National
ശ്രീനഗര്‍ പട്ടണത്തില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിച്ചു

ശ്രീനഗര്‍: ബലിപെരുന്നാള്‍ മുന്‍നിര്‍ത്തി ശ്രീനഗര്‍ പട്ടണത്തില്‍ ഇന്ന് രാവിലെ ഭാഗികമായി പിന്‍വലിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഉച്ചക്കു ശേഷം പുനസ്ഥാപിച്ചു. ജനങ്ങളോട് തെരുവില്‍ നിന്ന് വീടുകളിലേക്ക് മടങ്ങാനും കടകള്‍ അടയ്ക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചതിനെ തുടര്‍ന്ന് രാവിലെ തുറന്ന കടകളില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങി.
ശ്രീനഗറിലെ പ്രധാന വ്യാപാര കേന്ദ്രമായ ലാല്‍ ചൗക്ക് അടച്ചുകെട്ടി സീല്‍ ചെയ്ത നിലയിലാണ്. ഇവിടെ വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. എ ടി എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും എവിടെയും നീണ്ട ക്യൂ കാണപ്പെട്ടില്ല. ബലിപെരുന്നാള്‍ ദിവസമായ തിങ്കളാഴ്ച നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുമോയെന്ന കാര്യം വ്യക്തമല്ല. ജാമിയ മസ്ജിദ്, ദര്‍ഗ ഹസ്‌റത്ത്ബാല്‍ തുടങ്ങിയ പള്ളികളിലൊന്നും പെരുന്നാള്‍ നിസ്‌കാരത്തിന് അനുമതിയില്ല. അതേസമയം, സംസ്ഥാനത്ത് സ്ഥിതിഗതികള്‍ ശാന്തമാണെന്ന് അധികൃതര്‍ അറിയിച്ചു.