Kerala
അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നു,പലവട്ടം ആവശ്യപ്പെട്ടിട്ടും വേഗത കുറച്ചില്ല; വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: കെഎം ബഷീര്‍ കൊല്ലപ്പെടാനിടയായ അപകടം സംഭവിച്ച സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്. അപകടസമയത്ത്് ശ്രീറാം മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് കോടതിക്ക് മുന്നില്‍ സ്വതന്ത്രമായി നല്‍കിയ മൊഴിയില്‍ വഫ ഫിറോസ് പറഞ്ഞത്. വേഗത കുറക്കാന്‍ പലവട്ടം ആവശ്യപ്പെട്ടിട്ടും ശ്രീറാം അതിന് തയ്യാറായില്ലെന്നാണ് വഫ കോടതിക്ക് മുന്നില്‍ രഹസ്യമൊഴി നല്‍കിയിരിക്കുന്നത്. കവടിയാര്‍ പാര്‍ക്കില്‍ നിന്നാണ് ശ്രീറാം കാറില്‍ കയറിയതെന്നും കഫേ കോഫി ഡേയുടെ സമീപം എത്തിയപ്പോള്‍ വാഹനം നിര്‍ത്തി ശ്രീറാം ഡ്രൈവിംഗ് സീറ്റില്‍ കയറിയെന്നും രഹസ്യമൊഴിയില്‍ പറയുന്നു. ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം സംഭവിച്ചിരുന്നുവെന്നും രഹസ്യമൊഴിയില്‍ വഫ ഫിറോസ് പറഞ്ഞു.
അപകടമുണ്ടാക്കിയ കാര്‍ വഫയുടേതാണ്. ഈ കാറിന്റെ രജിസ്‌ട്രേഷനും ശ്രീറാമിന്റെ ലൈസന്‍സും പോലീസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം, റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന 304ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.