Connect with us

Ongoing News

ഓളങ്ങളാൽ തീർത്ത പെരുമുഴക്കങ്ങൾ

Published

|

Last Updated

വാക്കുകളെ ചുരുക്കുകയും ആശയങ്ങളെ ഗാഢമായി വിശാലമാക്കുകയും ചെയ്ത ആറ്റൂർ, സ്വതന്ത്രമായ എഴുത്തിന്റെ ആകാശത്തിൽ ഏകാകിയായി സഞ്ചരിച്ച മേഘരൂപനായിരുന്നു. ഭാഷയെ സംബന്ധിക്കുന്ന/ ഘടനയെ കുറിച്ചുള്ള പാരമ്പര്യവാദികളുടെ ആകുലതകളോ സങ്കല്പനങ്ങളോ ആറ്റൂരിന്റെ രചനകളെ/ എഴുത്തിന്റെ സന്ദർഭങ്ങളെ ബാധിക്കുന്നേയില്ല. ആധുനികതയുടെ പരിസരങ്ങളിൽ നിന്നുകൊണ്ടാണ് എഴുത്ത് തുടങ്ങിയതെങ്കിലും ആധുനികതയുടെ പ്രതിബിംബമായോ കാല്പനികതയുടെ ശോകഛായയായോ പരിണമിക്കുന്നതായിരുന്നില്ല ആറ്റൂർകാവ്യവഴി. ഉത്തരാധുനികതയും സത്യാനന്തരകാലവും പ്രതിആധുനികതയുമെല്ലാം മിന്നൽ വെളിച്ചം പോലെ കത്തിക്കടന്നു പോകുന്നവയായിരുന്നു ആ കവിതകൾ.
സമൂഹം അപസ്വരമെന്ന് കരുതുന്നവയും ശകുനമെന്ന് തള്ളുന്നവയുമായിരുന്നു കവിക്ക് പഥ്യം. അതുകൊണ്ടുതന്നെ കൂമനും മരംകൊത്തിയുമൊക്കെയാണ് കവിതയിലെ ജീവന്റെ അടയാളങ്ങൾ.

“കുയിലാവാനല്ല
കൂമനോ മരംകൊത്തിയോ ആവാൻ”- എന്ന് ആറ്റൂർ എഴുതിയതും ശ്രദ്ധേയമാണ്. ജനകീയതക്ക് വേണ്ടി പാട്ടൊരുക്കുവാനല്ല കവി ശ്രമിച്ചത്. പകരം, സാമൂഹിക ജീർണതകളെ ചുരുങ്ങിയ വാക്കുകളിലൊതുക്കാനും പ്രതിരോധത്തിന്റെ നേരമ്പുകളെ തൊടുത്തുവിടാനുമാണ്. അതിന്റെ മൂർച്ച പലരേയും മുറിവേൽപ്പിച്ചിട്ടുമുണ്ട്. നിരൂപക പ്രശംസക്കോ പുരസ്‌കാര ലബ്ധിക്കോ വേണ്ടി ഭാഷയെ/ സന്ദർഭങ്ങളെ അടിയറവു വെക്കാൻ ആറ്റൂർ ഒരിക്കലും തയ്യാറായിരുന്നില്ല. എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചപ്പോൾ കവിയുടെ പ്രതികരണം നോക്കുക-“ഒരമ്പരപ്പാണ് ആദ്യം തോന്നിയത്. എത്രയോ അകലെയാണ് എന്നു വിചാരിച്ച കൊടുമുടിയിൽ ഒരു വളവു കഴിഞ്ഞപ്പോഴേക്കും എത്തിയ പോലെ. ആ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.” ദീർഘമായ ജീവിതത്തിനിടയിൽ വളരെ കുറച്ചു മാത്രം എഴുതിയിട്ടുള്ള കവിക്ക് സഹ്യനേക്കാൾ തലപൊക്കവും നിളയേക്കാളുമാർദ്രതയുമുണ്ടെന്ന് ഏത് വായനക്കാരനും തിരിച്ചറിയുന്നു.

മധുരമായിരുന്നില്ല ആറ്റൂർ കവിതകളുടെ ഭാഷണം. കയ്പ്പും ചവർപ്പും അറപ്പും വെറുപ്പുമെല്ലാം പച്ചയായ മനുഷ്യാവസ്ഥകളായി അതിൽ തെളിഞ്ഞു കത്തുന്നു. എന്നാൽ, പൂർവസൂരികളുടെ ശൈലിയോട് കവിക്ക് എതിർപ്പില്ലായിരുന്നു; അതോടൊപ്പം കാല്പനികതയിലും ആധുനികതയിലും നിലയുറപ്പിച്ചുമില്ല. ഇവക്കിടയിലൂടെ തന്റേതായ പുതുവഴി വെട്ടിത്തെളിക്കുകയായിരുന്നു ആറ്റൂർ. അനിവാര്യമായ സന്ദർഭങ്ങളെ, പ്രതിരോധങ്ങളെ വാക്കുകളുടെ ഉരുക്കുമുഷ്ടിയാൽ കടഞ്ഞെടുത്തു ആറ്റൂർ. ഒറ്റ വായനയിൽ തീരാത്ത അർഥങ്ങളുടെ മഹാഖനിയായിരുന്നു ആറ്റൂർക്കവിതകൾ. വായിക്കുന്തോറും പുതിയ പുതിയ അർഥതലങ്ങൾ അതിന് കൈവന്നുകൊണ്ടേയിരുന്നു. ഒരു കൃതിയെ എങ്ങനെയും വായിക്കാമെന്ന കാഴ്ചപ്പാടാണ് ഈ കവിതകൾക്ക് ചേരുക. ഏത് അർഥങ്ങളിലേക്കും ഏത് വ്യവഹാരങ്ങളിലേക്കും ചേർത്തുവെക്കാനുള്ള വിശാലമായ അർഥബോധമാണ് ആറ്റൂർക്കവിതകളെ വ്യത്യസ്തമാക്കുന്നത്. അത് ധാരാളിത്തത്തിൽ നിന്ന് വിരിയുന്ന പൂക്കളല്ല, കുഞ്ഞുവാക്കു ചെടികളിൽ തുടിക്കുന്ന അനേകം പൂക്കളുടെ തീക്ഷ്ണ ഗന്ധമാണ്. എണ്ണിത്തിട്ടപ്പെടുത്താവുന്നവയേ ഉള്ളുവെങ്കിലും വായനക്കാരൻ/ പ്രേക്ഷകൻ കാലങ്ങളോളം ഉള്ളിൽ കൊണ്ടുനടക്കും അതിന്റെ ചൂരുംചുരുക്കും. അതുതന്നെ ആറ്റൂർക്കവിതകളുടെ സ്ഥൂലവും സൂക്ഷ്മവുമായ സാഫല്യവും.

