ലൈംഗിക ചുവയുള്ള സംസാരം; മാപ്പ് പറഞ്ഞ് അസംഖാന്‍- സ്വീകരിക്കില്ലെന്ന് രമാദേവി

Posted on: July 29, 2019 12:12 pm | Last updated: July 29, 2019 at 8:11 pm

ന്യൂഡല്‍ഹി: ബി ജെ പി എം പി രമാദേവിക്കെതിരെ ലോക്‌സഭയില്‍ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ സമാജ്‌വാദി പാര്‍ട്ടി എം പി അസംഖാന്‍ മാപ്പ് പറഞ്ഞു. പ്രശ്‌നം സമവായത്തിലെത്തിക്കാന്‍ അസംഖാനും രമാദേവിയും ഇന്ന് സ്പീക്കര്‍ ഓം ബിര്‍ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രമാദേവിയോട് മാപ്പ് പറയുന്നതായി അസംഖാന്‍ അറിയിച്ചത്. ചെയറിനെ (രമാദേവി) അപമാനിക്കുന്ന ഉദ്ദേശം തനിക്കില്ലായിരുന്നു. തന്റെ പ്രസംഗത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും സഭക്ക് മുഴുവനും അറിയാം. എന്നിട്ടും ഞാന്‍ തെറ്റ് ചെയ്തതായി രമാദേവിക്ക് തോന്നുന്നുവെങ്കില്‍ മാപ്പ് ചോദിക്കുന്നു- അസംഖാന്‍ പറഞ്ഞു.

എന്നാല്‍ ഇത് സ്വീകരിക്കാന്‍ രമാദേവി തയ്യാറായില്ല. അസംഖാന്റെ പരാമര്‍ശം ഇന്ത്യയിലെ സ്ത്രീകളെയും പുരുഷന്‍മാരെയും വേദനപ്പിച്ചുവെന്നും ഇത്തരം പരാമര്‍ശം കേള്‍ക്കാനല്ല താന്‍ സഭയിലെത്തിയതെന്നും രമാദേവി പ്രതികരിച്ചു.

രമാദേവി സ്പീക്കര്‍ ചെയറിലിരിക്കെയാണ് ആസംഖാന്‍ വിവാദ പരാമര്‍ശം ഉന്നയിച്ചത്. ‘എനിക്ക് നിങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി സംസാരിക്കാന്‍ തോന്നുന്നു’. എന്നായിരുന്നു അസംഖാന്റെ പരാമര്‍ശം. ഇത് വലിയ വിവാദമാകുകയും ഭരണ, പ്രതിപക്ഷ നിരയിലെ വനിതാ അംഗങ്ങള്‍ അസംഖാനെതിരെ രംഗത്തുവരുകയും ചെയ്തിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് അസംഖാന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് സഭ ഏകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അസംഖാന്‍ മാപ്പ് പറഞ്ഞത്.