Kerala
പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കണമെന്ന് ജേക്കബ് തോമസ്

തൃശൂര്‍: പൂര്‍വ്വാധികം ശക്തമായി ശ്രീരാമന് ജയ് വിളിക്കേണ്ട സമയമാണിതെന്ന് മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ജേക്കബ് തോമസ്. ജയ് ശ്രീ റാം വിളിക്കാന്‍ പറ്റാത്ത കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും വാല്‍മീകി ജീവിച്ചിരുന്നെങ്കില്‍ മറ്റൊരു രാമായണം കൂടി രചിച്ചേനെയെന്നും ജേക്കബ് തോമസ് പറഞ്ഞു. തൃശൂരില്‍ രാമായണ ഫെസ്റ്റ് പരിപാടിയില്‍പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ശ്രീരാമന്‍ നന്മയുടെയും ധാര്‍മികതയുടെയും പ്രതിരൂപമാണ്. ശ്രീരാമന് ഒരു ജയ് വിളിക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ നമ്മുടെ മനസ് മാറിയിട്ടുണ്ടെങ്കില്‍ നമ്മളെല്ലാം കാട്ടാളന്മാരായിമാറിയോയെന്നും ജേക്കബ് തോമസ് ചോദിച്ചു.
അടുത്തിടെയായി സംഘ്പരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജേക്കബ് തോമസ് ഇന്ന് കേരളത്തിലെ പിണറായി സര്‍ക്കാറിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളാണ്. ജയ് ശ്രീം വിളിക്കാത്തതിന്റെ പേരില്‍ രാജ്യവ്യാപകമായി ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുന്ന സഹാചര്യമാണ് നിലവിലുള്ളത്. ഈ ഒരു സാഹചര്യത്തിലാണ് സംസ്ഥാനത്ത് മുതിര്‍ന്ന പോലീസ് തസ്തികയില്‍ ഇരുന്ന ഒരാളുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണമെന്നത് ശ്രദ്ധേയമാണ്.