Connect with us

Kerala

ശ്രീറാമിനെതിരെ പുതിയ വെളിപ്പെടുത്തൽ; അപകടമുണ്ടാക്കി രക്ഷപ്പെടുന്നത് ഇതാദ്യമല്ല

Published

|

Last Updated

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് അപകടമുണ്ടാക്കി രക്ഷപ്പെടുന്ന സംഭവം ഇതാദ്യമല്ലെന്ന് വെളിപ്പെടുത്തലുമായി അമേരിക്കൻ മലയാളി. മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിന് അയച്ച ഇ- മെയിലിലാണ് റാന്നി സ്വദേശി റോബിൻ എം ചെറുകര തനിക്ക് ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം വ്യക്തമാക്കുന്നത്.
ഉന്നത പഠനത്തിനായി അമേരിക്കയിലെ ഹാർവാർഡ് യൂനിവേഴ്‌സിറ്റിയിൽ യാത്രയാകുന്നതിനായി തിരുവനന്തപുരം എയർപോർട്ടിലേക്ക് പോകും വഴി ശ്രീറാം സഞ്ചരിച്ചിരുന്ന കാർ പുതിയ ഇന്നോവ കാറിന്റെ പിറകിൽ ചെന്നിടിച്ചു. സുഹൃത്തിന്റെ കാറിലായിരുന്നു ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ചിരുന്നത്. സംഭവത്തിൽ കേസു കൊടുക്കേണ്ടതില്ലെന്നും സുഹൃത്തിനോട് പറഞ്ഞ് വാഹനത്തിന്റെ കേടുപാട് തീർത്തു തരാമെന്ന് പറഞ്ഞ് ശ്രീറാം വെങ്കിട്ടരാമൻ മുങ്ങിയത്.

2018 ആഗസ്റ്റ് 24ന് തിരുവനന്തപുരത്തിന് സമീപമായിരുന്നു അപകടം. വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെയാണ് ഒരു കാർ റോബിന്റെ സഹോദരനും ഭാര്യാസഹോദരനും സഞ്ചരിച്ച പുതിയ ഇന്നോവ കാറിന് പിന്നിൽ ഇടിക്കുന്നത്. റോബിന്റെ സഹോദരൻ അമേരിക്കയിലെ ബോസ്റ്റണിലേക്ക് പോവുകയായിരുന്നു. കാറിടിച്ച ഉടൻ കാറിൽ നിന്നിറങ്ങി സ്വയം സബ് കലക്ടർ എന്ന് പരിചയപ്പെടുത്തിയ ശ്രീറാം തിരുവനന്തപുരത്ത് നിന്നുള്ള ഫ്ലൈറ്റ് പിടിക്കാനുള്ള ധൃതിയിലാണ് താനെന്ന് പറഞ്ഞു. താനും ഇതേ ഫ്ലൈറ്റിലാണ് പോകുന്നത് എന്ന് റോബിന്റെ സഹോദരനും വ്യക്തമാക്കി.
കാർ തട്ടിയ കാര്യം പോലീസിൽ അറിയിക്കാം എന്ന് ആദ്യം പറഞ്ഞ ശ്രീറാം പിന്നീട് പരാതി നൽകേണ്ടെന്നും കാറിന്റെ ഉടമയുമായി സംസാരിക്കാമെന്നും പറഞ്ഞു. ഉടമയുമായി സംസാരിച്ച് കാർ ശരിയാക്കാനായി എത്ര രൂപ വേണമെങ്കിലും വാങ്ങിത്തരാമെന്നും പറഞ്ഞാണ് വിഷയം പരിഹരിച്ചത്. തന്റെ ഭാര്യാപിതാവുമായി സംസാരിക്കാം എന്നും ശ്രീറാം പറഞ്ഞിരുന്നു. ഇത് അംഗീകരിച്ച സഹോദരൻ പോലീസിൽ പരാതി നൽകിയില്ല. ശ്രീറാമും തന്റെ സഹോദരനും യു എസിലെത്തി. യു എസിൽ നമ്പറില്ലാത്തതിനാൽ വാട്‌സ് ആപ്പ് ഐഡി ശ്രീറാം നൽകിയിരുന്നു. ഭാര്യാസഹോദരൻ തന്റെ ഫോൺ നമ്പർ ശ്രീറാമിന് കൊടുക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പ്രതികരണവുമില്ലാത്തതുകൊണ്ട് വാട്‌സ് ആപ്പിൽ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ ശ്രീറാം പ്രതികരിച്ചില്ല.

ഭാര്യാപിതാവ് ശ്രീറാം സഞ്ചരിച്ച കാറിന്റെ ഉടമയുമായി സംസാരിച്ചപ്പോൾ അപകടത്തിൽ യാതൊരു ഉത്തരവാദിത്വവും തനിക്കില്ലെന്നും കാറിന്റെ അറ്റകുറ്റപ്പണിക്കുള്ള പണം നൽകാൻ യാതൊരു ബാധ്യതയുമില്ലെന്നുമാണ്. നിങ്ങൾ ഡ്രൈവറോട് ചോദിക്കൂ എന്നാണ് അയാൾ പറഞ്ഞത്. പിന്നെയും ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് പല തവണ ശ്രീറാം വെങ്കിട്ടരാമനെ ബന്ധപ്പെടാൻ ശ്രമിച്ചു. കാർ ശരിയാക്കിയത് ഭാര്യാപിതാവ് സ്വന്തം കൈയിൽ നിന്ന് 20,000ത്തിലധികം രൂപ ചെലവാക്കിയാണെന്നും റോബിൻ പറഞ്ഞു. ഇപ്പോൾ മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് രക്ഷപ്പെടാൻ ശ്രീറാം വൃത്തികെട്ട കളികൾ കളിക്കുന്നത് കാണുന്നതുകൊണ്ടാണ് കഴിഞ്ഞ വർഷത്തെ തന്റെ അനുഭവം പങ്കുവെക്കുന്നതെന്ന് റോബിൻ പറയുന്നു. മാധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ പരാതിക്കാരന്റെ അനുഭവം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നത്.

---- facebook comment plugin here -----

Latest