‘മൈ ലോഡ്’, ‘യുവര്‍ ലോഡ്ഷിപ്പ്’ സംബോധനകള്‍ വേണ്ടെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

Posted on: July 15, 2019 8:03 pm | Last updated: July 15, 2019 at 10:14 pm

ന്യൂഡല്‍ഹി: ജഡ്ജിമാരെ ‘മൈ ലോഡ്’, ‘യുവര്‍ ലോഡ്ഷിപ്പ്’ എന്നെല്ലാം അഭിസംബോധന ചെയ്യുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് അഭിഭാഷകരോട് രാജസ്ഥാന്‍ ഹൈക്കോടതി. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്ക് വിരുദ്ധമായ ഇത്തരം പതിവുകള്‍ നിര്‍ത്താന്‍ ജൂലൈ 14ന് ചേര്‍ന്ന ഫുള്‍ കോര്‍ട്ട് യോഗത്തില്‍ തീരുമാനിച്ചതായി കോടതി പുറപ്പെടുവിച്ച നോട്ടീസില്‍ വ്യക്തമാക്കി.

കോടതിയില്‍ ജഡ്ജിമാരെ ആദരപൂര്‍വവും അന്തസ്സുള്ള രീതിയിലും സംബോധന ചെയ്യേണ്ടത് ആവശ്യമാണെങ്കിലും മൈ ലോഡ്, യുവര്‍ ലോഡ്ഷിപ്പ് പോലുള്ള സംബോധനകള്‍ നിര്‍ബന്ധമല്ലെന്ന് 2014ല്‍ ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തുവിന്റെയും എസ് എ ബോബ്ദെയുടെയും ബഞ്ച് നിരീക്ഷിച്ചിരുന്നു. പൊതു താത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു ഈ നിരീക്ഷണം.

കൊളോണിയല്‍ കാലത്തെ അവശേഷിപ്പായ ഇത്തരം സംബോധനകള്‍ നിരോധിച്ചു കൊണ്ടുള്ള പ്രമേയം 2006ല്‍ ഇന്ത്യന്‍ ബാര്‍ കൗണ്‍സില്‍ പാസാക്കിയിരുന്നു.