Kerala
കനത്ത മഴയില്‍ ദുരിതപ്പെയ്ത്ത്: ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. കാലവര്‍ഷക്കെടുതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനെ കുറിച്ച് ആലോചിക്കാനുമാണ് യോഗം. വടക്കന്‍ ജില്ലകളിലും മലയോര മേഖലയിലും കനത്ത നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മരം കടപുഴകി വീണുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയും മറ്റു നാശനഷ്ടങ്ങളുമെല്ലാം ജനജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. നിരവധി പേരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നിട്ടുള്ളത്.
വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും മറ്റും പെട്ടു പോയവരെ രക്ഷപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. വെള്ളം കയറിയ ഇടുക്കി ജില്ലയിലെ മൂന്നാറിലും മലപ്പുറം ജില്ലയിലെ നിലമ്പൂരിലും ദുരന്ത നിവാരണ സംഘം ഇപ്പോള്‍ത്തന്നെ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സേനയുടെ പത്ത് യൂനിറ്റിനെ കൂടി സംസ്ഥാനത്തിന്റെ ഭാഗങ്ങളില്‍ വിന്യസിക്കാനാണ് തീരുമാനം. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും അതീവ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കെല്ലാം നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. അണക്കെട്ടുകളിലെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കെ എസ് ഇ ബി വ്യക്തമാക്കി. നിലവില്‍ പ്രധാന അഞ്ച് അണക്കെട്ടിലും സംഭരണ ശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമെ വെള്ളമുള്ളൂ എന്നതിനാല്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല.