ഇന്ത്യ- യു എ ഇ തടവുകാരുടെ കൈമാറ്റം ഉടന്‍ യാഥാര്‍ഥ്യമാകും

Posted on: July 25, 2019 8:32 pm | Last updated: July 25, 2019 at 8:32 pm

ന്യൂഡല്‍ഹി: ഇന്ത്യയും യു എ ഇയും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം വൈകാതെയുണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. 120 തടവുകാര്‍ക്ക് ശിഷ്ടകാലം ഇന്ത്യന്‍ ജയിലുകളില്‍ കഴിയാമെന്നായിരുന്നു ധാരണ. പട്ടികയിലെ ചിലര്‍ യു എ ഇ വിവിധ സമയങ്ങളിലായി നല്‍കിയ പൊതുമാപ്പ് ആനുകൂല്യത്തില്‍ മോചിതരായി നാട്ടിലെത്തി. ശേഷിച്ച 77 പേരാണ് യു എ ഇ തടവറകളില്‍ കൈമാറ്റം പ്രതീക്ഷിച്ചിരിക്കുന്നതെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

77 തടവുകാരുടെ പട്ടിക ഇന്ത്യന്‍ കോണ്‍സുലേറ്റ് കൈമാറിയിട്ടുണ്ട്. തടവുകാരെ കൈമാറാന്‍ യു എ ഇയും സ്വീകരിക്കാന്‍ ഇന്ത്യയും അന്തിമ അനുമതി നല്‍കേണ്ടതുണ്ട്. ഇതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ലോക്‌സഭയില്‍ രാഹുല്‍ കസ്്വാന്‍ എം പിയുടെ ചോദ്യത്തിന് ഇക്കാര്യം മറുപടി പറയവെയാണ് മന്ത്രി വിശദീകരിച്ചത്. കരാര്‍ വൈകാതെ നിലവില്‍ വരുമെന്ന പ്രഖ്യാപനത്തോടെ സ്വന്തം നാട്ടിലെ ജയിലിലേക്ക് മാറാനാവുമെന്ന തടവുകാരുടെ പ്രതീക്ഷക്ക് വീണ്ടും ചിറകുമുളച്ചു.

വര്‍ഷങ്ങള്‍ക്കുശേഷം ഉറ്റവരെയും ബന്ധുക്കളെയും നാട്ടിലെ ജയിലില്‍വച്ചെങ്കിലും കാണാമല്ലോ എന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ദുബൈയില്‍നിന്നുമാത്രം 350ലേറെ പേര്‍ സമ്മതപത്രം ഒപ്പിട്ടുനല്‍കിയതായി നേരത്തെ തടവുകാര്‍ സൂചിപ്പിച്ചിരുന്നു. ഇതില്‍ എത്ര അപേക്ഷക്ക് അംഗീകാരമായെന്ന് വ്യക്തമല്ല. ഇതേസമയം ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചിരുന്നു.

ഇന്ത്യയും യു എ ഇയും തമ്മില്‍ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് 2011 നവംബര്‍ 23നാണ് ന്യൂഡല്‍ഹിയില്‍ കരാര്‍ ഒപ്പുവച്ചത്. ഈ കരാറിന് 2013 ഫെബ്രുവരിയില്‍ യു എ ഇ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് ഇരു രാജ്യങ്ങളിലെയും ജയിലുകളിലുള്ള പൗരന്മാരെ അവരുടെ താല്‍പര്യപ്രകാരം പരസ്പരം കൈമാറാം. കുറ്റം തെളിയിക്കപ്പെട്ടവരും കുറഞ്ഞത് ആറു മാസമെങ്കിലും തടവുകാലം ബാക്കിയുള്ളവരെയും മാത്രമാണു കൈമാറ്റത്തിനു പരിഗണിക്കുക. എന്നാല്‍ വിചാരണ തടവുകാര്‍ക്ക് ഈ ആനുകൂല്യം ബാധകമല്ല.
കൊലപാതകം, സാമ്പത്തിക ക്രമക്കേട് തുടങ്ങി ഗുരുതര കുറ്റങ്ങള്‍ ചെയ്തവരെ കൈമാറ്റത്തിന് പരിഗണിക്കില്ലെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്.