മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ലക്ഷം നല്‍കി ഇന്നസെന്റ്

Posted on: August 13, 2019 10:32 pm | Last updated: August 14, 2019 at 10:39 am

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നു ലക്ഷം രൂപ സംഭാവന നല്‍കി നടനും മുന്‍ എം പിയുമായ ഇന്നസെന്റ്. മുന്‍ എം പിയെന്ന നിലയില്‍ ലഭിക്കുന്ന ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയാണ് സംഭാവന നല്‍കിയത്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് കൈമാറി. 25000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍.

ഇതൊന്നും വിളിച്ചുപറയാന്‍ താത്പര്യമില്ലെന്നും എന്നാല്‍, ഇതു കണ്ട് ഒരാളെങ്കിലും ആവര്‍ത്തിച്ചാല്‍ അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും എന്നു കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇന്നസെന്റ് ഫേസ് ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താത്പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എം പി ആയിരിക്കേ രണ്ട് സന്ദര്‍ഭങ്ങളിലായി ആറു മാസത്തെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം സംഭാവന നല്‍കിയിരുന്നു. ഓഖി ദുരന്തകാലത്ത് രണ്ടു മാസത്തേയും 2018ലെ പ്രളയകാലത്ത് നാലു മാസത്തേയും വേതനമാണ് നല്‍കിയത്. 3 ലക്ഷം രൂപ അന്നും ഇന്നസെന്റിന്റെ സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയില്‍ ലഭിച്ചു.