നിളക്ക് പുതുശ്വാസമേകാൻ

Posted on: July 28, 2019 11:31 am | Last updated: July 28, 2019 at 11:32 am
ഡോ. ഇ ശ്രീധരൻ, ഹോർമിസ് തരകൻ എന്നിവർ പുഴ കാണുന്നു

പശ്ചിമഘട്ടത്തിലെ ആനമലയിൽ നിന്നാരംഭിച്ച് കേരളത്തിലേക്കൊഴുകി പൊന്നാനിയിലെത്തി അറബിക്കടലിൽ ലയിക്കുന്ന കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവും കാർഷികവുമായ ഉന്നമനത്തിന് പ്രധാന പങ്കുവഹിച്ച ഭാരതപ്പുഴക്ക് പുതുജീവൻ നൽകാൻ മെട്രോമാനും സംഘവുമെത്തുന്നു. രാജ്യത്തിന്റെ അഭിമാനമായ കൊങ്കൺ റെയിൽവേയും പാമ്പൻ പാലവും മെട്രോ റെയിലും യാഥാർഥ്യമാക്കിയ ഡോ. ഇ ശ്രീധരൻ, ഭാരതപ്പുഴ സംരക്ഷണത്തിനായി “ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ’ എന്ന കൂട്ടായ്മക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിന്റെ കീഴിൽ സ്വതന്ത്ര അധികാരമുള്ള ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്കരിക്കാനാണ് ലക്ഷ്യം. പത്ത് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമ്പോൾ ഭാരതപ്പുഴ പഴയ പടിയാകും.
കണ്ണാടിപ്പുഴ, കൽപ്പാത്തിപ്പുഴ, തൂതപ്പുഴ, ഗായത്രിപ്പുഴ, തിരൂർപ്പുഴ എന്നീ കൈവഴികൾ ചേർന്ന് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഭാരതപ്പുഴ ഒരുകാലത്ത് വർഷം മുഴുവൻ ജല സമൃദ്ധമായിരുന്നു. 131 പഞ്ചായത്തുകളും അഞ്ച് കോർപറേഷനുകളും ഭാരതപ്പുഴയുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. വിവിധയിനം സസ്യലതാദികളും സൂക്ഷ്മ ജീവികളും മത്സ്യങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഭാരതപ്പുഴ. എന്നാൽ, ഇന്നത്തെ അവസ്ഥ ആശങ്കാജനകമാണ്. പല മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും കുപ്പത്തൊട്ടിയെന്ന നിലക്കാണ് ഭാരതപ്പുഴയോട് പെരുമാറുന്നത്. പുഴയുടെ പുനരുജ്ജീവനത്തിനായി സർക്കാർ തലത്തിലും മറ്റ് സംഘടനകളുടെ നേതൃത്വത്തിലും കാലങ്ങളായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും ലക്ഷ്യപ്രാപ്തിയിലെത്തിയിട്ടില്ല. വലുതും ചെറുതുമായ ഇത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാമൂഹികവും സാങ്കേതികവുമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും പൊതുവായ കൂട്ടായ്മയുടെ ആവശ്യകത മുൻകൂട്ടി കണ്ടാണ് ഡോ. ഇ ശ്രീധരന്റെ നേതൃത്വത്തിൽ ഇത്തരമൊരു ചുവടുവെപ്പ്.

പുഴയെ സംരക്ഷിക്കാൻ യോജിച്ച തീരുമാനം വേണമെന്ന് ഡോ. ഇ ശ്രീധരൻ പറയുന്നു. പുഴയെ സംരക്ഷിക്കുന്ന ചെറിയ സംഘടനകൾ ഒന്നിച്ച് നിൽക്കണം. ഇവരെ അണിനിരത്താൻ സൊസൈറ്റിക്ക് രൂപം കൊടുക്കും. പുഴയെ സ്‌നേഹിക്കുന്നവരൊക്കെ ഇതിൽ അംഗങ്ങളാകണം. നൂറ് രൂപയാണ് അംഗത്വഫീസ്. ഇത് സംഘടനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ളതാണ്. ചെയർമാൻ, വർക്കിംഗ് കമ്മിറ്റി, സെക്രട്ടറി എന്നിവർ ഉണ്ടാകും. സംഘടന കൊണ്ട് മാത്രം പുഴ സംരക്ഷണം ഉണ്ടാകില്ല. ക്രിയാത്മക ഇടപെടൽ വേണം.

