അണക്കെട്ടുകളില്‍ ജലനിരപ്പുയര്‍ന്നില്ല; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു

Posted on: July 25, 2019 1:24 pm | Last updated: July 25, 2019 at 5:33 pm

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്പെട്ടിട്ടും സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. വൃഷ്ടി പ്രദേശത്ത് കാര്യമായ മഴ ലഭിക്കാത്തതും പ്രധാന അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരാത്തതുമാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നത്. സംസ്ഥാനത്തിന് ആവശ്യമായ 66 ശതമാനം വൈദ്യുതിയും ഉത്പാദിപ്പിക്കുന്ന ഇടുക്കിയിലെ അണക്കെട്ടില്‍ കാര്യമായ തോതില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. 19 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടില്‍ നിലവിലുള്ളത്. ഒരാഴ്ചയോളം ശക്തമായ മഴ ലഭിച്ചിട്ടും 2,314 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ 72 അടി കുറവാണിത്. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 800 മില്ലി മീറ്റര്‍ മഴ മാത്രമാണ് ഇടുക്കിയില്‍ ലഭിച്ചത്.

ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. ആനയിറങ്ങലില്‍ നാലു ശതമാനം, മാട്ടുപ്പെട്ടിയില്‍ 10 ശതമാനം, കുണ്ടളയില്‍ 16 ശതമാനം എന്നിങ്ങനെയാണ് വെള്ളമുള്ളത്. ലോവര്‍ പെരിയാറാണ് ഒരേയൊരപവാദം. ഇവിടെ 46 ശതമാനം വെള്ളമുണ്ട്. മഴ കാരണം വൈദ്യുത ഉപഭോഗം കുറഞ്ഞതും ഗ്രിഡില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി കിട്ടുന്നതുമാണ് പ്രശ്‌നങ്ങളില്ലാതെ പോകാന്‍ കെ എസ് ഇ ബിയെ സഹായിക്കുന്നത്.