Connect with us

Kozhikode

സേവനത്തിലും മരണത്തിലും അവർ ഒരുമിച്ചു

Published

|

Last Updated

കുറ്റ്യാടി: കുറ്റ്യാടി ഊരത്തെ വയലിൽ മുങ്ങിമരിച്ച അയൽവാസികളായ മാക്കൂൽ മുഹമ്മദ് ഹാജിയും ശരീഫ് സഖാഫിയും ജീവിതത്തിലെന്ന പോലെ മരണത്തിലും ഒരുമിച്ചു. കുറ്റ്യാടി സിറാജുൽ ഹുദായുടെ പരിപാടികളിലും തങ്ങളുടെ വീടുകളിൽ നടക്കുന്ന ചടങ്ങുകളിലും പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്ന ഇരുവരുടെയും മരണവും ഒരുമിച്ചായി.

വീടിനടുത്തുള്ള കാപ്പുങ്കര വയലിൽ നിറഞ്ഞു നിന്ന വെള്ളക്കെട്ട് മുറിച്ചു കടക്കുകയായിരുന്നു ഇരുവരും. കാൽ തെന്നി അപകടത്തിൽപ്പെട്ട ഒരാളെ രക്ഷിക്കാൻ വേണ്ടി മറ്റെയാൾ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് ഇരുവരും വെള്ളത്തിൽ അകപ്പെട്ടത്. കൂടെയുണ്ടായിരുന്ന എം ആർ ശംസുദ്ദീൻ ഇവരെ രക്ഷിക്കാൻ വേണ്ടി നടത്തിയ ശ്രമം വിജയിച്ചില്ല.

പ്രസ്ഥാന നേതാക്കളായ വി പി എം ഫൈസി വില്ല്യാപ്പള്ളി, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, ഡോ. അബ്ദുൽ ഹകീം അസ്ഹരി, റാശിദ് ബുഖാരി, അഫ്‌സൽ കൊളാരി, മുനീർ സഖാഫി ഓർക്കാട്ടേരി, സ്ഥലം എം പി. കെ മുരളീധരൻ എം എൽ എമാരായ പാറക്കൽ അബ്ദുല്ല, ഇ കെ വിജയൻ ജനാസ സന്ദർശിച്ചു.

കനത്ത നഷ്ടം: നേതാക്കൾ

കുറ്റ്യാടി: സിറാജുൽ ഹുദായുടെ ജീവനാഡികളായ രണ്ട് മുൻനിര പ്രവർത്തകരുടെ മരണം താങ്ങാവുന്നതിലേറെ വലിയ നഷ്ടമാണ് സ്ഥാപനത്തിനും പ്രസ്ഥാനത്തിനും സൃഷ്ടിച്ചിട്ടുള്ളതെന്ന് സിറാജുൽ ഹുദാ വൈസ് പ്രസിഡന്റും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായ സയ്യിദ് ത്വാഹാ സഖാഫി അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.

സ്ഥാപനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും വളർച്ചയിലും ഇരുവരും വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണെന്ന് മിനയിൽ നിന്നുള്ള സന്ദേശത്തിൽ സിറാജുൽ ഹുദാ ജനറൽ സെക്രട്ടറിയും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ പേരോട് അബ്ദുർറഹ‌്മാൻ സഖാഫിയും പറഞ്ഞു.

സിറാജുൽ ഹുദായുടെ ആരംഭകാലം മുതൽ സജീവമായി സേവനനരംഗത്തുണ്ടായിരുന്ന മാക്കൂൽ മുഹമ്മദ് ഹാജി, പിന്നീട് മുഴുസമയ പ്രവർത്തകനായി ജോലി ഏറ്റെടുക്കുകയായിരുന്നു. സിറാജുൽ ഹുദാ ഗ്രൂപ്പ് ഓഫ് സ്‌കൂൾസിന്റെ അക്കാദമിക് കൗൺസിൽ ചെയർമാനായി നിയമിതനായ അദ്ദേഹം സ്ഥാപനത്തിന്റെ മുഴുവൻ ചലനങ്ങൾക്കു പിന്നിലും നിർണായക പങ്ക് വഹിച്ചു.
സിറാജുൽ ഹുദായിൽ പഠിച്ച്, മർകസിലെ ഉപരിപഠനത്തിനു ശേഷം വീണ്ടും സിറാജുൽ ഹുദായിലെത്തി ഓഫീസ് സെക്രട്ടറി പദവിയിൽ സേവനം ചെയ്ത ശരീഫ് സഖാഫി സ്ഥാപനത്തിന്റെ മുഖമുദ്രയായിരുന്നു. ഹൃദ്യമായ പെരുമാറ്റത്തിലൂടെ മികച്ച പബ്ലിക് റിലേഷൻ പ്രവർത്തനം നടത്തിയ അദ്ദേഹം സ്ഥാപനവുമായി ബന്ധപ്പട്ട എല്ലാ മേഖലകളിലും ഊർജസ്വലനായി നിലകൊണ്ടു.

ആത്മാർഥതയും അർപ്പണബോധവും ഇരുവരിലും മാതൃകാപരമായി സമ്മേളിച്ചിരുന്നുവെന്നതിന്റെ തെളിവാണ് മരണത്തിനു തൊട്ടുമുമ്പ് അർധരാത്രിയോളം അവർ നടത്തിയ ശുചീകരണ പ്രവർത്തങ്ങളെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

Latest