“കടവോ കുറ്റിയോ പങ്കായമോ
തോണിയോ ആയിരുന്നില്ല ഞാൻ
വെറും ഓളം”-
എന്നെഴുതുമ്പോൾ കായലോളം പരപ്പും ആഴവും വരികൾക്ക് ലഭിക്കുന്നു. സ്ഥൂലമായ പൊങ്ങുതടിയല്ല കവിതയെന്നും സൂക്ഷ്മമായ രാഷ്ട്രീയബോധ്യമാവണമെന്നും പറയാതെ പറയുന്നു ആറ്റൂർക്കവിതകൾ. അതുകൊണ്ടുതന്നെ സംസ്‌കാര ജീർണതയും മൂല്യബോധത്തിന്റെ തകർച്ചയുമെല്ലാം ആറ്റൂർക്കവിതകളിൽ വിമർശനവിധേയമാക്കപ്പെടുന്നു. സ്‌ത്രൈണ ജീവിതത്തിന്റെ നിരാലംബതയും ഗാർഹിക പരിസരങ്ങളിൽ ബലിയർപ്പിക്കപ്പെടുന്നവരുടെ ദീനശ്വാസവുമെല്ലാം കവിതകളിൽ ഗൗരവമായി വന്നുചേരുന്നു.
“പുറപ്പെട്ടേടത്താണൊരായിരം കാതമവൾ നടന്നിടം”-
എന്ന വരി കേരളീയ നവോത്ഥാന മുന്നേറ്റങ്ങളോടുള്ള പറച്ചിൽ കൂടിയാകുന്നു. പുറപ്പെട്ടുപോയിട്ടും തളക്കപ്പെട്ടിടത്തു തന്നെ നിൽക്കേണ്ടി വരുന്ന ജീവിതങ്ങളുടെ അനശ്വര ഗാഥ കൂടിയാണ് ആറ്റൂർക്കവിതകൾ.

അധ്യാപകൻ എന്ന നിലയിലും വിവർത്തകൻ, പത്രാധിപർ എന്നീ നിലകളിലും ഇടപെടലുകൾ സാധ്യമാക്കിയ എഴുത്തുകാരൻ കൂടിയാണ് ആറ്റൂർ. സുന്ദരസ്വാമിയുടെ “ജെ ജെ ചില കുറിപ്പുകൾ”, “പുളിമരത്തിന്റെ കഥ” എന്നീ കൃതികളെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ആറ്റൂരാണ്. ഒപ്പം സെൽമയുടെ എഴുത്തുവഴികളെ മലയാളികൾ വായിച്ചെടുക്കുന്നതും ഈ കവിയിലൂടെ തന്നെ. നായനാർമാരുടെയും ആൾവാർമാരുടെയും എഴുത്തുകൾ “ഭക്തികാവ്യ”ത്തിലൂടെ പരിചയപ്പെടുത്തിയെങ്കിലും ആറ്റൂരിന്റെ പ്രധാന സംഭാവന 59 ആധുനിക കവികളുടെ എഴുത്തിനെ/ പരിസരങ്ങളെ കാവ്യലോകത്തിന് പരിചയപ്പെടുത്തി എന്നതാണ്. “പുതുനാനൂറ്” എന്ന ഈ കൃതി എക്കാലത്തേക്കും ചേർത്തുവെക്കാനാവുന്ന വാക്കിന്നുറവിടങ്ങളാണ്. യുവകവികളോടും അവരുടെ രചനകളോടും അങ്ങേയറ്റം ആദരവും ഒപ്പം പ്രോത്സാഹനവും നൽകാൻ ആറ്റൂർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെയാവാം യുവകവികളുടെ കവിതകൾ “പുതുമൊഴി വഴികൾ” എന്ന പേരിൽ അദ്ദേഹം എഡിറ്റ് ചെയ്തതും. പുതിയ രചനാ സമീപനങ്ങളെ വിയോജിപ്പിന്റെ അസ്ത്രങ്ങളാൽ മുറിപ്പെടുത്താൻ ആറ്റൂർ ശ്രമിച്ചില്ല. കവിതയുടെ മഹാകാശങ്ങളിൽ മേഘരൂപനായി സഞ്ചരിക്കുമ്പോഴും മണ്ണിലും/ ഘടാകാശങ്ങളിലും ആ കാവ്യമേഘം നിരന്തരമായി അലഞ്ഞു. അത് പെയ്തിടങ്ങളിലെല്ലാം പുതുകാവ്യചൂരുകൾ മുളപൊട്ടി. അത് തളിർക്കുകയും പൂക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.

ബിനീഷ് പുതുപ്പണം
• puduppanam@gmail.com