കശ്മീര്‍ വിഷയം യു എന്‍ രക്ഷാസമതി ഇന്ന് അടച്ചിട്ട മുറിയില്‍ ചര്‍ച്ച ചെയ്യും

Posted on: August 16, 2019 10:21 am | Last updated: August 16, 2019 at 3:22 pm

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി യു എന്‍ രക്ഷാസമിതി ഇന്ന് ചര്‍ച്ച ചെയ്‌തേക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴരക്ക് അടച്ചിട്ട മുറിയിലാണ് അനൗദ്യോഗിക ചര്‍ച്ച നടക്കുക. കശ്മീര്‍ വിഷയം രക്ഷാസമിതി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 14ന് സമിതിക്ക് ചൈന കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രഹസ്യ സ്വഭാവമുള്ള അടിയന്തര യോഗം ചേരുന്നത്. എന്നാല്‍ അമേരിക്ക, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണ ഇക്കാര്യത്തില്‍ രക്ഷാസമതിയില്‍ സ്ഥിരാംഗമായ ചൈനക്കില്ല. കശ്മീര്‍ വിഷയം ഉഭയകക്ഷി ചര്‍ച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്ന നിലപാടാണ് ഈ രാജ്യങ്ങള്‍ക്കുള്ളത്.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ എടുത്ത് കളഞ്ഞ വിജ്ഞാപനത്തിനും മാധ്യമ നിയന്ത്രണത്തിനും എതിരായ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക.