടിയ 501 നോട്ടൗട്ട് ഇന്നും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡാണ്.