മോദിയും അമിത് ഷായും കൃഷ്ണാര്‍ജുനന്മാര്‍; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പുകഴ്ത്തി രജനീകാന്ത്

Posted on: August 11, 2019 8:16 pm | Last updated: August 11, 2019 at 8:16 pm

ചെന്നൈ: ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പുകഴ്ത്തി നടന്‍ രജനീകാന്ത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിക്കുന്നതായും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയം അവതരിപ്പിച്ച് അമിത് ഷാ പാര്‍ലിമെന്റില്‍ നടത്തിയ പ്രസംഗം ഗംഭീരമായിരുന്നുവെന്നും രജനീകാന്ത് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനെയും അര്‍ജുനനനെയും പോലെയാണ്. ഇവരില്‍ ആരാണ് കൃഷ്ണനെന്നും ആരാണ് അര്‍ജുനനെന്നും നമുക്കറിയില്ല. അത് അവര്‍ക്ക് മാത്രം അറിയുന്ന കാര്യമാണ്. ഉപരാഷ്ട്രപതിയായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ വെങ്കയ്യ നായിഡുവിന്റെ ‘ലിസണിംഗ്, ലേണിംഗ് ആന്‍ഡ് ലീഡിംഗ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രജനീകാന്തിന്റെ പ്രസ്താവന.

തികച്ചും ആത്മീയ ജീവിതം നയിക്കുന്നയാളാണ് വെങ്കയ്യ നായിഡുവെന്ന് രജനീകാന്ത് പറഞ്ഞു. അദ്ദേഹം എങ്ങനെ രാഷ്ട്രീയത്തില്‍ വന്നതെന്ന് എനിക്കറിയില്ല. അദ്ദേഹം ജനക്ഷേമത്തില്‍ തത്പരനാണെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍, ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി കെ പളനിസ്വാമി, ഡെപ്യൂട്ടി മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പങ്കെടുത്തു.

ജമ്മു കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയ നടപടിക്കെതിരെ തമിഴ്നാട്ടിലെ ഡി എം കെ മുന്നണി ശക്തമായി പ്രതിഷേധിച്ചിരുന്നു. കേന്ദ്ര നീക്കം അവസാനിപ്പിക്കണമെന്നും പൊതു ജനാഭിപ്രായമുണ്ടാക്കാന്‍ കശ്മീരിലേക്ക് സര്‍വകക്ഷി പ്രതിനിധി സംഘത്തെ അയക്കണമെന്നും ഡി എം കെ ആവശ്യപ്പെട്ടിരുന്നു.