Connect with us

Kerala

സൈബർ അന്വേഷണം: പുതിയ സംരംഭങ്ങളുമായി സൈബർ ഡോം

Published

|

Last Updated

തിരുവനന്തപുരം: പുതിയ അന്വേഷണത്തിന് സഹായകരമായ സംരംഭങ്ങളുമായി സൈബർ ഡോം. ഗതാഗതക്കുരുക്കിനും സൈബർ സുരക്ഷക്കുമുൾപ്പെടെ സഹായകമാകുന്ന സംരംഭങ്ങളാണ് കോഡ്‌സെക് 2019ൽ എത്തിയത്. രണ്ടും മൂന്നും ട്രാഫിക് പോലീസുകാർ ഉണ്ടായാൽ പോലും നിയന്ത്രിക്കാനാത്ത ഗതാഗതക്കുരുക്കിനാണ് എം ഇ എസ് കോളജ് വിദ്യാർഥികളായ സജീദ് എസ് മുഹമ്മദ് റിയാസ്, ഹരീഷ്‌കുമാർ, ഉമർ സഹീർ, അനൂപ് ഡി എസ് എന്നിവരുടെ നേതൃത്വത്തിൽ പരിഹാരം കണ്ടു പിടിച്ചത്. നിയോ ട്രീ എന്ന ട്രാഫിക് സിഗ്്നലിംഗ് സിസ്റ്റമാണിത്. ആർക്കും എളുപ്പം കൊണ്ട് നടക്കാവുന്ന ആറ് അടി പൊക്കവും ഇരുപത് കിലോ ഭാരവുമുള്ള പോർട്ടബിൽ ട്രാഫിക് സിഗ്‌നൽ.
അത്യാവശ്യ ഘട്ടങ്ങളിലും മറ്റും എവിടെയെങ്കിലും ഗതാഗതക്കുരുക്ക് ഉണ്ടായാൽ ട്രാഫിക് സിഗ്നലിനായി ഓടേണ്ട. ആവശ്യമുള്ളയിടത്ത് ഇത് വേഗത്തിൽ സ്ഥാപിക്കാം. പന്ത്രണ്ട് അടി വരെ ഉയർത്താനാകും എന്നത് കൊണ്ട് ദൂരെ നിൽക്കുന്നവർക്ക് വരെ കാണാനാകും. സൈബർ ഡോമിന്റെ കോഡ്‌സെക് 2019 ൽ മികച്ച ആശയത്തിനുള്ള ഒന്നാം സ്ഥാനം ലഭിച്ചത് ഈ ആശയത്തിനാണ്.

കുറ്റാന്വേഷണങ്ങളിൽ കൂടുതൽ സഹായിക്കുന്നത് സി സി ടി വി ദൃശ്യങ്ങളാണ്. ചിലപ്പോൾ ലഭിക്കുന്ന ചിത്രങ്ങളിലെ വ്യക്തതക്കുറവ് അന്വേഷണത്തെ ബാധിക്കാറുണ്ട്. ഇതിനെതിരെ പുതിയ ആപ്ലിക്കേഷനുമായി എത്തിയ ടെക്‌നോപാർക്കിലെ ക്വസ്റ്റ് ഗ്ലോബൽ സോഫ്റ്റ് വെയർ എൻജിനീയേഴ്‌സിന്റെ പ്രൊജക്റ്റായ ഇമേജ് ആൻഡ് വീഡിയോ എഹൻമെൻഡ് യൂസിംഗ് എ ഐ ആൻഡ് മിഷ്യൻ ലേണിംഗ് എന്ന പ്രൊജക്ടിന് രണ്ടാം സ്ഥാനവും ലഭിച്ചു.

കേരള പോലീസ് ചീഫ് ലോക്‌നാഥ് ബെഹ്‌റ ഐ പി എസ് കോഡ്‌സെക് 2019 ഉദ്ഘാടനം ചെയ്തു. പണ്ട് സിനിമകളിൽ മാത്രം കണ്ടിരുന്ന തീവ്രവാദം എങ്ങും എപ്പോഴും സംഭവിക്കാവുന്ന ഇന്നത്തെ സാഹചര്യത്തിൽ അന്വേഷണങ്ങൾക്ക് പുതിയ തലം തേടേണ്ടതുണ്ടെന്ന് ഡി ജി പി പറഞ്ഞു. ഇതിനായി സൈബർ ഡോമിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളേയും ആശയരൂപവത്കരണ പ്രവർത്തനങ്ങളേയും ഡി ജി പി പ്രശംസിച്ചു. 2019 സൈബർ സെക്യൂരിറ്റി വർഷമായി കണ്ട് കേരള പോലീസ് നടപ്പാക്കുന്ന ഇത്തരം ഇന്നവേഷൻ പദ്ധതികളിൽ സ്‌കൂൾ വിദ്യാർഥികൾ, സാധാരണക്കാർ ഉൾപ്പെടെയുള്ളവർക്ക് പരിശീലനം നൽകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എ ഡി ജി പിയും സൈബർ ഡോം നോഡൽ ഓഫീസറുമായ മനോജ് എബ്രഹാം പറഞ്ഞു. വിജയികൾക്കുള്ള പുരസ്‌കാരം ഡി ഐ ജി. പി പ്രകാശ് സമ്മാനിച്ചു. ചടങ്ങിൽ ടെക്‌നോപാർക്ക് സി ഇ ഒ. ഋഷികേശ് നായർ, സിഡാക് ഡയറക്ടർ പി എം ശശി, സൈബർ ഡോം ഓപറേറ്റിംഗ് ഓഫീസർ പ്രകാശ് സംസാരിച്ചു.