Kerala
രാജ്യത്ത് കടുവയുടെ എണ്ണത്തിൽ വർധന

കൽപ്പറ്റ: ദേശീയമൃഗമായ കടുവയുടെ എണ്ണം രാജ്യത്ത് വർധിക്കുന്നു. നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി രാജ്യവ്യാപകമായി കഴിഞ്ഞ വർഷം നടത്തിയ സർവേയിലാണ് കടുവകളുടെ എണ്ണം കൂടുന്നതായി വ്യക്തമായത്. ക്യാമറ ട്രാപ്പ് രീതി ശാസ്ത്രം ഉപയോഗിച്ച് നടത്തിയ സർവേ റിപ്പോർട്ട് അതോറിറ്റി കഴിഞ്ഞ ദിവസം പുറത്തുവിട്ടു. പശ്ചിമഘട്ടത്തിൽ ഗോവ, കർണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലായി 981 കടുവകൾ ഉള്ളതായാണ് കണക്കാക്കിയിരിക്കുന്നത്. 2006, 2010, 2014 വർഷങ്ങളിൽ ഇത് യഥാക്രമം 402, 534, 776 ആയിരുന്നു. റിപ്പോർട്ട് പ്രകാരം ഒരു വയസ്സിൽ കൂടുതൽ പ്രായമുള്ള 2,967 കടുവകളാണ് 2018ൽ രാജ്യത്തെ വനങ്ങളിലുള്ളത്. 2014ൽ നടത്തിയ സർവേയിൽ 2,226 കടുവകളെയാണ് കാണാനായത്. ഇത് യഥാക്രമം 2006ൽ 1,411ഉം 2010ൽ 1,706ഉം ആയിരുന്നു.
രാജ്യത്ത് 20 സംസ്ഥാനങ്ങളിലായി 381,400 ചതുരശ്ര കിലോമീറ്റർ വനത്തിലാണ് സർവേ നടന്നത്.
141 പ്രദേശങ്ങളിലായി 26,838 ക്യാമറ ട്രാപ്പ് ലൊക്കേഷനുകൾ അടയാളപ്പെടുത്തി. ക്യാമറകളിൽ പതിഞ്ഞ കടുവകളുടെ 76,651 ചിത്രങ്ങൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിയാണ് എണ്ണം കണക്കാക്കിയത്. പുലിയുടെ 51,777 ചിത്രങ്ങളും ക്യാമറകളിൽ പതിഞ്ഞു. രാജ്യത്ത് നടന്ന ഏറ്റവും സമഗ്രമായ കടുവ സർവേയാണ് 2018ലേതെന്നാണ് ടൈഗർ കൺസർവേഷൻ അതോറിറ്റി അവകാശപ്പെടുന്നത്. ഛത്തീസ്ഗഢും ഒഡീഷയും ഒഴികെ സംസ്ഥാനങ്ങളിലെ വനങ്ങളിൽ കടുവകളുടെ എണ്ണം കുടിയതായി സർവേ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടനുസരിച്ച് കേരളത്തിൽ 190 കടുവകളാണ് ഉള്ളത്. 2006, 2010, 2014 വർഷങ്ങളിൽ ഇത് യഥാക്രമം 46ഉം 71ഉം 136ഉം ആയിരുന്നു. മറ്റു സംസ്ഥാനങ്ങളിലെ കടുവകളുടെ എണ്ണം 2006, 2010, 2014, 2018 എന്ന ക്രമത്തിൽ: ബിഹാർ: 10, 8, 28, 31. ഉത്തരാഖണ്ഡ്: 178, 227, 340, 442. ഉത്തർപ്രദേശ്: 109, 118, 117, 173. ആന്ധ്രപ്രദേശ്: 95, 72, 68, 48. തെലങ്കാന:26(2018).ഛത്തീസ്ഗഡ്: 26, 26, 46, 19. ഝാർഖണ്ഡ്: 5(2018). മധ്യപ്രദേശ്: 300, 257, 308, 526. മഹാരാഷ്ട്ര:103, 168, 190, 312. ഒഡീഷ: 45,32,28,28. രാജസ്ഥാൻ: 32, 36, 45, 69. ഗോവ: 3(2018). കർണാടക: 290, 300, 406, 524. തമിഴ്‌നാട്: 76, 163, 229, 264. അരുണാചൽ പ്രദേശ്: 29(2018). അസം: 70, 143, 167, 190.
രാജ്യത്തെ ബുക്‌സ, ദംപ, പലമാവ് കടുവാസങ്കേതങ്ങളിൽ സർവേയിൽ കടുവകളെ കാണാനായില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.