Kerala
ഐഎഎസുകാര്‍ക്ക് എന്തുമാകാമെന്ന സ്ഥിതിയുണ്ടാകരുത്; പോലീസ് നടപടികള്‍ പരിശോധിക്കണം: കോടിയേരി

തിരുവനന്തപുരം: ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ച് ഓടിച്ച കാര്‍ ഇടിച്ച് സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് നടപടികളില്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ രംഗത്തെത്തി. തുടക്കം മുതല്‍ പോലീസ് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരുന്നത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിറകെയാണ് പോലീസ് നടത്തിയ ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യവുമായി കോടിയേരിതന്നെ രംഗത്തെത്തിയിരിക്കുന്നത്.
ഐ എ എസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂടെന്നും ഇത്തരം സംഭവങ്ങളില്‍ പോലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണമെന്നും കോടിയേരി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കോടിയേരിയുടെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:
ഐ എ എസ് വിഭാഗത്തില്‍പെട്ട ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന സ്ഥിതി ഉണ്ടായിക്കൂട. ഇത്തരം സംഭവങ്ങളില്‍ പൊലീസ് സ്വീകരിക്കേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടോ എന്ന് സര്‍ക്കാര്‍ പ്രത്യേകം പരിശോധിക്കണം.
ഈ വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പലരുടേയും മുഖംമൂടി വലിച്ചുകീറപ്പെട്ടു എന്നത് ഈ സംഭവത്തിന്റെ മറ്റൊരു ഭാഗമാണ്. ഏതെല്ലാം തരത്തിലാണ് ഇത്തരത്തിലുള്ള സ്വഭാവമുള്ള ആളുകള്‍ സമൂഹത്തില്‍ വീര പുരുഷന്‍മാരായി മാറുന്നത്. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഇവരെ എങ്ങനെയാണ് പ്രകീര്‍ത്തിച്ചത്. അങ്ങനെയുള്ളവര്‍ പശ്ചാത്തപിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.