ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷം

Posted on: August 11, 2019 12:30 am | Last updated: August 11, 2019 at 12:30 am

വണ്ടൂര്‍: ദുരിതാശ്വാസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങളുടെ ക്ഷാമം രൂക്ഷം. നിലമ്പൂര്‍ താലൂക്ക് പരിധിയില്‍ 43 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. സഹായവുമായി നിരവധി സന്നദ്ധ സേവന സംഘടനകളും വ്യക്തികളുമെല്ലാം എത്തുന്നുണ്ടെങ്കിലും ക്യാമ്പഗങ്ങളുടെ ആധിക്യമാണ് പ്രയാസം സൃഷ്ടിക്കുന്നത്.
രാത്രിയില്‍ വീടുകളില്‍ നിന്നും രക്ഷിച്ച പതിനായിരങ്ങള്‍ തങ്ങുന്ന ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനുള്ള പെടാപാടിലാണ് അധികൃതരും നാട്ടുകരും ദുരിത വിവരമറിഞ്ഞെത്തിയ ഇതര നാട്ടുകാരുമെല്ലാം. പിഞ്ചു കുഞ്ഞുങ്ങളും വയോധികരും ഗര്‍ഭിണികളും നിത്യരോഗികളും ക്യാന്പുകളില്‍ താമസിക്കുന്നുണ്ട്. ക്യാമ്പുകളില്‍ നിന്നും ദുരിതത്തിന്റെ നേര്‍ചിത്രങ്ങളാണ് ലഭിക്കുന്നത്. ഭക്ഷ്യ വസ്തുക്കളും വസത്രങ്ങളും പുതപ്പുകളും നാപ്കിന്‍ അടക്കമുള്ളവയും മതിയായി ലഭിക്കാതെ നിരവധി പേരാണ് നരക തുല്യമായി കഴിയുന്നത്.

എന്നാല്‍ ചില ക്യാമ്പുകളിലേക്ക് മതിയായ സാധനങ്ങള്‍ ലഭിക്കുന്നുമുണ്ട്. ഇന്നലെ നൂറു കണക്കിനു വാഹനങ്ങളാണ് മലയോരത്തിന് ആശ്വസവുമായി സമീപ ജില്ലകളില്‍ നിന്നടക്കം എത്തിയിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനും റിലീഫിനുമെല്ലാമായി വിവിധ സംഘടനകളും കൂട്ടായ്മകളും ഏറെ ബുദ്ധിമുട്ടിയാണ് മേഖലയിലേക്കെത്തിയത്. ദുരിതാശ്വസ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിനായി ജില്ല കലക്ടറുടെ നേതൃത്വത്തില്‍ കലക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

സാധനങ്ങള്‍ ഇവിടെയെത്തിച്ചാല്‍ ഓരോ ക്യാമ്പില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ച് ഇതു എത്തിച്ചു നല്‍കാനാവുമെന്ന് കലക്ടര്‍ പറഞ്ഞു. നിലമ്പൂര്‍ മേഖലയിലേക്കുള്ള സാധനങ്ങള്‍ ശേഖരിക്കുന്നതിനായി വണ്ടൂര്‍ ഗേള്‍സ് സ്‌കൂളിലും മഞ്ചേരി കച്ചേരിപ്പടിയിലെ ബോയ്സ് സ്‌കൂളിലുമാണ് സെന്റര്‍ ആരംഭിച്ചിട്ടുള്ളത്. ഈ ഭാഗങ്ങളില്‍ എത്തിപെടാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് മലപ്പുറം കലക്ട്രേറ്റിലും സാധനങ്ങള്‍ ഏല്‍പ്പിക്കാം. എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും അര്‍ഹരായവരുടെ കൈയ്യില്‍ ഇതെത്തിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പൊതു ജനങ്ങളുടെ സഹകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
സഹായമെത്തിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും വണ്ടൂര്‍ ഗേള്‍സ് സ്‌കൂളിലെ കലക്ഷന്‍ സെന്ററിലെ 9544785108, 9446921444 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.