അഴിമതിക്കാരെ കൊല്ലണമെന്ന്‌ അരിശത്താല്‍ പറഞ്ഞുപോയതെന്ന് കശ്മീര്‍ ഗവര്‍ണര്‍

Posted on: July 22, 2019 1:22 pm | Last updated: July 22, 2019 at 3:35 pm

ശ്രീനഗര്‍: നിങ്ങളെ അഴിമതിയിലൂടെയും മറ്റും കൊള്ളയടിക്കുന്നവരെ കൊല്ലണമെന്ന തന്റെ പ്രസ്താവനയുടെ സാഹചര്യം വ്യക്തമാക്കി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. നാട്ടില്‍ നടക്കുന്ന വ്യാപക അഴിമതിയിലുള്ള അരിശവും നിരാശയുമാണ് തന്നെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഗവര്‍ണറെന്ന നിലയില്‍ അത്തരമൊരു പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കവെ സത്യപാല്‍ മാലിക്ക് പറഞ്ഞു.
എങ്കിലും തന്റെ വ്യക്തിപരമായ വികാരം താന്‍ പറഞ്ഞതു തന്നെയാണ്. നിരവധി രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥന്മാരും അഴിമതിയില്‍ മുങ്ങിക്കിടക്കുകയാണെന്നത് വസ്തുതയാണ്.

ഇങ്ങനെയായിരുന്നു ഞായറാഴ്ച ഗവര്‍ണര്‍ നടത്തിയ വിവാദ പ്രസ്താവന: ‘ഇവര്‍ തങ്ങളുടെ സ്വന്തം ജനതയെ ഒരു കാരണവുമില്ലാതെ വെടിവച്ചു കൊല്ലുകയാണ്. സുരക്ഷാ മേധാവികളും പ്രത്യേക പോലീസ് ഉദ്യോഗസ്ഥരുമെല്ലാം ഇങ്ങനെ കൊല്ലപ്പെടുന്നു. എന്തിനാണ് നിങ്ങള്‍ ഇതു ചെയ്യുന്നത്. നിങ്ങളുടെ രാജ്യത്തെയും കശ്മീരിലെ സമ്പത്തും കൊള്ളയടിക്കുന്നവരെയാണ് കൊലപ്പെടുത്തേണ്ടത്. അതില്‍ ഒരാളെയെങ്കിലും നിങ്ങള്‍ ഇതേവരെ കൊന്നിട്ടുണ്ടോ.’
കാര്‍ഗില്‍-ലഡാക്ക് ടൂറിസം ആഘോഷം കാര്‍ഗിലിലെ ക്രീ സുല്‍ത്താന്‍ ചോ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) നേതാവ് സജ്ജാദ് മുഫ്തിയുടെ സുരക്ഷക്കായി നിയോഗിച്ചിരുന്ന ഫാറൂഖ് അഹമ്മദ് റേഷി എന്ന ഉദ്യോഗസ്ഥനെ വെള്ളിയാഴ്ച ഉച്ചക്ക് തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ കൊലപ്പെടുത്തിയിരുന്നു. അനന്ത്‌നാഗിലായിരുന്നു സംഭവം.

ഇത്തരം അക്രമങ്ങള്‍ കൊണ്ട് ഫലമൊന്നുമില്ലെന്നും തോക്കുകള്‍ കൊണ്ട് ഒന്നു നേടാനാകില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്ത്‌ തോക്കു കൊണ്ട് ഒരു സര്‍ക്കാറിനെയും തകര്‍ക്കാനായിട്ടില്ല. ലോകത്തെ തന്നെ ശക്തമായ തീവ്രവാദി ഗ്രൂപ്പായിരുന്ന ശ്രീലങ്കയിലെ എല്‍ ടി ടി നാമാവശേഷമായത് നമ്മള്‍ കണ്ടതാണ്. ചര്‍ച്ചയിലൂടെ മാത്രമെ അഭിപ്രായ ഭിന്നതകള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവൂ.