Connect with us

Gulf

തൊഴില്‍ തട്ടിപ്പ്: ജാഗ്രതാ നിര്‍ദേശവുമായി നോര്‍ക്കയും

Published

|

Last Updated

ദുബൈ:വിദേശങ്ങളിലേക്ക് ജോലി തേടിപ്പോകുന്ന ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ തട്ടിപ്പിനിരയാകുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി നോര്‍ക്ക രംഗത്തെത്തി. യു എ ഇ അടക്കം വിവിധ രാജ്യങ്ങളിലേക്ക് വിസിറ്റ് വിസയിലും മറ്റും ഉദ്യോഗാര്‍ഥികളെ എത്തിച്ച് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലും അന്തര്‍ദേശീയ ആന്റി ട്രാഫികിംഗിന്റെ ഭാഗമായും വിദേശ തൊഴില്‍ തേടി പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പെടുത്തി നോര്‍ക്ക റൂട്‌സ് പ്രമുഖ പത്രങ്ങളില്‍ ഇതുസംബന്ധമായ പരസ്യം നല്‍കിയിട്ടുണ്ട്.
വിദേശ തൊഴില്‍ തേടുന്നവര്‍ തൊഴില്‍ ദാതാവിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ മനസിലാക്കണം. റിക്രൂട്ടിംഗ് ഏജന്‍സികളുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇ മൈഗ്രേറ്റ് വെബ്‌പോര്‍ട്ടലില്‍ പരിശോധിച്ച് ഉറപ്പുവരുത്തുകയും അവയില്‍ രജിസ്റ്റര്‍ ചെയ്ത ഏജന്‍സികള്‍ മുഖേന മാത്രമേ വിദേശ ജോലി സ്വീകരിക്കാവൂ എന്നും നോര്‍ക്ക നിര്‍ദേശിക്കുന്നു. തൊഴില്‍ദാതാവില്‍ നിന്നുള്ള ഓഫര്‍ലെറ്റര്‍, സേവന വേതന വ്യവസ്ഥകള്‍, വിസയിലെ വിവരങ്ങള്‍ തുടങ്ങിയവ പരിശോധിക്കുകയും തൃപ്തികരമാണെന്ന് ബോധ്യപ്പെടുകയും വേണം.

സന്ദര്‍ശക വിസയില്‍ ആളുകളെ എത്തിച്ചാണ് പലരും തട്ടിപ്പ് നടത്തുന്നത്. എയര്‍പോര്‍ട്ടിലെത്തുന്ന ഇവരെ സ്വീകരിക്കാന്‍ പലപ്പോഴും ആളുകളുണ്ടാവാറില്ല. ദീര്‍ഘനേരം കാത്തുനിന്ന ശേഷം ഏതെങ്കിലും ടാക്‌സി ഡ്രൈവര്‍മാരോ മറ്റോ വന്ന് ഇവരെ താത്കാലിക പാര്‍പ്പിട കേന്ദ്രത്തില്‍ എത്തിക്കുകയാണ് പതിവ്. ഏജന്റ് എത്തുമെന്ന് പറഞ്ഞതനുസരിച്ച് ഉദ്യോഗാര്‍ഥികള്‍ കാത്തിരിപ്പ് തുടരും. ദിവസങ്ങള്‍ക്ക് ശേഷമാണ് തട്ടിപ്പിനിരയായതായി അവര്‍ക്ക് മനസിലാകുന്നത്. മാനഹാനി ഭയന്നും മറ്റും വിവരങ്ങള്‍ പുറത്തുപറയാന്‍ ആളുകള്‍ തയ്യാറാകാത്തത് ഇത്തരം കേസുകള്‍ വര്‍ധിക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. വിദേശത്തേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കുന്നതിനും നോര്‍ക്ക റൂട്‌സിന് പ്രത്യേക പദ്ധതികളുണ്ടെന്ന് റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത് കൊളശ്ശേരി “സിറാജി”നോട് പറഞ്ഞു. വിദേശതൊഴില്‍ തേടുന്നവര്‍ക്ക് പ്രീ ഡിപ്പാര്‍ചര്‍ ഓറിയന്റേഷന്‍ പരിശീലന പരിപാടി നടപ്പിലാക്കുന്നുണ്ട്. ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പെടുത്തി മറ്റു മാര്‍ഗങ്ങളിലൂടെയും ബോധവത്കരണ പരിപാടികള്‍ നടത്തുന്നുണ്ട്.

ഈ സാഹചര്യത്തിലും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. മലേഷ്യയിലേക്ക് ഉദ്യോഗാര്‍ഥികളെ എത്തിച്ച് മുങ്ങിയ കേസുകള്‍ ഉണ്ടായി. ഇത്തരം സാഹചര്യങ്ങളില്‍ എന്‍ ജി ഒകള്‍, പ്രവാസി സംഘടനകള്‍, എംബസി എന്നിവയുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിദേശ തൊഴിലിന് നോര്‍ക്ക റൂട്‌സില്‍ പ്രത്യേക ചാനല്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വിദേശരാജ്യങ്ങളിലെ അംഗീകൃത ഗവ. ഏജന്‍സികളടക്കമുള്ളവരുമായി സഹകരണ കരാറില്‍ ഏര്‍പെട്ടിട്ടുണ്ട്. ഇതിലൂടെ സുരക്ഷിത കുടിയേറ്റം സാധ്യമാക്കുകയാണ് ലക്ഷ്യം.
കുടിയേറ്റക്കാരായ സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക വിംഗ് പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസികളായ സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ വാട്‌സ്ആപ് വഴിയും അയക്കാവുന്നതാണ്. അവ പ്രത്യേകമായി പരിഗണിച്ച് പരിഹാരം തേടാന്‍ ശ്രമിക്കും.
ആഗോള വ്യാപകമായി മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതയുള്ള സമീപനം പൊതുസമൂഹത്തില്‍ നിന്നുണ്ടാവണമെന്നും അജിത് കൊളശ്ശേരി വ്യക്തമാക്കി.

അഹ്മദ് ശരീഫ്

---- facebook comment plugin here -----

Latest