രോഗങ്ങളുടെ പ്രഭവ കേന്ദ്രമായും ചിലയിടത്ത് പുഴ മാറുന്നുണ്ട്. ഇത് എങ്ങനെ ഇല്ലാതാക്കാം എന്ന് ചിന്തിക്കണം. പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും മാലിന്യങ്ങൾ തള്ളുന്നത് പുഴയിലേക്കാണ്. പുഴയിൽ നിന്ന് ശാസ്ത്രീയ രീതിയിൽ മണലെടുക്കുന്നതിന് കൺട്രോളിംഗ് മൈനിംഗ് കൊണ്ടുവരണം. വെള്ളത്തെ മലിനപ്പെടുത്തുന്ന തരത്തിൽ പലതും ഇന്ന് പുഴയിൽ ചേരുന്നു. പുഴയുടെ ഇരുപത് ശതമാനം തമിഴ്‌നാട്ടിലും എൺപത് ശതമാനം കേരളത്തിലുമാണ്. അണക്കെട്ടുകളുടെ ശേഷി കുറഞ്ഞു. കൂടുതൽ തടയണകളും ഡാമുകളും വേണം. ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി കൊണ്ടുവരണം. ഇതിന് സർക്കാറിന്റെ സഹായം വേണം. മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും സഹകരിക്കണം. സി എസ് ആർ ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്ന് പലർക്കുമറിയില്ല. പുഴ സംരക്ഷണത്തിൽ രാഷ്ട്രീയ പാർട്ടികൾ ഒപ്പം നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

വിദ്യാഭ്യാസ കാലത്താണ് ഭാരതപ്പുഴ ആദ്യം കാണുന്നതെന്ന് സ്‌നേഹനിളാ കൂട്ടായ്മയുടെ ഉദ്ഘാടന വേളയിൽ മുൻ ഡി ജി പി ഹോർമിസ് തരകൻ പറഞ്ഞു. പുഴയുടെ സംഗീതവും സൗന്ദര്യവും വല്ലാതെ ആകർഷിച്ചിട്ടുണ്ട്. 1970 മുതൽ പാലക്കാടുമായി വലിയ ബന്ധമുണ്ട്. തൃത്താല, തത്തമംഗലം ഭാഗങ്ങൾ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ഭാരതപ്പുഴയുടെ പ്രശ്‌നങ്ങളെയും പരിസ്ഥിതിയെയും കുറിച്ച് പഠിക്കണം. ഗ്രാമീണ കൃഷിക്കാരുടെ പ്രശ്‌നങ്ങൾ കണക്കിലെടുക്കണം. പ്രാദേശിക അറിവും മറ്റും പ്രായോഗികമാക്കിയാലേ ഈ രംഗത്ത് വൈദഗ്ധ്യം നേടാനാവൂവെന്നും തരകൻ.
റിവർ യൂനിവേഴ്‌സിറ്റി വേണമെന്ന് പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രൻ ചൂണ്ടിക്കാട്ടുന്നു. നഷ്ടപ്പെട്ട പുഴയെ സംരക്ഷിക്കാൻ ഓരോരുത്തരും രംഗത്തുവരണം.

ഭരണകർത്താക്കൾ ഉത്തരവാദിത്വത്തോടെ പുഴയെ സംരക്ഷിക്കണം. പുഴയുടെ അയൽക്കാർ അതിന്റെ കാവൽക്കാരാകണം. പുഴ സംരക്ഷണ സമിതി ജനങ്ങൾക്ക് ഉത്തരവാദിത്വം കൊടുക്കണം. പുഴയിൽ കുളിക്കടവുകൾ വേണം. കുളിക്കടവിൽ വിദ്യാർഥികളുടെ ജൈവ കൃഷി പരിപാലനം ഉണ്ടാക്കണം. നീന്തൽ പരിശീലനം നൽകണം. പഞ്ചായത്തുകളുമായി സഹകരിച്ച് ഭാരതപ്പുഴയുടെ കൈപ്പുസ്തകം ഉണ്ടാക്കണം. എൻ സി സി, പരിസ്ഥിതി സംഘടനകൾ, എൻ എസ് എസ് എന്നിവയുമായി സഹകരിച്ച് റിവർ യൂനിവേഴ്‌സിറ്റി ഉണ്ടാക്കണം. മൂന്ന് ജില്ലകളുടെ കുടിവെള്ള സ്രോതസ്സാണിത്. സീവേജ് പ്ലാന്റുകൾ നിർബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കെ കെ പരമേശ്വരൻ • [email protected]