Editorial
പെരുന്നാളില്ലാതെ കശ്മീരികള്‍

പെരുന്നാളിന്റെ യാതൊരു ആഘോഷവും പൊലിവുമില്ലാതെയാണ് കശ്മീരില്‍ ബലിപെരുന്നാള്‍ കടന്നു പോയത്. കശ്മീരിന് അനുവദിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന്റെ ഭാഗമായി സൈന്യം കൂടുതല്‍ പിടിമുറുക്കിയ ഇവിടെ ജനങ്ങൾ ഭീതിയിലാണ്. നെറ്റ്‌വര്‍ക്കുകളെല്ലാം എടുത്തു കളഞ്ഞതോടെ പരസ്പരം ബന്ധപ്പെടാനോ ആശയവിനിമയത്തിനോ നിര്‍വാഹമില്ലാതായി. സ്‌കൂളുകളും ഓഫീസുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. പൊതുവാഹനങ്ങള്‍ ഓടുന്നില്ല. ജനങ്ങളുടെയും മനുഷ്യാവകാശ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ശക്തമായ ആവശ്യത്തെ തുടര്‍ന്ന് പെരുന്നാള്‍ ആഘോഷിക്കാനായി കര്‍ഫ്യൂവില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും പെരുന്നാള്‍ തലേന്ന് അത് പിന്‍വലിച്ചു. കര്‍ഫ്യൂവില്‍ ഇളവ് വരുത്തിയതിന്റെ ആശ്വാസത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങിയ കശ്മീരികള്‍, ഏറെ താമസിയാതെ ഇളവ് പിന്‍വലിച്ചതിനാല്‍ ഉടനെ വീട്ടിലേക്ക് മടങ്ങിപ്പോകാനും തുറന്ന കടകമ്പോളങ്ങള്‍ അടച്ചിടാനും ആവശ്യപ്പെട്ടു കൊണ്ടുള്ള പോലീസ് അനൗണ്‍സ്‌മെന്റാണ് കേള്‍ക്കാനിടയായത്.
കശ്മീരിന്റെ പ്രത്യേക അവകാശങ്ങളും സംസ്ഥാന പദവിയും എടുത്തു കളഞ്ഞതിെനതിരെ ശക്തിപ്പെട്ടു വരുന്ന പ്രതിഷേധവും പ്രക്ഷോഭങ്ങളുമാണ് കര്‍ഫ്യൂവില്‍ വരുത്തിയ ഇളവ് പൊടുന്നനെ പിന്‍വലിക്കാന്‍ കാരണമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കശ്മീര്‍ ശാന്തമാണെന്നും 370ാം വകുപ്പ് പിന്‍വലിച്ചതിനെതിരെ കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായില്ലെന്നുമുള്ള സര്‍ക്കാര്‍ വാദത്തെ നിരാകരിച്ചു കൊണ്ട്, താഴ്‌വരയില്‍ കനത്ത പ്രതിഷേധം അരങ്ങേറുന്നതായി ന്യൂയോര്‍ക്ക് ടൈംസ്, ബി ബി സി, അല്‍ ജസീറ, റോയിട്ടേഴ്‌സ് തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കശ്മീരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബി ബി സി പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു.
ന്യൂയോര്‍ക്ക് ടൈംസ് പ്രതിഷേധത്തിന്റെ വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കശ്മീരില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണ്. മരുന്നുകള്‍ ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ക്ക് പോലും ക്ഷാമം അനുഭവപ്പെടുന്നു. കര്‍ഫ്യൂ ഇടവേളകളില്‍ പോലും പുറത്തിറങ്ങി നടക്കാന്‍ സൈനികരോട് യാചിക്കേണ്ട അവസ്ഥ. ചിലയിടങ്ങളില്‍ ഒരോ കുടുംബത്തിന്റെയും വീടുകള്‍ക്ക് മുന്നില്‍ ഒരു സൈനികന്‍ എന്ന നിലയില്‍ നിര്‍ത്തിയിട്ടുണ്ട്. എന്നിട്ടും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവസരം കിട്ടുമ്പോഴെല്ലാം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘങ്ങള്‍ പ്രതിഷേധവുമായി ഇറങ്ങുകയും കല്ലേറ് നടത്തുകയും ചെയ്യുന്നതായി ബാരമുല്ലയിലുള്ള രവി കാന്ത് എന്ന സൈനികനെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ സേന പെല്ലറ്റ് തോക്ക് ഉള്‍പ്പെടെ അതീവ മാരകമായ ആയുധങ്ങള്‍ ഉപയോഗിച്ചാണ് പ്രതിഷേധക്കാരെ നേരിടുന്നത്. പെല്ലറ്റ് പ്രയോഗത്തില്‍ നിന്ന് രക്ഷപ്പെടാനായി ശ്രീനഗറിലെ ശേറേ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്ന് സ്ത്രീകളും കുട്ടികളും വെള്ളത്തിലേക്ക് ചാടിയതായി ഒരു ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വെളിപ്പെടുത്തി. ജനകീയ പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള സൈനിക നടപടിയില്‍ ആളുകള്‍ മരിച്ചു വീഴുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ചൂണ്ടിക്കാട്ടി. മാത്രമല്ല, മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി, ബി ജെ പിയുടെ മുന്‍ സഖ്യകക്ഷിയായ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ തുടങ്ങി നാൽപ്പതോളം രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലില്‍ തുടരുകയാണ്.
കശ്മീരിലെ പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞ നീക്കത്തോട് പ്രദേശത്തെ മുസ്‌ലിം വിഭാഗത്തിനു മാത്രമല്ല, ജാതിമത ഭേദമന്യേ എല്ലാ വിഭാഗങ്ങള്‍ക്കുമുണ്ട് എതിര്‍പ്പ്. 370ാം വകുപ്പ് പിന്‍വലിച്ചെന്നു കരുതി എല്ലാവര്‍ക്കും ഇവിടെ ഭൂമി വാങ്ങാന്‍ അനുമതി നല്‍കരുതെന്നും പുറത്തു നിന്നുള്ളവര്‍ക്ക് അതിനു നിയന്ത്രണമേര്‍പ്പെടുത്തണമെന്നും കഴിഞ്ഞ ദിവസം ജമ്മു- കശ്മീര്‍ ബി ജെ പി യോഗം തന്നെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാറിന്റെ അനുമതിയില്ലാതെ പുറത്തു നിന്നുള്ളവര്‍ക്ക് ഭൂമി വാങ്ങാനാകില്ലെന്ന കാര്യം ജമ്മു-കശ്മീര്‍ ബി ജെ പി അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന ചൂണ്ടിക്കാട്ടുകയും ചെയ്തു. ഉത്തരാഖണ്ഡില്‍ പുറമെ നിന്നുള്ളവര്‍ക്ക് 250 ചതുരശ്ര അടി ഭൂമി വാങ്ങാനുള്ള അനുമതിയേ ഉള്ളൂ. ഭരണഘടനയുടെ 371 വകുപ്പ് പ്രകാരം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. ആന്ധ്ര, കര്‍ണാടക, ഗോവ സംസ്ഥാനങ്ങള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്.
സംഘ്പരിവാറിന്റെ വര്‍ഗീയ അജന്‍ഡ നടപ്പാക്കിയെന്നല്ലാതെ കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ നടപടിയെ രാജ്യത്തെ മതേതര പ്രസ്ഥാനങ്ങളോ, അന്താരാഷ്ട്ര സമൂഹമോ അംഗീകരിക്കുന്നില്ല. താഴ്‌വരയില്‍ സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നാണ് അവിടെ നിന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഇത് സര്‍ക്കാറിന് മോശം പ്രതിച്ഛായയും വരുത്തിവെച്ചു. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര നേതാക്കളും കശ്മീരിലെ സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്ന കാര്യം ശ്രദ്ധേയമാണ്.